വളരെ ചെറിയ ചിത്രമെന്ന ലേബലിൽ തിയേറ്ററുകളിൽ എത്തി ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഓണം റിലീസായ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങിയ ചിത്രത്തെ കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ 320 കോടിയും കടന്ന് വമ്പൻ കുതിപ്പ് തുടരുകയാണ്. കേരള ബോക്‌സ് ഓഫീസിൽ നിന്നും 120 കോടി പിന്നിട്ടതോടെ ഇൻഡസ്ട്രി ഹിറ്റടിച്ച വാഴ 2വിന്റെ കളക്ഷനും മലയാളത്തിലെ ഹൈയസ്റ്റ് ഗ്രാസറായ ലോകഃയുടെ റെക്കോർഡും തുലാസിലായിരിക്കുകയാണ്.
ഏജ് ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായതോടെ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും പോസിറ്റീവ് റെസ്‌പോൺസ് ലഭിക്കുകയാണ്. നിവിനും മമിതയ്ക്കും പുറമെ സുരേഷ് കൃഷ്ണ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, മീനാക്ഷി, ശ്രിന്ദ തുടങ്ങി വമ്പൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

വിനീത് വിശ്വം. Photo. Screen Grab/ Youtube
ബെത്‌ലഹേമിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ ഡേവിസിന്റെ ഷോട് ഫിലിമിലെ അഭിനേതാക്കളായി വേഷമിട്ടത് വിനീത് വിശ്വവും പാർവതി അയ്യപ്പദാസുമായിരുന്നു. ചിത്രത്തിലെ ഷോർട്ട് ഫിലിം പിന്നീട് ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ സോൾമേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം എന്ന പേരിൽ റിലീസ് ചെയ്തിരുന്നു. ഒരു കോടിയിലധികം പേരാണ് ഷോർട്ട് ഫിലിം യൂട്യൂബിൽ കണ്ടത്.
ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ വലിയ വിജയമായതിന് പിന്നാലെ പ്രമോഷന്റെ ഭാഗമായാണോ ഷോർട്ട് ഫിലിം തയ്യാറാക്കിയതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് വിശ്വം. പ്രമോഷൻ മെറ്റീരിയലായി ഉപയോഗിക്കാമെങ്കിലും, ഷോർട്ട് ഫിലിം എന്ന ആശയം സിനിമയുടെ വിജയം കണ്ടതിന് ശേഷം പെട്ടെന്ന് ഉണ്ടായതല്ലെന്നും വിനീത് വിശ്വം പറഞ്ഞു.
സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് തന്നെ സംവിധായകൻ ഗിരീഷ് എ.ഡി. ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ ലോകത്തിന്റെ ഒരു എക്സ്റ്റൻഷൻ പോലെ യൂട്യൂബിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം മുതൽ പ്ലാൻ ചെയ്തിരുന്നതെന്നും വിനീത് പറഞ്ഞു.
‘പ്രമോഷൻ മെറ്റീരിയലായിട്ട് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണെന്നത് ശരിയാണ്. പക്ഷേ ഒരു സാത്തുക്കുടി പ്രണയം പ്രമോഷൻ ഗിമ്മിക്ക് ആയി പെട്ടെന്ന് ഉണ്ടാക്കിയതല്ല. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് തന്നെ സംവിധായകൻ ഗിരീഷ് എന്നോട് പറഞ്ഞിരുന്നു, ‘നമുക്കിത് മുഴുവനായിട്ട് ഒരു ഷോർട്ട് ഫിലിമായിട്ട് തന്നെ ഷൂട്ട് ചെയ്യണം’ എന്ന്. സിനിമയിലെ ഇവരുടെ ലോകത്തിന്റെ ഒരു എക്സ്റ്റൻഷൻ പോലെ യൂട്യൂബിൽ റിലീസ് ചെയ്യാനായിരുന്നു പ്ലാൻ,’ വിനീത് വിശ്വം പറഞ്ഞു.
സിനിമയുടെ ഷെഡ്യൂളിനിടയിൽ തന്നെ സിനിമയ്ക്കും ഷോർട്ട് ഫിലിമിനും പൊതുവായി വരുന്ന ഭാഗങ്ങൾ ഒരുമിച്ച് ചിത്രീകരിക്കുകയായിരുന്നു. ഇതിൽ ചെറിയൊരു ഭാഗം മാത്രമാണ് സിനിമയിലെ പാട്ടിന്റെ ദൃശ്യങ്ങൾക്കായി ഉപയോഗിച്ചത്. ബാക്കിയുള്ള ദൃശ്യങ്ങൾ ഷോർട്ട് ഫിലിമിന്റെ എക്സ്റ്റൻഡഡ് വേർഷനായി ഉപയോഗിക്കുകയായിരുന്നു എന്നും നടൻ പറഞ്ഞു.

വിനീത് വിശ്വം. Photo. Screen Grab/ Youtube
‘എന്നാൽ ഷോർട്ട് ഫിലിമിനായി പിന്നീട് പ്രത്യേകം ചിത്രീകരണവും നടത്തിയിരുന്നു. സിനിമയുടെ ഷൂട്ടിങ് പൂർണമായി കഴിഞ്ഞതിന് ശേഷം മൂന്ന് ദിവസം ഷോർട്ട് ഫിലിമിന് വേണ്ടി മാത്രമായി ഷൂട്ട് ചെയ്തു. നേരത്തെ ചിത്രീകരിച്ച ഭാഗങ്ങളും ഈ മൂന്ന് ദിവസത്തെ പ്രത്യേക ഷൂട്ടും ചേർത്താണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ഷോർട്ട് ഫിലിം പൂർത്തിയാക്കിയിരിക്കുന്നത്,’ വിനീത് വിശ്വം വ്യക്തമാക്കി.
Content Highlight: Actor Vineeth viswam Talks about ‘Oru sathukudi pranayam’
