സെലക്ട് ആകില്ലെന്ന് കരുതിയാണ് ഫോട്ടോ അയച്ചത്: സിനിമയിലെത്തിയ കഥ പറഞ്ഞ് ലിജോമോൾ
Malayalam Cinema
സെലക്ട് ആകില്ലെന്ന് കരുതിയാണ് ഫോട്ടോ അയച്ചത്: സിനിമയിലെത്തിയ കഥ പറഞ്ഞ് ലിജോമോൾ
അജ്മല്‍ കെ
Saturday, 1st August 2026, 3:21 pm

കട്ടപ്പനയിലെ ഋത്വിക് റോഷൻ, ജയ് ഭീം, പൊന്മാൻ, ദാവീദ്, സംശയം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ലിജോമോൾ. എന്നാൽ സിനിമയിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പ് യാദൃച്ഛികമായിരുന്നുവെന്നാണ് താരം പറയുന്നത്.

‘മഹേഷിന്റെ പ്രതികാരം’ സിനിമയുടെ ഓഡിഷനായി തമാശയ്ക്ക് ഫോട്ടോ അയച്ചതാണെന്നും, നടിയാകുമെന്ന് താനോ വീട്ടുകാരോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ലിജോമോൾ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘ഉന്മാദ’ത്തിന്റെ പ്രമോഷന്റെ ഭാഗമായി ബൈജു എൻ. നായർ എന്ന യൂട്യൂബിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

സിനിമയിലെത്തുമെന്നോ നടിയാകുമോ എന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൂട്ടുകാരും വീട്ടുകാരും പറയാറുണ്ടായിരുന്നു. എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് ഞാൻ ‘മഹേഷിന്റെ പ്രതികാരം’ സിനിമയുടെ ഓഡിഷനായി ഫോട്ടോ അയച്ചത്. എനിക്ക് അഭിനയത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഒരുപാട് പേരുടെ ഫോട്ടോകൾ വരുമല്ലോ, അതിൽ നിന്നൊന്നും സെലക്ട് ആകില്ലെന്നായിരുന്നു എന്റെ ധാരണ. അതുകൊണ്ടാണ് ഫോട്ടോ അയച്ചതെന്നും ലിജോമോൾ പറഞ്ഞു.

ലിജോമോൾ.Photo: Screengrab/ Mazhavil manorama/ Youtube.com

ഓഡിഷന് വിളിച്ചത് നടിയായ ഉണ്ണിമായ ചേച്ചിയായിരുന്നു. ഞാൻ തമാശയ്ക്ക് ഫോട്ടോ അയച്ചതാണെന്നും വരില്ലെന്നും പറഞ്ഞപ്പോൾ, വെറുതെയെങ്കിലും വന്ന് ഓഡിഷൻ അറ്റൻഡ് ചെയ്യാൻ ചേച്ചി പറഞ്ഞു. വീട്ടിൽ കാര്യം പറഞ്ഞപ്പോൾ ആദ്യം വഴക്കാണ് കേട്ടത്. ഞാൻ അഭിനയിക്കില്ലെന്ന് അമ്മയ്ക്ക് ഉറച്ച വിശ്വാസമായിരുന്നുവെന്നും താരം പറഞ്ഞു.

‘അങ്ങനെ ഓഡിഷന് എത്തി. അവിടെ എല്ലാവരോടും കുറച്ച് നേരം സംസാരിച്ചു. അപ്പോഴാണ് ദിലീഷേട്ടൻ, നമുക്ക് ഒരു സീൻ ചെയ്ത് നോക്കിയാലോ എന്ന് ചോദിച്ചത്. അത് കേട്ട ഉടനെ ഞാൻ എഴുന്നേറ്റ്, എനിക്ക് വീട്ടിൽ പോകണം എന്നാണ് പറഞ്ഞത്. അതായിരുന്നു എന്റെ ആദ്യ പ്രതികരണം. പിന്നീട് കുറച്ചുനേരം കൂടി സംസാരിച്ച് എന്നെ കംഫർട്ടബിളാക്കിയ ശേഷമാണ് ഓഡിഷൻ ചെയ്തത്. ഡയലോഗുകളൊന്നും ഉണ്ടായിരുന്നില്ല. ഒരു സാഹചര്യം പറഞ്ഞുതന്ന് അത് അഭിനയിച്ച് കാണിക്കാനായിരുന്നു ആവശ്യപ്പെട്ടത്. അന്ന് എന്തൊക്കെയോ ചെയ്തു. പക്ഷേ, എന്താണ് ചെയ്തതെന്ന് ഇന്നും എനിക്ക് ഓർമയില്ല,’എന്നും ലിജോമോൾ പറഞ്ഞു.

ഓഡിഷൻ കഴിഞ്ഞ് ഞാൻ പോണ്ടിച്ചേരിയിലേക്ക് മടങ്ങി. അന്ന് അവിടെയായിരുന്നു ഞാൻ പി.ജി പഠിച്ചിരുന്നത്. ഒരു ദിവസം ക്ലാസിൽ ഇരിക്കുമ്പോഴാണ് ഉണ്ണിമായ ചേച്ചിയുടെ ഫോൺ വന്നത്. ഇവിടെ എല്ലാവർക്കും ലിജോയുടെ പെർഫോമൻസ് ഇഷ്ടപ്പെട്ടുവെന്നും ഇനി ഒരു മാസത്തേക്ക് ബ്യൂട്ടി പാർലറിലേക്ക് പോകരുത്, ത്രെഡ് ചെയ്യരുത് എന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ സിനിമയിലേക്ക് എത്തുന്നതെന്നും ലിജോമോൾ കൂട്ടിച്ചേർത്തു.

ലിജോമോൾ Photo:Lijomol/ Facebook.com

ലിജോമോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉന്മാദം’ ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രമാണ്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം ജൂലൈ 31ന് തിയേറ്ററുകളിലെത്തി മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.

Content Higlight: Actress Lijomol shares her first film audition experience

 

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.