മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനയേത്രികളില്‍ ഒരാളാണ് സുചിത്ര. പഴയ മലയാള സിനിമകളില്‍ മികച്ച വേഷങ്ങളില്‍ തിളങ്ങിയ താരം കുറച്ച് കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. നടന്‍ സിദ്ദീഖുമായി നിരവധി സിനിമകളില്‍ സുചിത്ര ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിദ്ദീഖ്.

സിനിമക്കപ്പുറത്തേക്ക് താന്‍ ഇന്നും സുചിത്രയുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ടെന്നും കൂടെ അഭിനയിച്ച മറ്റ് താരങ്ങളെക്കാള്‍ അടുപ്പം സുചിത്രയോട് ഉണ്ടെന്നും സിദ്ദീഖ് പറഞ്ഞു. തന്റെ വളര്‍ച്ച സുചിത്ര നന്നായി ആസ്വദിക്കുന്നുണ്ടെന്നും അതുകൊണ്ട് അവരോട് വളരെ ബഹുമാനവും സ്‌നേഹവുമാണെന്നും സിദ്ദീഖ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പഴയ ഓര്‍മകള്‍ താരം പങ്കുവെച്ചു.

”ശോഭന, ഉര്‍വശി തുടങ്ങി നിരവധി നടിമാര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ അന്നും ഇന്നും നല്ല റിലേഷന്‍ഷിപ്പ് കീപ്പ് ചെയ്യുന്നത് സുചിത്രയുമായാണ്. സുചിത്രയുടെ കുടുംബവുമായും എനിക്ക് നല്ല അടുപ്പമാണ്. ഞങ്ങള്‍ ഇരുവരും ഒരുമിച്ച് കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഏറ്റവും കൂടുതല്‍ എന്റെ ജോഡിയായത് ലെനയാണ്. ഏതാണ്ട് പതിനെട്ടോളം സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്.

ആ സമയത്തൊക്കെ ആടിപ്പാടി നടന്നിരുന്ന കുറേ റോളുകള്‍ ഞാന്‍ സുചിത്രക്കൊപ്പം ചെയ്തിട്ടുണ്ട്. അതിനേക്കാളുപരി എനിക്ക് സുചിത്രയോട് ഭയങ്കര ബഹുമാനവും ഇഷ്ടവുമൊക്കയാണ്. അതിന്റെ കാരണം എന്റെ വളര്‍ച്ച സുചിത്ര ഭയങ്കരമായി ആസ്വദിക്കുന്നുണ്ട് എന്നതാണ്.

 

സുചിത്രയുടെ കുടുംബവും അങ്ങനെ തന്നെയാണ്. എനിക്ക് ഇടക്ക് തോന്നാറുണ്ട് സുചിത്രയേക്കാള്‍ എന്നോട് അടുപ്പം അവരുടെ ഭര്‍ത്താവിനായിരിക്കുമെന്ന്. ഞാന്‍ ഇന്നും സുചിത്രയുമായി നല്ല അടുപ്പം തുടരുന്നുണ്ട്. അത് നന്നായി തന്നെ മുമ്പോട്ട് കൊണ്ടുപോകാനും ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്,’ സിദ്ദീഖ് പറഞ്ഞു.

മിമിക്‌സ് പരേഡ്, കാവടിയാട്ടം, കാസര്‍ഗോഡ് ഖാദര്‍ ഭായ്, കള്ളന്‍ കപ്പലില്‍ തന്നെ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ഇത്തരത്തിലുള്ള കഥാപാത്രങ്ങളൊക്കെയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ബാഷ് മുഹമദ് സംവിധാനം ചെയ്ത് ജനുവരി ആറിന് തിയേറ്ററിലെത്തിയ എന്നാലും ന്റെളിയാ എന്ന സിനിമയാണ് സിദ്ദീഖിന്റെ ഏറ്റവും പുതിയ സിനിമ. സുരാജ് വെഞ്ഞാറമൂട്, ഗായത്രി അരുണ്‍, ലെന തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: actor sidhique about old actress suchithra