വേണു ഡയറക്ട് ചെയ്ത മമ്മൂട്ടി ചിത്രമായ മുന്നറിയിപ്പില്‍ അപര്‍ണ ചെയ്ത കഥാപാത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് തന്നെയായിരുന്നുവെന്ന് നടി മിയ. ഇപ്പോഴും അതില്‍ തനിക്ക് നഷ്ടബോധമുണ്ടെന്നും മറ്റൊരു സിനിമക്ക് വേണ്ടി കമ്മിറ്റ് ചെയ്ത് പോയതുകൊണ്ടാണ് അതില്‍ അഭിനയിക്കാന്‍ സാധിക്കാതിരുന്നതെന്നും മിയ പറഞ്ഞു.

മുന്നറിയിപ്പിന്റെ കഥയൊന്നും താന്‍ കേട്ടിട്ടില്ലെന്നും എന്നാല്‍ സിനിമ കണ്ടതിന് ശേഷം മാത്രമല്ല ഇപ്പോഴും അതോര്‍ക്കുമ്പോള്‍ തനിക്ക് വിഷമമുണ്ടെന്നും മിയ പറഞ്ഞു. റെഡ്. എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് നഷ്ടബോധം തോന്നുന്ന ഒരു സിനിമയുണ്ട്. മമ്മൂക്കയുടെ മുന്നറിയിപ്പ് എന്ന സിനിമയാണത്. അതില്‍ അപര്‍ണ ചെയ്ത ക്യാരക്ടര്‍ ചെയ്യാനായി ആദ്യം സമീപിച്ചത് എന്റെ അടുത്തായിരുന്നു. വേറെ എവിടെയും ഞാന്‍ ഈ കാര്യം പറഞ്ഞിട്ടില്ല.

എനിക്ക് ഈ സിനിമയുടെ കോള്‍ വരുന്നതിന്റെ തലേ ദിവസം നിര്‍ഭാഗ്യവശാല്‍ വേറെയൊരു സിനിമക്ക് വേണ്ടി ഞാന്‍ കമ്മിറ്റ് ചെയ്തു. ആ സിനിമയുടെ എഗ്രിമെന്റും ഞാന്‍ സൈന്‍ ചെയ്ത് പോയിരുന്നു. അത് ഭയങ്കരമായിട്ട് ക്ലാഷാവും. ഒരു തരത്തിലും മാനേജ് ചെയ്യാന്‍ കഴിയില്ല.

 

രണ്ട് സിനിമക്കും അത്യാവശ്യം കുറേ ഡേറ്റ് വണ്ടിയിരുന്നു. മുന്നറിയിപ്പിന്റെ കഥയൊന്നും ഞാന്‍ കേട്ടിട്ടില്ല. വേണു സാര്‍ ആണ് ഡയറക്ട് ചെയ്യുന്നത്. മമ്മൂക്കയുടെ പടമാണെന്ന് മാത്രമാണ് അറിയുന്നത്. സങ്കടത്തോടെയാണ് ഞാന്‍ അവരോട് നോ പറഞ്ഞത്. അത് കഴിഞ്ഞ് ആ സിനിമ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര നഷ്ടബോധം തോന്നി. ഇപ്പോഴും ആ വിഷമം ഉള്ളിലുണ്ട്,”മിയ പറഞ്ഞു.

പ്രണയവിലാസമാണ് മിയയുടെ ഏറ്റവും പുതിയ ചിത്രം. അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. നിഖില്‍ മുരളിയാണ് ചിത്രം സംവിധാനം ചെയ്തത്.

content highlight: actress miya about munnariyipp