നാടകങ്ങളിലൂടെ സിനിമയിലെത്തുകയും കുറഞ്ഞ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കലാകാരനാണ് മീനരാജ് പള്ളുരുത്തി. കുമ്പളങ്ങി നൈറ്റ്‌സിലെ പെയിന്റിങ് ആശാന്‍ എന്ന കഥാപാത്രമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് 2023ല്‍ പുറത്തിറങ്ങിയ ഫാലിമി എന്ന ചിത്രത്തിലൂടെയാണ്. ബേസില്‍ ജോസഫ്, ജഗദീഷ്, സന്ദീപ് പ്രദീപ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിലെ മുത്തച്ഛന്‍ കഥാപാത്രത്തെയായിരുന്നു മീനരാജ് അവതരിപ്പിച്ചത്.

ഫാലിമി. Photo: The Indian Express

വലിയ ഹൈപ്പില്‍ നാളെ (വ്യാഴം) പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം ഖലീഫയിലും മീനരാജ് വേഷമിടുന്നുണ്ട്. ചിത്രത്തില്‍ അഭിനയിക്കവെ പൃഥ്വിരാജുമായുണ്ടായ അനുഭവത്തെ കുറിച്ച് മീനരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബി 4 ബ്ലേസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു പൃഥ്വിരാജിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

‘പൃഥ്വിരാജിന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ സെറ്റില്‍ എല്ലാം വരുമ്പോള്‍ അല്പം ഗൗരവക്കാരനെ പോലെ തോന്നും. പക്ഷേ ആളത്ര ഗൗരവക്കാരനല്ല, ഞാന്‍ സെറ്റില്‍ വെച്ചാണ് കണ്ടത്. എന്നെ കണ്ടപ്പോള്‍ ഒന്ന് ചിരിക്കും. കാപ്പി കുടിച്ചോ ചേട്ടാ എന്ന് ചോദിക്കും. നമ്മളെ സംബന്ധിച്ച് അത് മതി.

ചിത്രത്തില്‍ എന്റെ നെഞ്ചില്‍ വെടി വെക്കുന്ന സീനുണ്ട്. അതിന്റെ ഷെല്ല് നമ്മുടെ നെഞ്ചില്‍ വെയ്ക്കും. അതെല്ലാം പൃഥ്വി അവിടെ നിന്ന് നോക്കി നില്‍ക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞ് എന്റെ അടുത്തേക്ക് വന്ന് ചേട്ടന്‍ ഇതിന് മുമ്പ് ഷെല്ല് വെച്ച് അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഉടനെ മേക്കപ്പ് മാനോട് എന്റെ ചെവിയില്‍ കുറച്ച് പഞ്ഞി വെച്ച് കൊടുക്കാന്‍ പറഞ്ഞു.

പൃഥ്വിരാജ്. Photo: X.com

കാരണം ഇത് പൊട്ടുമ്പോള്‍ ആദ്യമായിട്ട് കേള്‍ക്കുന്ന ആളാണെങ്കില്‍ ഞെട്ടാന്‍ സാധ്യതയുണ്ട്. അതെല്ലാം എന്നെ പോലെ കൂടെ നില്‍ക്കുന്ന ഒരു ചെറിയ ആര്‍ടിസ്റ്റിനെ പരിഗണിക്കുകയല്ലേ. അദ്ദേഹം അവിടെയുള്ള ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധിക്കുന്നുണ്ട്. അത് ഒരു ചെറിയ കാര്യമല്ല,’ മീനരാജ് പറഞ്ഞു.

Content Highlight: Actor Meenaraj talks about his experience with star actor Prithviraj