ശക്തമായ നിലപാട് കൊണ്ടും, അഭിനയ മികവ് കൊണ്ടും സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്. 2006 ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. എന്നാൽ 2015 ൽ പൃഥ്വിരാജ് നായകനായെത്തിയ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല എന്ന കഥാപാത്രത്തിലൂടെയാണ് പാർവതി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. പൃഥ്വിരാജ് നായകനായി ഈ വർഷം പുറത്തിറങ്ങിയ ഐ നോബഡിയ്ക്ക് പിന്നാലെ അടുത്തിടെ തിയേറ്ററുകളിലെത്തിയ പാർവതിയുടെ ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ.
ഇപ്പോഴിതാ ജീവിതത്തിൽ നോ പറയാൻ പഠിച്ചതിനെക്കുറിച്ചും അതിന് താൻ നൽകേണ്ടിവന്ന വിലയെക്കുറിച്ചും തുറന്നുപറഞ്ഞ് നടി പാർവതി തിരുവോത്ത്. സിനിമയിലെത്തിയ ആദ്യകാലത്ത് പല കാര്യങ്ങളിലും എതിർപ്പ് പ്രകടിപ്പിക്കാൻ പേടിയും മടിയുമുണ്ടായിരുന്നെങ്കിലും, സ്വയം സ്നേഹിക്കാനും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനും പഠിച്ചതാണ് മുന്നോട്ടുപോകാൻ സഹായിച്ചതെന്ന് പാർവതി പറയുന്നു. നോ പറഞ്ഞാൽ നഷ്ടപ്പെടാവുന്ന കാര്യങ്ങൾ നഷ്ടപ്പെട്ടോട്ടെയെന്ന് സ്വയം തീരുമാനിച്ചപ്പോഴാണ് തനിക്ക് അതിന് ധൈര്യം ലഭിച്ചതെന്നും താരം വ്യക്തമാക്കി.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube
‘ഞാൻ സിനിമയിൽ വന്നത് 18, 19 വയസ്സിലൊക്കെയാണ്. അന്ന് പലരും പല കാര്യങ്ങളും പറയും. പെൺകുട്ടികൾക്ക് സിനിമയിൽ ഇങ്ങനെയൊക്കെയേ പറ്റൂ, ഇങ്ങനെ നടക്കണം എന്നൊക്കെ. അപ്പോൾ നമുക്ക് രണ്ട് ചോയ്സേയുള്ളൂ. ഒന്നുകിൽ അവിടെ നിന്നുകൊണ്ടുതന്നെ മാറ്റം കൊണ്ടുവരാം, അല്ലെങ്കിൽ എല്ലാം ഒഴിവാക്കി പോകാം. എന്റെ കാൽ എപ്പോഴും പുറത്തേക്കായിരുന്നു. ഇപ്പോൾ ഓക്കെയല്ല എന്നുണ്ടെങ്കിൽ ഞാൻ അപ്പോൾ പോകും. അങ്ങനെയായിരുന്നു ഞാൻ,’ പാർവതി പറഞ്ഞു.
നോ പറയുന്നത് തുടക്കത്തിൽ അത്ര എളുപ്പമായിരുന്നില്ലെന്നും പാർവതി പറഞ്ഞു. എന്നാൽ, സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ പേരിൽ എന്ത് നഷ്ടമുണ്ടായാലും നേരിടാമെന്ന മനോഭാവം വളർത്തിയെടുത്തെന്നും ഇന്ന് തനിക്ക് നോ പറയാനും അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാനും കഴിയുന്ന സാഹചര്യമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘നോ പറയുന്നത് എനിക്ക് തുടക്കത്തിൽ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷേ, നോ പറഞ്ഞിട്ട് നഷ്ടപ്പെടാനുള്ളതൊക്കെ നഷ്ടപ്പെട്ടോട്ടെ എന്ന് ഞാൻ എന്നോട് തന്നെ ഒരു തീരുമാനം എടുത്തു. അതുകൊണ്ടാണ് എനിക്ക് മുന്നോട്ടുപോകാൻ കഴിഞ്ഞത്. ഇപ്പോൾ നോ പറഞ്ഞാൽ ആളുകൾ കേൾക്കുന്നുണ്ട്, റെസ്‌പെക്ട് ചെയ്യുന്നുണ്ട്. അതൊരു പ്രിവിലേജ് കൂടിയാണ്. എന്റെ തുടക്കകാലത്ത് പേടിച്ചിട്ടാണെങ്കിലും വിറച്ചിട്ടാണെങ്കിലും നോ പറയണം. കാരണം ആദ്യത്തെ ഉത്തരവാദിത്തം നമ്മളോടുതന്നെയാണ്,’ നടി പറഞ്ഞു.
സ്വയം സ്നേഹിക്കേണ്ടതിന്റെ പ്രാധാന്യം ചെറുപ്പംമുതൽ അച്ഛനും അമ്മയും പഠിപ്പിച്ച കാര്യങ്ങളാണെന്നും പാർവതി കൂട്ടിച്ചേർത്തു. സ്വന്തം ഇഷ്ടങ്ങൾക്കും അതിരുകൾക്കും പ്രാധാന്യം നൽകുമ്പോൾ മാത്രമേ മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിയൂ എന്നും താരം വ്യക്തമാക്കി.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube
‘ആദ്യം വേണ്ടത് സ്വയം സ്നേഹിക്കുകയാണ്. നമ്മൾ നമ്മളെ സ്നേഹിച്ചാൽ മാത്രമേ മറ്റൊരാളെ സ്നേഹിക്കാൻ കഴിയൂ. അത് എന്നെ അച്ഛനും അമ്മയും ആഴത്തിൽ പഠിപ്പിച്ച കാര്യമാണ്. അതുകൊണ്ട് ഞാൻ നോ പറയുമ്പോൾ അതിന്റെ പേരിൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ച് പേടിക്കാറില്ല,’ പാർവതി തിരുവോത്ത് പറഞ്ഞു.
Content Highlight: Actress Parvathy Thiruvothu opens up about learning to say ‘no’ in life and the price she had to pay for it.
