വിരലിലെണ്ണാവുന്നത്ര സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാലിനോടുള്ള ആരാധന അതേ അളവില്‍ ആളുകള്‍ക്ക് പ്രണവിനോടും ഉണ്ട്. കുഞ്ഞാലിമരയ്ക്കാറും ഹൃദയവും പുറത്തിറങ്ങിയതോടെ പ്രണവിനോടുള്ള ആളുകളുടെ സ്‌നേഹവും കൂടി.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യമായൊന്നും പ്രത്യക്ഷപ്പെടാത്ത, യാത്രകളെ അത്രമേല്‍ ഇഷ്ടപ്പെടുന്ന പ്രണവിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും കൗതുകമാണ്.

തന്റെ യാത്രകളുടെ ചിത്രങ്ങള്‍ വല്ലപ്പോഴുമായി താരം പങ്കുവെക്കാറുമുണ്ട്. അടുത്തിടെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള തന്റെ ഒരു ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരുന്നു. സ്വന്തം ചിത്രം പൊതുവെ പോസ്റ്റു ചെയ്യാത്ത പ്രണവിന്റെ ഈ മാറ്റം ആരാധകരേയും ആവേശത്തിലാഴ്ത്തിയിരുന്നു.

ഇപ്പോഴിതാ വീടിനെ കുറിച്ചുള്ള പ്രണവിന്റെ പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘കുപ്പായ കയ്യില്‍ തൂങ്ങി പിന്നോട്ട് പിടിച്ചുവലിക്കുന്ന ഒരു കുട്ടിയെ പോലെയാണ് വീട്’ എന്നായിരുന്നു പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കറങ്ങി നടന്ന് ഒടുവില്‍ വീടെത്തിയല്ലേ എന്നാണ് പ്രണവിന്റെ പോസ്റ്റിന് താഴെ വന്ന് പലരും ചോദിക്കുന്നത്. നമ്മുടെ ഹൃദയം എവിടെ ആണോ അവിടെയാണ് നമ്മുടെ വീട് എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന മറ്റൊരു കമന്റ്.

Content Highlight: Actor Pranav Mohanlal Post About Home