ഇന്നസെന്റിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. എ.എം.എം.എ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ പ്രധാനപ്പെട്ട ഒരു നടന്‍ ഡേറ്റ് കഴിഞ്ഞതിനാല്‍ സെറ്റില്‍ നിന്ന് പോവാന്‍ ഒരുങ്ങിയെന്നും ഇന്നസെന്റാണ് അദ്ദേഹത്തെ തടഞ്ഞതെന്നും മുകേഷ് പറഞ്ഞു.

സിനിമ പൂര്‍ത്തിയാകാതെ പോയാല്‍ പിന്നീട് ആ നടന്റെ സിനിമയില്‍, സംഘടനയില്‍ മെമ്പറായ ആരും അഭിനയിക്കില്ലെന്ന് പറഞ്ഞെന്നും അത് പേടിച്ചാണ് ആ നടന്‍ വീണ്ടും അഭിനയിക്കാന്‍ തയ്യാറായതെന്നും മുകേഷ് പറഞ്ഞു.

”ഒരു പ്രത്യേക ഘട്ടം വന്നപ്പോള്‍ അമ്മയിലെ പ്രധാന നടന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അതില്‍ ഒരു പ്രധാനപ്പെട്ട നടന്‍, അദ്ദേഹത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. എന്റെ ഡേറ്റ് കഴിഞ്ഞുവെന്നും ഇനി താന്‍ അഭിനയിക്കില്ലെന്നും പറഞ്ഞു.

എല്ലാവരും ഞെട്ടി ഇരിക്കുകയായിരുന്നു. സംഭവം ശരിയാണ്, അദ്ദേഹം കൊടുത്ത ഡേറ്റ് തീര്‍ന്നു. എനിക്ക് വേറെ കമ്മിറ്റ്‌മെന്റ്‌സ് ഉണ്ടെന്നും പറഞ്ഞ് ആ നടന്‍ പോവാന്‍ ഒരുങ്ങി. ഇത് അമ്മയുടെ പടമാണ്, നീ പോയാല്‍ ഈ പടമെങ്ങനെ തീരുമെന്ന് അപ്പോള്‍ ഇന്നസെന്റേട്ടന്‍ ചോദിച്ചു.

പാവപ്പെട്ട ഒരുപാട് കലാകാരന്മാര്‍ക്ക് കൈനീട്ടം കൊടുക്കുകയും പെന്‍ഷന്‍ കൊടുക്കുകയും ചെയ്യേണ്ട കാശാണ് എന്നൊക്കെ ഇന്നസെന്റേട്ടന്‍ പറഞ്ഞു. എന്താണെങ്കിലും ശരി ഇനി ഒരു ദിവസം പോലും ഞാന്‍ അഭിനയിക്കില്ലെന്ന് ആ നടന്‍ പറഞ്ഞു.

പടം അവിടെ നില്‍ക്കുകയാണ്. അവസാനം ഇന്നസെന്റേട്ടന്‍ സമ്മതിച്ചു. നീ പറഞ്ഞതില്‍ ന്യായമുണ്ട്, പക്ഷെ ഞാന്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നീ പോയിക്കോളൂ, ഇനി നിന്നോടൊപ്പം അമ്മയിലെ ആരും അഭിനയിക്കില്ലെന്ന് ആ നടനോട് ഇന്നസെന്റേട്ടന്‍ പറഞ്ഞു.

നീ പുതുമുഖങ്ങളുടെ കൂടെ അഭിനയിച്ചോ, തമിഴില്‍ പോയി അഭിനയിച്ചോ, പക്ഷെ മലയാളത്തില്‍ അമ്മയില്‍ മെമ്പര്‍മാരായ ഒരാളും നിന്റെ കൂടെ അഭിനയിക്കില്ലെന്ന് ഇന്നസെന്റേട്ടന്‍ തറപ്പിച്ചു പറഞ്ഞു. ഇത് കേട്ട നടന്‍ പത്തുമിനിറ്റിനകം ഡേറ്റ് കൊടുത്ത് പടം തീര്‍ത്തു,” മുകേഷ് പറഞ്ഞു.

content highlight: actor mukesh about innocent