‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയില്‍ നിവിന്‍ പോളിക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് നടി മഞ്ജുശ്രീ. നിവിന്‍ പോളിയുടെ വലിയ ആരാധികയായ തനിക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് വലിയ സന്തോഷമായിരുന്നെന്നും സെറ്റിലെ നിവിന്റെ ഇടപെടലും അഭിനയരീതിയുമെല്ലാം ഏറെ കൗതുകത്തോടെയാണ് കണ്ടതെന്നും മഞ്ജുശ്രീ പറയുന്നു.

നിവിനൊപ്പമുള്ള സീനുകളില്‍ പ്രത്യേകിച്ച് ഹ്യൂമര്‍ ഇല്ലായിരുന്നെങ്കിലും ഷൂട്ടിനിടെയുണ്ടായ ചില സംഭവങ്ങള്‍ ചിരിയിലേക്ക് വഴിമാറിയിരുന്നുവെന്നും മഞ്ജുശ്രീ പറഞ്ഞു. വെളുപ്പിന് ചിത്രീകരിച്ച ഒരു ഇമോഷണല്‍ സീനിനിടെ നിവിന്‍ ചിരിച്ചുപോയതിനെക്കുറിച്ചും താരം ഓര്‍ത്തെടുത്തു.

‘നിവിന്റെ ഏറ്റവും വലിയ ഫാനാണ് ഞാന്‍. പുള്ളിയുടെ ‘തട്ടത്തിന്‍ മറയത്ത്’ എത്ര വട്ടം ഞാന്‍ കണ്ടിട്ടുണ്ടെന്ന് അറിയില്ല. പിള്ളേരുടെ ലാപ്ടോപ്പിലൊക്കെ ആ സിനിമ കിടക്കുന്നുണ്ടല്ലോ. നിവിനുമായി കോമ്പിനേഷന്‍ വരുന്നത് വലിയ സന്തോഷമായിരുന്നു. ഇവര്‍ എങ്ങനെയായിരിക്കും അഭിനയിക്കുന്നത്, സെറ്റില്‍ എങ്ങനെയായിരിക്കും എന്നൊക്കെ അറിയാന്‍ വലിയ ആകാംക്ഷയായിരുന്നു,’ മഞ്ജുശ്രീ പറഞ്ഞു.

സെറ്റില്‍ നിവിന്‍ വളരെ കൂളാണെന്നും എന്നാല്‍ പെട്ടെന്ന് ചിരിച്ചുപോകുന്ന സ്വഭാവമുണ്ടെന്നും മഞ്ജുശ്രീ പറയുന്നു. ചിത്രത്തിലെ അവസാന ഭാഗങ്ങളിലെ സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അത്തരത്തിലൊരു രസകരമായ സംഭവം ഉണ്ടായതെന്നും താരം പറഞ്ഞു.

‘സെറ്റിലൊക്കെ വളരെ കൂളാണ് നിവിന്‍. പക്ഷേ പെട്ടെന്ന് ചിരിച്ചുകളയും. അതേയുള്ളൂ. ഞങ്ങളുടെ സീനുകളിലൊന്നും ഹ്യൂമര്‍ ഉണ്ടായിരുന്നില്ല. അവസാന സീനുകളില്‍ എന്റെ കൂടെ വിനയ് ഉണ്ടല്ലോ. വിനയും നിവിനും തമ്മില്‍ എന്തൊക്കെയോ തമാശ പറഞ്ഞിട്ടാണ് വരുന്നത്. അതിന്റെ ബാക്കിയാണ് ഈ ചിരി.

രാവിലെ നാല് മണിക്കോ മറ്റോ ആണ് ഞങ്ങളുടെ ആ ഷോട്ട് എടുക്കുന്നത്. ഞാന്‍ പോയിട്ട് ആഷ്‌ലിയെ പിടിച്ചുകൊണ്ടുപോകുന്ന സീന്‍. ഭയങ്കര ഇമോഷണല്‍ ആയിട്ടുള്ള ഒരു സീനാണത്. നിവിന് എങ്ങനെയാണത് ചെയ്യാന്‍ പറ്റുന്നതെന്ന് തോന്നും. ഞാനിങ്ങനെ ബലം പിടിച്ച് അങ്ങോട്ട് പോകുകയാണ്. നിവിന്‍ ആ പഴയ തമാശ ഓര്‍ത്തിട്ട് വരും. ഇതോടെ അവന് ചിരി വരും. നമ്മള്‍ എയറൊക്കെ പിടിച്ച് വരുമ്പോഴായിരിക്കും ആ പൊട്ടിയുള്ള ചിരി. അതും വെളുപ്പിനല്ലേ. ഇതോടെ നമ്മളും ചിരിക്കും,’ മഞ്ജുശ്രീ പറഞ്ഞു.

എന്നാല്‍ പിന്നീട് തിയേറ്ററില്‍ സിനിമ കണ്ടപ്പോള്‍ ആ രംഗം വളരെ ഗൗരവത്തോടെയും സ്വാഭാവികമായുമാണ് നിവിന്‍ ചെയ്തിരിക്കുന്നതെന്ന് തോന്നിയെന്നും മഞ്ജുശ്രീ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ വിചാരിക്കും, ആ സീനൊക്കെ ഞാന്‍ തിയേറ്ററില്‍ കാണുമ്പോള്‍ അവിടെ ഈ ചിരിയൊക്കെ ചിരിച്ചിട്ട് എന്ത് രസമായിട്ടാണ് ചെയ്തുവെച്ചേക്കുന്നത് എന്ന്. ഒരു ഇന്‍ബോണ്‍ ടാലന്റാണ്. ഒരു എഫേര്‍ട്ടുമില്ലാതെ പുള്ളി അഭിനയിക്കും,’ മഞ്ജുശ്രീ പറഞ്ഞു.

നിവിന്റെ സ്വാഭാവികമായ അഭിനയശൈലിയെ മോഹന്‍ലാലിന്റെ അഭിനയമികവിനോട് താരതമ്യം ചെയ്തുകൊണ്ടാണ് മഞ്ജുശ്രീ സംസാരിച്ചത്. മുഖത്ത് വളരെ ചെറിയ എക്സ്പ്രഷനുകളിലൂടെ പോലും കഥാപാത്രത്തിന്റെ വികാരം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ നിവിന് കഴിയുമെന്നും മഞ്ജു ശ്രീ പറയുന്നു.

‘ലാലേട്ടന്റെ കാര്യം പറഞ്ഞപോലെ തന്നെ നിവിന്‍ മാജിക് ഉണ്ട്. പുള്ളിയുടെ മുഖത്തൊക്കെ എന്തൊക്കെയോ എക്സ്പ്രഷന്‍ വരും. ക്യൂട്ട് എക്സ്പ്രഷന്‍സാണ്. നാണമൊക്കെ എങ്ങനെയാണ് അഭിനയിച്ച് കാണിക്കുക? ഇത് നാണമാണ് പുള്ളി കാണിക്കുന്നത് എന്ന് ഓഡിയന്‍സിന് തോന്നണ്ടേ. ആഷ്ലിയുമായുള്ള ആ സീനൊക്കെ ഞാനും സിനിമയിലാണ് കാണുന്നത്. അതൊക്കെ ഭയങ്കരമായ ടാലന്റ് തന്നെയാണ്. നിവിന്റെ മാത്രം സ്പെഷ്യലായിട്ടുള്ള കാര്യങ്ങളാണ്,’ മഞ്ജുശ്രീ പറഞ്ഞു.

പ്രായഭേദമന്യേ നിവിന്‍ പോളിയെ കാണാന്‍ പ്രേക്ഷകര്‍ എത്തുന്നതിന് പിന്നിലും ഈ സ്വാഭാവികമായ അഭിനയശൈലിക്ക് വലിയ പങ്കുണ്ടെന്നും മഞ്ജുശ്രീ പറഞ്ഞു.

Content Highlight: Actress Manju sree shares her acting experiance with Nivin Pauly