‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ബിജി എന്ന അമ്മ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടുകയാണ് നടി മഞ്ജുശ്രീ. മമിത ബൈജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായ ബിജി, മകളുടെ കാര്യത്തില്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുന്ന അമ്മയാണ്.

സിനിമ കണ്ടിറങ്ങിയ പലരും ബിജിയുടെ രീതികളെ വിമര്‍ശിച്ചപ്പോള്‍, കഥാപാത്രത്തിന്റെ നിലപാടുകളെ പിന്തുണച്ചും നിരവധി പേര്‍ തനിക്ക് മെസ്സേജ് അയച്ചിട്ടുണ്ടെന്ന് പറയുകയാണ് മഞ്ജുശ്രീ.

മക്കളെ അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുന്നതിനെക്കുറിച്ചും പ്രണയബന്ധങ്ങളില്‍ മാതാപിതാക്കളുടെ ഇടപെടലുകളെക്കുറിച്ചുമൊക്കെ ബിയോണ്ട് ദി മൈക്കിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജുശ്രീ സംസാരിക്കുന്നുണ്ട്.

മക്കള്‍ക്ക് ഇഷ്ടമുള്ളവരുടെ കൂടെ അങ്ങ് പോകാന്‍ പറ്റുമോ, അവരുടെ പ്രായവും മറ്റ് കാര്യങ്ങളും നോക്കേണ്ടേ എന്ന് ചോദിച്ച് നിരവധി പേരാണ് തനിക്ക് മെസ്സേജ് അയച്ചതെന്ന് മഞ്ജുശ്രീ പറയുന്നു.

‘പ്രണയം വീട്ടില്‍ അറിഞ്ഞുകഴിഞ്ഞാല്‍ സത്യം ഇടീക്കുന്നവരൊക്കെയുണ്ട്. എന്റെ അടുത്ത് കുറേ പേര്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ വേണ്ടേ അമ്മമാര്‍ എന്ന് പറഞ്ഞവരും ഉണ്ട്. അതിനെന്താ, ഇങ്ങനെ വേണം അമ്മമാര്‍. അല്ലാതെ മക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളവരുടെ കൂടെ അങ്ങ് പോകാന്‍ പറ്റുമോ? വയസ് കൂടുതലാണോ കുറവാണോ എന്നതൊക്കെ നോക്കണ്ടേ എന്ന് ചോദിച്ചവര്‍ ഇപ്പോഴും ഉണ്ട്. ചേച്ചി ചെയ്തത് ശരിയാണെന്ന് പറഞ്ഞ് മെസ്സേജ് അയച്ച നിരവധി പേരുമുണ്ട്,’ മഞ്ജുശ്രീ പറഞ്ഞു.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ബെത്‌ലഹേമിലെ ബിജിയെപ്പോലെയല്ല താനെന്നും മഞ്ജുശ്രീ വ്യക്തമാക്കി. മക്കളുടെ ഇഷ്ടങ്ങള്‍ അംഗീകരിക്കുകയും അവരില്‍ നിന്ന് പഠിക്കുകയും ചെയ്യുന്ന അമ്മയാണ് താനെന്നും നടി പറയുന്നു.

‘ഇപ്പോള്‍ പക്ഷേ പിള്ളേര്‍ അത് കേട്ട് നില്‍ക്കില്ല. എത്ര ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്താലും നില്‍ക്കില്ല. അത്രയ്ക്കൊന്നും വേണ്ട. ഓരോരുത്തരെയും അവരുടെ ചോയ്സിന് വിട്ടുകൊടുക്കുക എന്നാണ്. ബെത്‌ലഹേമിലെ അമ്മയെ പോലെയല്ല ഞാന്‍. കുട്ടികളുടെ ഇഷ്ടം അംഗീകരിക്കുന്ന അമ്മയാണ്. അവരില്‍ നിന്ന് കൂടുതല്‍ പഠിക്കുന്ന ആളാണ് ഞാന്‍. അവര്‍ എന്നെ കറക്ട് ചെയ്യാറുണ്ട്,’ മഞ്ജുശ്രീ പറഞ്ഞു.

അതേസമയം, ചില കാര്യങ്ങളില്‍ അമ്മ എന്ന നിലയില്‍ തന്റെ നിലപാട് പറയാറുണ്ടെങ്കിലും മക്കളില്‍ തീരുമാനം അടിച്ചേല്‍പ്പിക്കാറില്ലെന്നും താരം വ്യക്തമാക്കി. തന്റെ അഭിപ്രായം പറയുക എന്നതിലുപരി അവരെ അവരുടെ വഴിക്ക് വിടാനാണ് ശ്രമിക്കുന്നതെന്നും മഞ്ജുശ്രീ പറയുന്നു.

‘ചില കാര്യങ്ങളിലൊക്കെ നമ്മള്‍ അമ്മ ആയിട്ടുനില്‍ക്കും. കൂടുതല്‍ കാര്യങ്ങളിലും ഞാന്‍ അവരെ അവരുടെ വഴിക്ക് വിടും. ഞാന്‍ ഫോഴ്സ് ചെയ്യാറില്ല. എന്റെ തീരുമാനം പറയുക എന്നല്ലാതെ നിര്‍ബന്ധിക്കാറില്ല,’ മഞ്ജുശ്രീ പറഞ്ഞു.

തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ഇത്തരമൊരു സമീപനത്തിലേക്ക് തന്നെ എത്തിച്ചതെന്നും മഞ്ജുശ്രീ പറയുന്നു. അച്ഛന്‍ വളരെ കര്‍ക്കശക്കാരനായിരുന്നെന്നും പട്ടാളച്ചിട്ട പോലെയായിരുന്നു വീട്ടിലെ സാഹചര്യമെന്നും താരം ഓര്‍ത്തെടുത്തു.

‘എന്റെ അച്ഛന്‍ ഭയങ്കര സ്ട്രിക്ട് ആയിരുന്നു. അമ്മയ്ക്ക് സ്ട്രിക്ട് ആവാനുള്ള അവസരം അച്ഛന്‍ കൊടുത്തില്ല എന്ന് പറയാം. പട്ടാളച്ചിട്ട എന്നൊക്കെ പറയില്ലേ. എല്ലാ കാര്യങ്ങളിലും പേടിച്ചാണ് വളര്‍ന്നത്. ഒരിക്കലും എന്റെ കുട്ടികള്‍ക്ക് അങ്ങനെ ഉണ്ടാവരുത് എന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു,’ മഞ്ജുശ്രീ പറഞ്ഞു.

Content Highlight: Actress Manju Sree on her character arc in BKU and the messages she received