നമുക്കൊരു ഐസ്ക്രീം കഴിക്കാൻ പോയാലോ എന്ന് ശോഭനയോട് ചോദിക്കും; പിന്നെ ബൈക്ക് എടുത്ത് എവിടെയെങ്കിലും ചുറ്റി നടക്കും: റഹ്മാൻ
Malayalam Cinema
നമുക്കൊരു ഐസ്ക്രീം കഴിക്കാൻ പോയാലോ എന്ന് ശോഭനയോട് ചോദിക്കും; പിന്നെ ബൈക്ക് എടുത്ത് എവിടെയെങ്കിലും ചുറ്റി നടക്കും: റഹ്മാൻ
നന്ദന എം.സി
Monday, 30th March 2026, 8:43 am

മലയാള സിനിമയിലെ റൊമാന്റിക് ഹീറോയായി കടന്നു വന്ന താരമാണ് റഹ്‌മാൻ. മലയാളത്തിൽ തുടങ്ങി മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും താരം പിന്നീട് നിറ സാന്നിധ്യമായി.

തുടക്കകാലത്തെ സിനിമകളിലൂടെതന്നെ ഒട്ടേറെ ആരാധകരെയാണ് റഹ്മാൻ നേടിയെടുത്തത്. സിനിമയിൽ നിന്ന് ഇടവേളയെടുത്ത റഹ്‌മാൻ അതിശക്തമായ കഥാപാത്രങ്ങളിലൂടെയാണ് വീണ്ടും തിരിച്ചുവരവ് നടത്തിയത്.

മണിരത്‌നം മാജിക് എന്ന് വിശേഷിപ്പിക്കുന്ന പൊന്നിയിൻ സെൽവനിൽ കേന്ദ്രകഥാപാത്രങ്ങളിൽ ഒരാളായാണ് റഹ്മാൻ എത്തിയത്. എന്നാലപ്പോഴും റഹ്‌മാൻ പഴയ റൊമാന്റിക് ഹീറോ തന്നെയാണ്.

റഹ്മാൻ, Photo: Rahman/ Facebook

അക്കാലത്ത് ഒട്ടേറെ സ്ത്രീകളുടെ മനസ്സിൽ ഇടംപിടിച്ച റഹ്മാൻ തന്റെ ജീവിതത്തിൽ മറ്റ് നടിമാരെ കുറിച്ച് പറഞ്ഞുണ്ടാക്കിയ ഗോസിപ്പുകൾ സംബന്ധിച്ച് സംസാരിക്കുകയാണ്.

മലയാളികളുടെ പ്രിയ താരങ്ങളായ ശോഭന, രോഹിണി എന്നിവരുമായി ബന്ധപ്പെട്ട് ഒരുപാട് ഗോസിപ്പുകൾ കേൾക്കാറുണ്ടായിരുന്നല്ലോ, അതിനെക്കുറിച്ച് എന്താണ് പറയാൻ ഉള്ളത് എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഗോസിപ്പുകളെ കുറിച്ച് പറയുകയാണെങ്കിൽ ആ സമയം ഞാനൊരു പതിനെട്ട് പത്തൊമ്പത് വയസാണ് പ്രായം. ഒരു ടീനേജർ എന്ന് പറയാം. ശോഭനയും രോഹിണിയുമൊക്കെയായിരുന്നു എന്റെ അധികം പടങ്ങളിലെയും ഹീറോയിൻസ്.

ഷൂട്ട് കഴിഞ്ഞാൽ ഞാൻ പറയും, ശോഭന നമുക്കൊരു ഐസ്ക്രീം കഴിക്കാൻ പോയാലോ എന്ന്. അങ്ങനെയൊക്കെയായിരുന്നു അന്നത്തെ ഒരു ഇത്. എന്റെ ബൈക്ക് ഉണ്ടാകും ആ ബൈക്കിലിരുന്നു ചുറ്റി എവിടെയെങ്കിലും പോയി ഐസ്ക്രീം കഴിക്കുക ഇതൊക്കെയായിരുന്നു.

അത് പിന്നെ നിങ്ങളെ പോലെയുള്ള ആളുകൾ കണ്ട് വേറെ രീതിയിൽ എഴുതി അങ്ങനെയൊക്കെയായിരുന്നു,’ റഹ്‌മാൻ പറഞ്ഞു.

കാണാമറയത്ത്, Photo: YouTube/ Screengrab

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു റഹ്‌മാൻ–ശോഭന, അതുപോലെ റഹ്‌മാൻ–രോഹിണി. ഒരുകാലത്തെ ഹിറ്റ് ജോഡികളായിരുന്ന ഇവർ വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകർ ഇന്നും കുറവല്ല. അവരുടേതായി പുറത്തിറങ്ങിയ സിനിമകൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്.

റഹ്‌മാൻ തന്റെ കൂടെ അഭിനയിച്ച നായികമാരിൽ അഭിനയത്തിന്റെ കാര്യത്തിൽ ഒരാളുടെ പേര് എടുത്ത് പറയാൻ പറഞ്ഞാൽ രോഹിണിയുടെ പേരാണ് പറയുക എന്നത്, താരം മുമ്പ് നൽകിയ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതും ഏറെ ചർച്ചയായിരുന്നു.

Content Highlight: Actor Rahman talk about Actress shobana

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.