‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍’ ഒരു സൂപ്പര്‍ഹീറോ ചിത്രമാണെന്ന് താന്‍ പറഞ്ഞതായുള്ള ചര്‍ച്ചകള്‍ക്ക് മറുപടിയുമായി നടന്‍ സംഗീത് പ്രതാപ്. സിനിമയെക്കുറിച്ച് താന്‍ മുമ്പ് പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് ‘ലോക’യുമായി ചിത്രത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള ട്രോളുകള്‍ വന്നതെന്നും സംഗീത് പറയുന്നു. ‘ലോക’ പോലൊരു വലിയ സ്‌കെയിലുള്ള ഫാന്റസി ചിത്രമല്ല ‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍’ എന്നും താരം വ്യക്തമാക്കി.

‘ഇറ്റ്സ് എ മെഡിക്കല്‍ മിറാക്കിള്‍. ഇത് സൂപ്പര്‍ഹീറോ സിനിമയാണെന്ന് ഞാന്‍ പറഞ്ഞതായിട്ടാണ് വന്നത്. പക്ഷേ അതൊരു സൂപ്പര്‍ഹീറോ സിനിമയല്ല. ഞാന്‍ ഏതോ ഒരു അഭിമുഖത്തില്‍ പറഞ്ഞത്, ‘നിങ്ങള്‍ ലോകയൊക്കെ കണ്ടിട്ടില്ലേ, ഫിക്ഷന്‍, ഫാന്റസി സിനിമകളൊക്കെ ഇപ്പോള്‍ ഒരുപാട് വരുന്നുണ്ട്. അതുപോലൊരു സിനിമയാണ് മെഡിക്കല്‍ മിറക്കിള്‍’ എന്നായിരുന്നു. ഈ സിനിമ ഒരു ഫാന്റസി സിനിമയാണെന്ന് മാത്രമായിരുന്നു അതിലൂടെ ഞാന്‍ ഉദ്ദേശിച്ചത്,’ സംഗീത് പറഞ്ഞു.

എന്നാല്‍ പറഞ്ഞതിനെ മറ്റൊരു തരത്തില്‍ അവതരിപ്പിച്ചതോടെ സുഹൃത്തുക്കള്‍ പോലും തന്നെ കളിയാക്കാന്‍ തുടങ്ങിയെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

”എന്റെ കൂടെയുള്ളവന്മാര്‍ പലരും ‘നീ അറിഞ്ഞിട്ട് തന്നെയാണോ പറഞ്ഞത്?’ എന്ന് ചോദിച്ചു. ‘എടാ, നീ ലോക പോലെയൊക്കെ പറഞ്ഞത് വല്ലതും അറിഞ്ഞിട്ടാണോ?’ എന്ന് ചോദിച്ച് ചമന്‍ മെസേജ് അയച്ചു. പിന്നെ കാര്യങ്ങള്‍ ട്രോള്‍ രൂപത്തില്‍ വരാന്‍ തുടങ്ങി. നമ്മള്‍ പറഞ്ഞതിനെ റീഫ്രെയിം ചെയ്ത് ‘ലോക പോലൊരു സിനിമയില്‍ അഭിനയിക്കാന്‍ സംഗീത് പ്രതാപ്’ എന്നൊക്കെയായിരുന്നു വന്നത്,’ സംഗീത് പറയുന്നു.

‘ലോക’ പോലൊരു വലിയ സ്‌കെയിലുള്ള സിനിമ ചെയ്യാനുള്ള ബജറ്റ് പോലും തങ്ങളുടെ ചിത്രത്തിനില്ലെന്നും സംഗീത് തമാശരൂപേണ പറഞ്ഞു.

‘ഒന്നാമത്തേത് നമ്മളെക്കൊണ്ട് അത് താങ്ങില്ല. നമ്മുടെ കയ്യില്‍ അതിനുള്ള ബജറ്റും ഇല്ല. ‘ലോക’ പോലെ വലിയ സ്‌കെയിലുള്ള, വലിയ ഫാന്റസിയുള്ള സിനിമയല്ല ഇത്. ഈ സിനിമയില്‍ കാണിക്കുന്നത് സൂപ്പര്‍ ഹിയറിങ് എന്നൊരു സംഭവമാണല്ലോ. അത്രയേ ഉള്ളൂ,’ താരം പറഞ്ഞു.

സിനിമയില്‍ സംഗീത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രത്യേകത അവന്റെ അസാധാരണമായ കേള്‍വിശക്തിയാണ്. വളരെ ദൂരെയുള്ളതും വലിയൊരു സ്പേസിലുള്ളതുമായ കാര്യങ്ങള്‍ പോലും കേള്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള കഴിവാണ് കഥാപാത്രത്തിനുള്ളത്.

സിനിമയുടെ സംവിധായകന്‍ തന്റെ പേര് ഫോണില്‍ ,സേവ് ചെയ്ത് വെച്ചിരിക്കുന്നത് സൂപ്പര്‍ ‘Hearo’ എന്നാണെന്നും താരം പറയുന്നു.

‘ഞങ്ങളുടെ പടത്തിന്റെ ഡയറക്ടര്‍ എന്റെ പേര് ഫോണില്‍ സേവ് ചെയ്തിരിക്കുന്നത് സൂപ്പര്‍ ‘Hearo’ എന്നാണ്. ഈ സോ-കാള്‍ഡ് സൂപ്പര്‍ഹീറോയ്ക്ക് പാല്‍ തിളയ്ക്കുന്ന ശബ്ദം പോലും കേള്‍ക്കാം. കുറച്ചധികം ദൂരെയുള്ള, അല്ലെങ്കില്‍ വലിയ സ്പേസിലുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ പറ്റും. അതാണ് സിനിമയില്‍ കാണിക്കുന്നത്,’ സംഗീത് വ്യക്തമാക്കി.

കഥാപാത്രത്തിന്റെ ഈ പ്രത്യേക കഴിവിനെ കേന്ദ്രീകരിച്ച് ശബ്ദത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരുന്നത്.

‘സൗണ്ട് വെച്ച് ഏറ്റവും കൂടുതല്‍ എക്‌സ്പീരിയന്‍സ് കിട്ടുന്ന സിനിമയാകാനാണ് ഞങ്ങള്‍ ശ്രമിച്ചിരുന്നത്. ആ മാര്‍ക്കില്‍ എത്താനാണ് ശ്രമിച്ചതെന്നും സംഗീത് അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Content Highlight: Actor sangeet Prathap about Comparison between Lokah and Medical Miracle