ബാലന്‍ കണ്ട് കരഞ്ഞ് കരഞ്ഞ് കണ്ണൊക്കെ വീര്‍ത്തു, ക്യാമറ ഫേസ് ചെയ്യാന്‍ പോലും നിന്നില്ല: വല്ലാതെ കണക്ടായി: ഐശ്വര്യലക്ഷ്മി
Movie Day
ബാലന്‍ കണ്ട് കരഞ്ഞ് കരഞ്ഞ് കണ്ണൊക്കെ വീര്‍ത്തു, ക്യാമറ ഫേസ് ചെയ്യാന്‍ പോലും നിന്നില്ല: വല്ലാതെ കണക്ടായി: ഐശ്വര്യലക്ഷ്മി
അക്ഷര
Wednesday, 1st July 2026, 10:36 am

വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3ന് തിയേറ്ററുകളിലെത്തുകയാണ്.

വമ്പന്‍ ഹിറ്റായ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഹൈലൈറ്റ്. മലയാളിയായ പെണ്‍കുട്ടിയായാണ് ഐശ്വര്യ ചിത്രത്തില്‍ വേഷമിട്ടത്. രണ്ടാം ഭാഗവും ഒരു വലിയ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

താനൊരു കട്ട മല്ലുവാണെന്നും പക്ഷേ കേരളത്തിന് പുറത്തുപോയാല്‍ മാത്രമേ ആ സ്പിരിറ്റ് തന്നില്‍ നിന്ന് പുറത്തുവരുള്ളൂവെന്നും പറയുകയാണ് ഗാട്ടാ കുസ്തി 2 വുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി.

നിങ്ങളുടെ ഉള്ളിലെ ഏറ്റവും വലിയ മലയാളത്തം എന്താണെന്ന ചോദ്യത്തിനായിരുന്നു ഐശ്വര്യയുടെ മറുപടി. ഒപ്പം ബാലന്‍ സിനിമയെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു.

‘ഞാനൊരു പ്രോപ്പര്‍ മല്ലുവാണ്. ഞാന്‍ എവിടെ പോയാലും ഞാന്‍ വേറെ ഭാഷ മലയാളത്തിലാണ് സംസാരിക്കുക. ഹിന്ദി മലയാളം പോലെ സംസാരിക്കും. അതാണ് എന്നിലെ മല്ലു. പുറത്തുപോകുമ്പോള്‍ എനിക്ക് ഭയങ്കര സ്പിരിറ്റാണ്. നമ്മള്‍ ഇവിടെ ഇരിക്കുമ്പോള്‍ ഒരുപക്ഷേ അങ്ങനെ ആവണമെന്നില്ല.

അടുത്തിടെ ഞാന്‍ ബാലന്‍ സിനിമയുടെ പ്രീമിയറിന്റെ ഭാഗമായി മുംബൈയില്‍ പോയി. ‘നമ്മുടെ പടമാ’ എന്ന ഭാവത്തിലായിരുന്നു ഞാന്‍. ബാലന്‍ എന്നെ ഒരുപാട് എഫക്ട് ചെയ്ത സിനിമയാണ്. കരഞ്ഞ് കരഞ്ഞ്, ഞാന്‍ സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ക്യാമറ ഫേസ് ചെയ്യാനൊന്നും നിന്നില്ല. കാരണം കരഞ്ഞിട്ട് കണ്ണൊക്കെ വീര്‍ത്തുകിടക്കുകയായിരുന്നു. ഭയങ്കരമായിട്ട് കണക്ടായി. ഒരു അമ്മയുടെ ആ ഫീലൊക്കെ വല്ലാതെ എഫ്ക്ട് ചെയ്തു. അത്തരത്തില്‍ ഒരു മലയാളി ആയതില്‍ ഒരുപാട് അഭിമാനിക്കുന്ന ആളാണ് ഞാന്‍,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

മലയാളത്തില്‍ റി റിലീസ് ആഗ്രഹിക്കുന്ന ഒരു ചിത്രമേതാണെന്ന ചോദ്യത്തിന് മായാനദി എന്നായിരുന്നു ഐശ്വര്യയുട മറുപടി. അതുപോലെ തന്നെ അര്‍ച്ചന 31 നോട്ട് ഔട്ട് മനസില്‍ ഒരു വിങ്ങലായി നില്‍ക്കുന്ന സിനിമയാണെന്നും താരം പറഞ്ഞു.

കൊവിഡില്‍ 50 ശതമാനം തിയേറ്റര്‍ ഒക്യുപന്‍സിയില്‍ റിലീസായ സിനിമയാണ്. ഒരുപാട് അച്ഛനമ്മമാര്‍ എന്റെ അടുത്ത് വന്ന് അഭിപ്രായം പറഞ്ഞ സിനിമയാണ്. നിങ്ങളൊന്നും ഇത് തിയേറ്ററില്‍ കണ്ടില്ലല്ലോ എന്നാണ് ഞാന്‍ അവരോട് ചോദിക്കാറ്,’ ഐശ്വര്യ പറഞ്ഞു.

വേല്‍സ് ഫിലിം ഇന്റര്‍നാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ഗാട്ടാ കുസ്തി 2 നിര്‍മ്മിക്കുന്നത്.

വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇതിനോടകം പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Content Highlight: Actress Aiswarya lekshmi about Balan Movie