മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് ചിത്രങ്ങളുടെ ലിസ്‌റ്റെടുത്താല്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രമാണ് അനന്തഭദ്രം. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ ഇന്നുവരെ പുറത്തിറങ്ങിയ ഡാര്‍ക്ക് ഫാന്റസി ഹൊറര്‍ ഴോണര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. ശിവപുരം എന്ന സാങ്കല്പിക ഗ്രാമത്തെയും അവിടുത്തെ കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റി നടക്കുന്ന കഥ പറയുന്ന ചിത്രത്തില്‍ കേന്ദകഥാപാത്രമായ ദിഗംബരനെ അവതരിപ്പിച്ചത് മനോജ്.കെ ജയന്‍ ആയിരുന്നു.
ദുര്‍മന്ത്രവാദിയായ ദിഗംബരനായി മറ്റാരെയും സങ്കല്പിക്കാന്‍ സാധിക്കാത്ത വിധത്തില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ചിത്രത്തില്‍ മനോജ്. കെ ജയന്‍ കാഴ്ച്ചവെച്ചത്. ഗിരീഷ് പുത്തഞ്ചേരി-എം.ജി രാധാകൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറന്ന തിരനിരയും പാട്ടിലെ താരത്തിന്റെ പ്രകടനമടക്കം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. കഥാപാത്രത്തെ കുറിച്ച് ഏറെക്കാലത്തെ പഠനം നടത്തിയ ശേഷമായിരിക്കണം താരം തന്റെ പതിവ് മാനറിസങ്ങളൊന്നും വരാത്ത വിധത്തില്‍ ദിഗംബരനെ അവതരിപ്പിച്ചതെന്നായിരുന്നു ചിത്രം കണ്ടതിന് ശേഷം പലരുടെയും വിലയിരുത്തല്‍.
എന്നാല്‍ അമൃത ടി.വി ആര്‍ക്കെവ്‌സിലൂടെ പുറത്തുവന്ന താരത്തിന്റെ പഴയ അഭിമുഖത്തില്‍ കഥാപാത്രത്തിനായി മുന്നൊരുക്കങ്ങളൊന്നും നടത്തിയിരുന്നില്ലെന്നും ഷൂട്ടിനായി സെറ്റിലെത്തിയപ്പോഴാണ് എങ്ങനെ ഈ കഥാപാത്രത്തെ ചെയ്യുമെന്ന് ആലോചിച്ചതെന്നും പറയുന്ന മനോജ്. കെ ജയന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘എന്നോട് കഥ പറഞ്ഞതിന് ശേഷം ചിത്രം തുടങ്ങിയപ്പോള്‍ ഏകദേശം ഒരു വര്‍ഷത്തോളമായി. ഇതിനിടക്ക് ഞാന്‍ ആറേഴ് പടങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നു. ഉടയോന്റെ സെറ്റില്‍ നിന്നുമാണ് അനന്തഭദ്രത്തില്‍ അഭിനയിക്കാനായി പോകുന്നത്. ദേഹത്തെല്ലാം ചെളി വാരിതേച്ച് നടക്കുന്ന ഒരു പൊട്ടന്‍ ക്യാരക്ടറാണ് ഉടയോനില്‍ ചെയ്തിരിക്കുന്നത്. രണ്ട് കഥാപാത്രങ്ങളും നേര്‍ വിപരീതമാണ്. ഉടയോന്റെ സെറ്റില്‍ നിന്നും വരിക്കാശേരി മനയിലേക്ക് വരുമ്പോഴെല്ലാം ദിഗംബരനെ എങ്ങനെ അവതരിപ്പിക്കാം എന്നാണ് ആലോചിച്ചിരുന്നത്.
സെറ്റിലെത്തിയപ്പോള്‍ എല്ലാവരും അവിടെ കാത്ത് നില്‍ക്കുന്നുണ്ട്. ചേട്ടാ പെട്ടെന്ന് റെഡിയായിക്കോ ആദ്യം പാട്ട് സീനാണ് എടുക്കുന്നതെന്ന് പറഞ്ഞു. ഏത് പാട്ടെന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. തിര നിരയും എനിക്ക് കേള്‍പ്പിച്ച് തന്നു. വളരെ ഹെവി ആയിട്ടുള്ള സോങ്. മേക്കപ്പ് ചെയ്യുമ്പോഴെല്ലാം എങ്ങനെ ചെയ്യുമെന്ന ആലോചനയിലായിരുന്നു ഞാന്‍. അത്രയും നേരം കണ്ണാടി നോക്കിയിട്ടില്ല. കാരണം ഞാനിതിന്റെ ചിന്തയിലായിരുന്നു,’ മനോജ് പറയുന്നു.
അസാധ്യമായാണ് പട്ടണത്തില്‍ റഷീദ് മേക്കപ്പ് ചെയ്തതെന്നും അത് കണ്ണാടിയില്‍ കണ്ട് കഴിഞ്ഞപ്പോള്‍ പെട്ടെന്ന് തന്നെ താന്‍ ക്യാരക്ടറിലേക്ക് കയറിയെന്നും താരം കൂട്ടിച്ചേര്‍ത്തു. മനോജ് കെ.ജയന് പുറമെ പൃഥ്വിരാജ്, കലാഭവന്‍ മണി, കാവ്യ മാധവന്‍ കൊച്ചിന്‍ ഹനീഫ, റിയ സെന്‍ തുടങ്ങിയവരും അനന്തഭദ്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. 2005 ല്‍ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിനൊപ്പം റിലീസായതിനാല്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.
Content Highlight: Actor Manoj. K Jayan talks about his character Digambaran in Anandhabhadram movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.