തന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഒരുപാട് സന്തോഷം നല്‍കിയ സിനിമയാണ് അയ്യപ്പനും കോശിയുമെന്ന് പറയുകയാണ് ചിത്രത്തില്‍ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗൗരീ നന്ദ. എന്നാല്‍ സിനിമയിറങ്ങി ഒരു വര്‍ഷത്തിനിപ്പുറം ആ സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍ വിങ്ങലനുഭവപ്പെടുന്നുണ്ടെന്നും അപ്രതീക്ഷിതമായി സച്ചിയേട്ടനും അനിലേട്ടനും വിട്ടുപിരിഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്നും ഗൗരി നന്ദ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ചിത്രത്തിലെ കണ്ണമ്മ എന്ന ഇമേജ് ബ്രേക്ക് ചെയ്യുക എളുപ്പമല്ലെന്നും അത്തരത്തിലൊരു കഥാപാത്രം ഇനി കിട്ടണമെന്നും ഗൗരി നന്ദ പറയുന്നു. കണ്ണമ്മയ്ക്കായി ഞാന്‍ ഒരുപാട് എഫേര്‍ട്ടെടുത്തിരുന്നു. ഡയറ്റിങ് ചെയ്ത് ഭാരം കുറച്ചു. കണ്ണമ്മ എന്ന കഥാപാത്രം അട്ടപ്പാടിയിലെ ആദിവാസി ഗോത്രത്തില്‍പ്പെട്ട ഒരാളാണ്. അതുകൊണ്ടു തന്നെ മെലിഞ്ഞ, അല്പം പരുക്കനായ ഒരു ശരീരപ്രകൃതമായിരിക്കും അവര്‍ക്കെന്ന് കഥപറയുമ്പോള്‍ത്തന്നെ സംവിധായകനായ സച്ചിയേട്ടന്‍ പറഞ്ഞിരുന്നു.

ഗൗരിയെക്കൊണ്ട് ആവുന്നത്രയും ഭാരം കുറയ്ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ആ കഥാപാത്രത്തോടുള്ള ഇഷ്ടംകൊണ്ടുതന്നെ അതിനുശേഷം കഠിനമായ ഡയറ്റിങ് നടത്തി. മിതമായ രീതിയില്‍ പച്ചക്കറികള്‍ മാത്രമാണ് കഴിച്ചിരുന്നത്. ചിലദിവസങ്ങളില്‍ പട്ടിണിപോലും കിടന്നിട്ടുണ്ട്. ഒപ്പം കഠിനമായ വ്യായാമമുറകളും ചെയ്തു. കുറച്ച് ഭക്ഷണം കഴിച്ചാല്‍ത്തന്നെ പെട്ടെന്ന് ശരീരത്തില്‍ കാണുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ ഡയറ്റിങ് എന്നെ സംബന്ധിച്ച് ഇത്തിരി ബുദ്ധിമുട്ടായിരുന്നു.

മെലിഞ്ഞ ശേഷം ഫോട്ടോകള്‍ സച്ചിയേട്ടന് അയച്ചുകൊടുത്തപ്പോള്‍, ഇതുമതി, ഡയറ്റിങ് നിര്‍ത്തിക്കോളൂ എന്ന് പറഞ്ഞു. സെറ്റിലെത്തിയപ്പോള്‍ രാജുവേട്ടനും ബിജുവേട്ടനുമൊക്കെ അഭിനന്ദിച്ചു. കഥാപാത്രമാകാന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടല്ലേ, നന്നാകട്ടെ, എന്ന് അവര്‍ പറഞ്ഞു.

ഇനിയും അത്തരം എഫേര്‍ട്ടുകളാവശ്യമായ കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യാന്‍ സന്തോഷമാണ്. കാരണം അഭിനയത്തിനായി എന്തു റിസ്‌കെടുക്കാനും ഇഷ്ടമാണ്. ഇപ്പോള്‍ പുതിയ കഥകള്‍ കേള്‍ക്കുന്നുണ്ട്. പിന്നെ സിനിമയാണല്ലോ, എപ്പോള്‍ സംഭവിക്കുമെന്ന് നമുക്ക് കൃത്യമായി പറയാനാകില്ലല്ലോ. നല്ലത് സംഭവിക്കട്ടെയെന്നാണ് ആഗ്രഹം, ഗൗരി നന്ദ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Gauri Nanda About Her Role in Ayyappanum Koshiyum