മലയാള സിനിമയിലെ ശ്രദ്ധേയരായ രണ്ട് നടിമാരാണ് ഉർവശിയും പാർവതി തിരുവോത്തും. ഉർവശി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആശ എന്ന മൂവിയും പാർവതി പ്രധാന വേഷത്തിലെത്തിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രവും മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്.

ഇരുവരും ഒരുമിച്ച് അഭിനയിച്ച ഉള്ളൊഴുക്ക് സിനിമയുടെ കാലത്ത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി ഇരുവരും തമ്മിൽ മത്സരം ഉണ്ടായിരുന്നു. ഇത്തവണയും അത്തരമൊരു ‘ഹെൽത്തി കോമ്പറ്റീഷൻ’ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ പാർവതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് നടി ഉർവശി. ആശ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞതിന് ശേഷമുള്ള പ്രസ് മീറ്റിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഉർവശി. Photo. Screen Grab/ Youtube

പാർവതി വളരെ നല്ല ആർട്ടിസ്റ്റാണെന്നും അഭിനയത്തിന് കൃത്യമായ ഹോംവർക്ക് ചെയ്തിട്ടാണ് എത്തുന്നതെന്നും ഉർവശി പറഞ്ഞു. ‘അവൾ നല്ല ആർട്ടിസ്റ്റാണ്. ഒരുപാട് ഹോംവർക്ക് ഒക്കെ ചെയ്തിട്ടാണ് വന്ന് അഭിനയിക്കുന്നത്. എന്റെ ഒരു അനിയത്തിയെ പോലെയാണ് ഞാൻ കണക്കാക്കിയിരിക്കുന്നത്,’ ഉർവശി പറഞ്ഞു.

പാർവതിയുടെ പുതിയ സിനിമയുടെ റിലീസിനിടയിലും ഇരുവരും തമ്മിലുള്ള സൗഹൃദം തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ എയർപോർട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ആദ്യം വിളിച്ചത് പാർവതിയായിരുന്നെന്നും ഉർവശി പറഞ്ഞു. തന്റെ വസ്ത്രത്തെക്കുറിച്ചും പാർവതി മെസേജ് ചെയ്തിരുന്നുവെന്നും താരം പങ്കുവെച്ചു.

‘നാളെ എന്റെ പടവും വരുന്നുണ്ട്. രണ്ട് വർഷത്തിന് മുമ്പ് ഇതുപോലെ നമ്മൾ ഒരുമിച്ച് ഒരു പടമായിരുന്നു. ഇപ്പോൾ നമ്മൾ രണ്ടുപേരും രണ്ട് തിയേറ്ററിൽ നിൽക്കുന്നു എന്നാണ് അവൾ പറഞ്ഞത്,’ ഉർവശി പറഞ്ഞു.

താൻ അഭിനയിക്കാതിരുന്ന സമയത്തുപോലും നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഉണ്ടായെന്നും മഞ്ജുവാര്യർ, പാർവതി തുടങ്ങിയ മികച്ച നടിമാർ സിനിമയിലേക്ക് വന്നെന്നും ഉർവശി ചൂണ്ടിക്കാട്ടി. സിനിമയിൽ കഴിവുള്ളവർ കാലാകാലങ്ങളിൽ വന്നുകൊണ്ടേയിരിക്കണമെന്നും എല്ലാവരുടെയും സിനിമകൾ വിജയിക്കട്ടെയെന്നും താരം കൂട്ടിചേർത്തു.

പാർവതി. Photo: Screen Grab/ Youtube.

‘ഞാൻ അഭിനയിക്കാതിരുന്ന സമയത്തും നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഉണ്ടായിട്ടുണ്ട്. എത്ര നല്ല നടിമാർ വന്നു. മഞ്ജു വാര്യർ വന്നു പാർവതി വന്നു. അതുകൊണ്ട് സിനിമയെ നമുക്ക് വേണ്ട എന്ന് ചിന്തിക്കരുത്. സിനിമയെ നമുക്കാണ് വേണ്ടത്. അപ്പോ അവൾക്ക് അവാർഡ് കിട്ടിയാലും എനിക്ക് കിട്ടിയതുപോലെ സന്തോഷം. അവളുടെ പടവും ഓടട്ടെ, അവൾക്ക് അവാർഡ് കിട്ടട്ടെ. സന്തോഷമേ ഉള്ളൂ,’ എന്നും ഉർവശി പറഞ്ഞു.

Content Highlight: Actress urvashi talks about parvathy thiruvothu