സംഘപരിവാറില്‍ നിന്നും വലിയ ഭീഷണി നേരിടുന്ന പത്താന്‍ ചിത്രത്തിന് പിന്തുണയുമായി നടി ഉര്‍ഫി ജാവേദ്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഉര്‍ഫി പിന്തുണ അറിയിച്ചത്. ബേഷരംഗ് രംഗ് എന്ന ഗാനത്തിന്റെ അകമ്പടിയോടെ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് ക്യാറ്റ് വാക്ക് ചെയ്യുന്ന ഉര്‍ഫിയെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോക്കൊപ്പം പത്താന്‍, ബേഷരംഗ് രംഗ് എന്നും കുറിച്ചിട്ടുണ്ട്.
അതേസമയം വീഡിയോയുടെ കമന്റ് ബോക്‌സില്‍ വിദ്വേഷ കമന്റുകളുമായി സംഘപരിവാര്‍ പ്രൊഫൈലുകളുമെത്തി. ഭഗവാന്റെ നിറത്തെ അപമാനിക്കുന്നോ എന്ന് ചോദിച്ചായിരുന്നു വിദ്വേഷ കമന്റുകള്‍ വന്നത്. അതേസമയം ഉര്‍ഫിയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ചുള്ള കമന്റുകളുമുണ്ട്. സംഘപരിവാര്‍ ഇനി ഉര്‍ഫിയെ നിരോധിക്കുമോ എന്നും ഒരു കൂട്ടര്‍ ചോദിക്കുന്നു.
ഉര്‍ഫി ജാവേദിനെതിരെ മുമ്പും സംഘപരിവാര്‍ രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര മഹിള മോര്‍ച്ച നേതാവ് ചിത്ര കിഷോര്‍ വാഗ് ആണ് ഉര്‍ഫിക്കെതിരെ പരാതി നല്‍കിയത്. മുംബൈയിലെ തെരുവിലൂടെ ഉര്‍ഫി ശരീരം പ്രദര്‍ശിപ്പിച്ചു നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇവരുടെ ശരീര പ്രദര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമെന്നും ചിത്ര കിഷോര്‍ പരാതിയില്‍ ആരോപിച്ചു.
അഭിഭാഷകനായ അലി കാഷിഫ്ഖാന്‍ ദേശ്മുഖും ഉര്‍ഫിക്കെതിരെ പരാതി നല്‍കിയിരുന്നു. നഗ്നത പ്രദര്‍ശനത്തിന് രണ്‍വീര്‍ സിങ്ങിനെതിരെ കേസെടുക്കാമെങ്കില്‍ ഉര്‍ഫിക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും അലി കാഷിഫ് ഖാന്‍ പറഞ്ഞു.
