നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ തുറന്നുപറച്ചിൽ ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി നടി അദിതി ശങ്കർ. അനുപമയുടെ അനുഭവം പങ്കുവെച്ചതിലൂടെ നിരവധി പേർക്ക് ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് തിരിച്ചറിയാനും സംസാരിക്കാനും സാധിച്ചുവെന്നാണ് അദിതി ശങ്കർ പറയുന്നത്. തന്റെ പുതിയ ചിത്രമായ ‘വൺസ് മോറിന്റെ’ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദിതിയുടെ പ്രതികരണം.
‘ഗ്രീൻ ഫ്ലാഗ്’, ‘റെഡ് ഫ്ലാഗ്’ തുടങ്ങിയ വിശേഷണങ്ങളിലൂടെ ആളുകളെ ഇങ്ങനെ വേർതിരിക്കുന്നത് എളുപ്പത്തിൽ കഴിയുന്ന കാര്യമാണോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു അദിതിയുടെ മറുപടി. ആളുകളെ തരം തിരിക്കുന്നതിന് പകരം ചില സ്വഭാവങ്ങളെയും സവിശേഷതകളെയും കുറിച്ച് അവേർനെസ്സ് സൃഷ്ടിക്കുകയാണ് ഇത്തരം ചർച്ചകളുടെ ലക്ഷ്യമെന്നാണ് അദിതി അഭിപ്രായപ്പെട്ടത്.
അടുത്തിടെ മറ്റൊരു നടി നൽകിയ അഭിമുഖം കണ്ടിരുന്നുവെന്നും, അതിൽ തനിക്ക് ഏറെ പ്രധാനപ്പെട്ടതായി തോന്നിയത് അവർ സൃഷ്ടിച്ച അവബോധമാണെന്നും അദിതി പറഞ്ഞു. നിരവധി സ്ത്രീകളും പുരുഷന്മാരും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും തങ്ങൾ നേരിടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പോലും തിരിച്ചറിയാത്തവരുണ്ടാകാം. അതുകൊണ്ടുതന്നെ സ്വന്തം അനുഭവം ഇത്ര ആത്മാർത്ഥമായും വ്യക്തമായും തുറന്നുപറഞ്ഞതിന് അവർക്ക് അഭിനന്ദനമെന്നും അദിതി വ്യക്തമാക്കി.
‘അത് ആരെയും താഴ്ത്തിക്കെട്ടാനുള്ള ഉദ്ദേശത്തോടെയാണെന്ന് അവർ പറഞ്ഞത് എന്ന് ഞാൻ കരുതുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അതിൽ നിന്ന് എടുക്കേണ്ടത് അവർ പറഞ്ഞ കാര്യങ്ങളാണ്. അത് പൊതുസമൂഹത്തിൽ അവേർനെസ്സ് സൃഷ്ടിച്ചു എന്നതാണ്. അത് വളരെ മികച്ച കാര്യമായാണ് തോന്നുന്നത്,’ അദിതി പറഞ്ഞു.
അനുപമ പരമേശ്വരൻ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലാണ് അദിതി പരാമർശിച്ചത്. നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടതിനെക്കുറിച്ചും അതിന്റെ ഭാഗമായി അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും അനുപമ തുറന്നുപറഞ്ഞിരുന്നു. വ്യക്തിപരമായ അനുഭവം പങ്കുവെക്കുന്നതിലൂടെ ഇത്തരം ബന്ധങ്ങളിലെ പ്രശ്നങ്ങൾ തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിക്കുകയെന്നതായിരുന്നു ആ തുറന്നുപറച്ചിലിലൂടെ ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
അനുപമ പരമേശ്വരൻ.Photo: Screengrab/ Youtube
അർജുൻ ദാസിനൊപ്പം അദിതി ശങ്കർ നായികയാകുന്ന ‘വൺസ് മോർ’ ആണ് താരത്തിന്റെ പുതിയ ചിത്രം. നവാഗതനായ വിഗ്നേഷ് ശ്രീകാന്ത് സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമയ്ക്ക് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. ചിത്രം ഓഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തും.
Content Highlight: Aditi Shankar speaks in support of Anupama Parameswaran