എന്നെ ഇഷ്ടമല്ലാത്ത ഒരുപാട് ആളുകളുണ്ട്; എല്ലാവരെയും ഹാപ്പി ആക്കി ലൈഫിൽ ഒന്നും ചെയ്യാൻ കഴിയില്ല: സന്ദീപ് പ്രദീപ്
Malayalam Cinema
എന്നെ ഇഷ്ടമല്ലാത്ത ഒരുപാട് ആളുകളുണ്ട്; എല്ലാവരെയും ഹാപ്പി ആക്കി ലൈഫിൽ ഒന്നും ചെയ്യാൻ കഴിയില്ല: സന്ദീപ് പ്രദീപ്
നന്ദന എം.സി
Friday, 3rd April 2026, 9:35 am

മലയാള സിനിമയിൽ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ നടനാണ് സന്ദീപ് പ്രദീപ്. അഭിനയത്തിലെ സ്വാഭാവികതയും വ്യത്യസ്ത കഥാപാത്രങ്ങളുമായാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ സന്ദീപിന്റെ ചിത്രം ‘എക്കോ’യാണ്.

സന്ദീപ് പ്രദീപ്, Photo: IMDb

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാം നിർമിച്ച ‘എക്കോ’, സ്റ്റുഡിയോയുടെ ആദ്യ നിർമാണ സംരംഭമാണ്. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, ബിനു പപ്പു, ബിയാന മൊമിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

പ്രത്യേകിച്ച് സന്ദീപ് അവതരിപ്പിച്ച ‘പീയൂസ്’ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. അതുപോലെ ‘പടക്കളം’ എന്ന ചിത്രത്തിലെ ജിതിൻ എന്ന താരത്തിന്റെ കഥാപാത്രവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഈ രണ്ട് ചിത്രങ്ങളും സന്ദീപിന്റെ കരിയറിന്റെ ഗ്രാഫ് തന്നെ ഉയർത്തിയ ചിത്രങ്ങളായിരുന്നു.


ഇപ്പോഴിതാ, തന്റെ വ്യക്തിപരമായ നിലപാടുകൾ തുറന്നുപറഞ്ഞിരിക്കുകയാണ് സന്ദീപ് പ്രദീപ്. കാർത്തിക് സൂര്യയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

സന്ദീപ് പ്രദീപ്, Photo: Screengrab/ YouTube

‘എന്നെ ഇഷ്ടമല്ലാത്ത ഒരുപാട് ആളുകളുണ്ട്. ചിലർ നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് ‘നീ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല’ എന്ന്. അപ്പോൾ ഞാൻ അതിനെ കുറിച്ച് ചിന്തിക്കും.

മാറ്റം വരുത്തേണ്ടതാണെന്ന് തോന്നിയാൽ മാറ്റും. അല്ലെങ്കിൽ അങ്ങനെ തന്നെ തുടരും. കാരണം, എല്ലാവരെയും സന്തോഷിപ്പിച്ച് മുന്നോട്ട് പോകാൻ ജീവിതത്തിൽ സാധിക്കില്ല,’ എന്നാണ് സന്ദീപ് പറഞ്ഞത്.

എക്കോ, Photo: IMDb

‘കിഷ്കിന്ധാകാണ്ഡം’ എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’യുടെ തിരക്കഥ ബാഹുൽ രമേശാണ് ഒരുക്കിയത്. ഇതുവരെ കാണാത്ത തരത്തിൽ മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി കാട്ടുന്നതിൽ പ്രധാന പങ്ക് വഹിച്ച ചിത്രമായിരുന്നു എക്കോ. ചിത്രത്തിൽ സന്ദീപിന്റെ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന സന്ദീപ് പ്രദീപിന്റെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.

Content Highlight: Actor Sandeep Pradeep says there are many people who don’t like him.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.