തന്റെ ജീവിതത്തില്‍ നടന്ന ചില രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. മുകേഷ് ടോക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ എന്റെ മൂത്ത മകന് ഏകദേശം ഒരു വയസ് പ്രായമായിരുന്ന സമയത്ത്, ഞാനും സരിതയും മകനുംകൂടി ഹൈദരാബാദ് വരെ പോയി. സരിതയുടെ വീട് അതിനടുത്തൊക്കെയാണ്. അവിടെവെച്ച് സരിത എന്നോട് പറഞ്ഞു, അവിടെ അടുത്ത് എന്റെ ബന്ധുവിന്റെ വീടുണ്ട്, ഇന്ന് അവിടെ കല്യാണമാണ് നമുക്ക് അവിടെ വരെ പോകാമെന്ന്.

ആ സമയത്ത് ഞാന്‍ ഫ്രീയായിരുന്നു. അങ്ങനെ ഞങ്ങള്‍ മൂന്നുപേരും കൂടി അങ്ങോട്ടേക്ക് പോയി. അവിടെ ചെന്നപ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു, നിങ്ങളെല്ലാം സിനിമാക്കാരല്ലെ ഇവിടെയൊരു ജോത്സ്യന്‍ വന്നിട്ടുണ്ട്. പുള്ളി ഒരു അത്ഭുതമാണ്, കാണാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ ഉറപ്പായും പോയി കാണണമെന്ന്. ഇവിടം വരെ വന്നതല്ലെ എന്തായാലും പോയി നോക്കാമെന്ന് സരിത പറഞ്ഞു.

അപ്പോഴാണ് അയാള്‍ പറയുന്നത് അവിടെ അപ്പോയിന്‍മെന്റ് കിട്ടാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്ന്. മന്ത്രിമാര്‍, സിനിമാക്കാര്‍, ശസ്ത്രജ്ഞന്മാര്‍ തുടങ്ങി നിരവധിയാളുകളാണ് ഓരോ ദിവസവും അവിടെ വരുന്നത്. ഒരാഴ്ച അല്ലെങ്കില്‍ ഒരുമാസം മുമ്പ് ബുക്ക് ചെയ്യണമെന്നും അയാള്‍ പറഞ്ഞു. എന്തായാലും തെലുങ്ക് നാടല്ലേ, സരിതയെ അവര്‍ക്ക് അറിയാമായിരിക്കുമെന്ന് കരുതി ഞങ്ങള്‍ അങ്ങോട്ടേക്ക് പോയി.

അങ്ങനെ അയാള്‍ അവിടെ ചെന്നുപറഞ്ഞു സിനിമ നടി സരിത അപ്പോയിന്‍മെന്റിന് വേണ്ടി കാത്തിരിക്കുന്നുവെന്ന്. ഒരു മണിക്കൂറിനുള്ളില്‍ അവിടെ നിന്നും കോള്‍ വന്നു. ജോത്സ്യന്‍ സരിതയുടെ വലിയ ഫാനാണ്, അതുകൊണ്ട് പുലര്‍ച്ചെ വരുകയാണെങ്കില്‍ കാണാമെന്നും പറഞ്ഞു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ വലിയ ക്യു ഉണ്ടായിരുന്നു. നമ്മള്‍ അവിടെ കയറി ചെല്ലുമ്പോള്‍ അവിടെയൊരു പേപ്പര്‍വെച്ചിട്ടുണ്ട്, നമുക്ക് അറിയേണ്ട അഞ്ച് കാര്യങ്ങള്‍ അവിടെ എഴുതണം.

അത് ഒന്ന് വായിക്കുക പോലും ചെയ്യാതെ അതില്‍ എഴുതിയ ചോദ്യങ്ങള്‍ക്ക് അയാള്‍ നമ്മളോട് ഉത്തരം പറയും. ആദ്യം എന്റെ ഊഴമായിരുന്നു. ഞങ്ങള്‍ക്ക് അതൊരു വലിയ അത്ഭുതമായിരുന്നു. പിന്നീട് സരിതയുടെ പറയാന്‍ വന്നപ്പോള്‍ കുഞ്ഞ് കരഞ്ഞു. അവനെയുംകൊണ്ട് ഞാന്‍ പതിയെ എണീറ്റു. അപ്പോഴാണ് കണ്ടത്, നമ്മള്‍ എഴുതിയ പേപ്പര്‍ അയാളുടെ ശിഷ്യന്‍ ആരും കാണാതെ അയാള്‍ക്ക് വായിക്കാന്‍ പാകത്തില്‍ തുറന്ന് വെക്കുന്നത്.

അവിടെവെച്ച് എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. തിരിച്ച് കാറില്‍ വന്നപ്പോള്‍ ഞാന്‍ സരിതയോട് കാര്യങ്ങളൊക്കെ പറഞ്ഞു. പക്ഷെ അതൊന്നും അവള്‍ വിശ്വസിച്ചില്ല. നിങ്ങള്‍ കമ്മ്യൂണിസ്റ്റായതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും അവള്‍ പറഞ്ഞു,’ മുകേഷ് പറഞ്ഞു.

content highlight: actor mukesh talks about his first wife