മലയാളികള്‍ ഇന്നും ഏറെ ഇഷ്ടമുള്ള നായികയാണ് സംയുക്തവര്‍മ. ഇരുപതില്‍ താഴെ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും ഇന്നും അവരെ ഓര്‍ത്തിക്കുന്നത് അന്ന് അവര്‍ ചെയ്തുവെച്ച മികച്ച കഥാപാത്രങ്ങളിലൂടെയാണ്. വീണ്ടും ചില വീട്ടുകാര്യങ്ങളും മഴയും മധുരനൊമ്പരക്കാറ്റുമുള്‍പ്പെടെ ഒരുപിടി മികച്ച സിനിമകള്‍ ചെയ്താണ് സംയുക്ത കരിയറില്‍ ബ്രേക്ക് എടുത്തത്.

സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു ആര്‍ട്ടിസ്റ്റ് ആയിരുന്നെന്ന് സംയുക്ത പറയുന്നു. ഒരു കാര്യത്തിനും താന്‍ പരാതി പറഞ്ഞിരുന്നില്ലെന്നും ധന്യ വര്‍മയുമൊത്തുള്ള അഭിമുഖത്തില്‍ താരം പറഞ്ഞു.

സംയുക്ത വര്‍മ
Photo: I AM with Dhanya Varma/Screengrab

‘മഴ’ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും താരം സംസാരിച്ചു. രാത്രി കാലങ്ങളിലായിരുന്നു ഷൂട്ട് എന്നതിനാല്‍ ദിവസങ്ങളോളം ഉറക്കമില്ലാതെ ജോലി ചെയ്യേണ്ടി വന്നെന്ന് സംയുക്ത പറഞ്ഞു.

‘ഞാന്‍ ശരിക്കും വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു ആര്‍ട്ടിസ്റ്റ് ആയിരുന്നു. കാരണം ഒരു കാര്യത്തിനും ഞാന്‍ കംപ്ലൈന്റ് പറഞ്ഞിട്ടില്ല.

എനിക്ക് അത്രയും അണ്‍കംഫര്‍ട്ടബിള്‍ ആകുമ്പോള്‍ മാത്രേ ഞാന്‍ അങ്ങനെ പറയാറുള്ളൂ. മഴ എന്ന സിനിമയിലാണ് കുറച്ച് ബുദ്ധിമുട്ടുകള്‍ ഞാന്‍ അനുഭവിച്ചുന്നത്. അപ്പോള്‍ ആ സമയത്താണ് ഞാന്‍ കുറച്ചെങ്കിലും ഇങ്ങനെ ഈ മഴ നനയാന്‍ പറ്റില്ല പോലുള്ള കാര്യങ്ങള്‍ പറഞ്ഞത്.

മഴ Photo: Facebook

ആ സിനിമയില്‍ എന്റേത് ഒരു മുഴുനീള കഥാപാത്രമായിരുന്നല്ലോ. അതുകൊണ്ട് ഡേ ആന്‍ഡ് നൈറ്റ് വര്‍ക്ക് ആയിരുന്നു. ലെനിന്‍ സാര്‍ എപ്പോഴും ലേറ്റ് നൈറ്റ് ധാരാളം ഷൂട്ട് ചെയ്യുന്ന ഒരാളാണ്.

അപ്പോള്‍ ഒരു പത്ത് ദിവസത്തോളമായി എനിക്ക് ഉറക്കമേ ഇല്ല. ഫുള്‍ നൈറ്റ് ഷൂട്ട്. രാവിലെ ഒരു ആറുമണി ഏഴുമണി ആകുമ്പോള്‍ നമ്മള്‍ റൂമിലേക്ക് വരും എന്നിട്ട് കുളിച്ചു ഫ്രഷ് ആയി വേണമെങ്കില്‍ ഒരു 10 മിനിറ്റ് കിടക്കാം.

വീണ്ടും ഒരു എട്ട് മണി ആകുമ്പോഴേക്കും നമ്മള്‍ ലൊക്കേഷനില്‍ എത്തണം. വൈകുന്നേരം ആറ് മണി വരെ വീണ്ടും ഷൂട്ട്. തിരിച്ച് റൂമില്‍ വന്ന് ഒന്ന് കുളിച്ച് വീണ്ടും സെറ്റിലേക്ക്.

ഇങ്ങനെ ഒരു പത്ത് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ഉറക്കമില്ലാണ്ടായി. ഞാന്‍ ശര്‍ദ്ദിക്കാന്‍ തുടങ്ങി. അങ്ങനെ ഡോക്ടര്‍ വന്നു. എനിക്ക് ഉറങ്ങാനേ പറ്റുണ്ടായിരുന്നില്ല. അങ്ങനെ എനിക്ക് ഉറങ്ങാനുള്ള ഒരു ഇന്‍ചക്ഷന്‍ തന്നിട്ടാണ് പിന്നീട് ഉറങ്ങിയത്.

അങ്ങനത്തെ എക്‌സ്ട്രീം സിറ്റുവേഷനിലൂടെ ആ സമയത്ത് കടന്നുപോയിട്ടുണ്ട്. അതിലൊന്നും എനിക്കൊരു കംപ്ലൈന്റ് ഇല്ല. ആ സമയത്ത് ചെറുപ്പമായതുകൊണ്ട് നമ്മള്‍ ആ ബുദ്ധിമുട്ടൊന്നും അത്ര അറിഞ്ഞില്ല. പക്ഷേ ഒരു മൂന്ന് നാല് കാല്ലമായപ്പോഴേക്കും മതിയായി,’ സംയുക്ത പറഞ്ഞു.

Content Highlight: Actress Samyuktha Varma About Mazha Movie Hectic Shoot