കന്നടയില്‍ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ ഭേദിച്ച് മുന്നേറുന്ന കാന്താര വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ദക്ഷിണ കര്‍ണാടകയിലെ പ്രചാരത്തിലുള്ള ഭൂത കോലങ്ങളുടെ പാരമ്പര്യത്തെ ഹിന്ദു വിശ്വാസങ്ങളുടെ ഭാഗമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് കാന്താര നടത്തിയിരിക്കുന്നതെന്ന വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്.
ഭൂത കോലങ്ങളിലൊന്നായ പഞ്ചുരുളി(കാട്ടുപന്നി)യെ വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ വരാഹത്തോട് ഉപമിച്ചുകൊണ്ടാണ് സിനിമ കഥ പറയുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സംവിധായകനും നായകനുമായി ഋഷഭ് ഷെട്ടി ഭൂത സങ്കല്‍പം ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ തീവ്രവലതുപക്ഷ വിഭാഗക്കാരും ഹിന്ദുത്വവാദികളും ഋഷഭ് ഷെട്ടിയുടെ പ്രസ്താവനക്ക് പിന്നാലെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തുകയായിരുന്നു. വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സിനൊപ്പമായിരുന്നു പലരും കാന്താരക്ക് സ്ഥാനം നല്‍കിയിരുന്നത്.
എന്നാല്‍ ഹിന്ദു ബ്രാഹ്മണ വിശ്വാസങ്ങളുടെ ഭാഗമല്ല ഭൂതങ്ങളെന്നും വേദിക് പിരിയഡിന് മുമ്പ് തന്നെ നിലനിന്നിരുന്ന ഇവ വാമൊഴി പാരമ്പര്യങ്ങളെയാണ് സംരക്ഷിച്ചു പോരുന്നതെന്നും ചരിത്രകാരന്മാരും സാമൂഹ്യ പ്രവര്‍ത്തകരും തെളിവുകള്‍ നിരത്തി ചൂണ്ടിക്കാട്ടിയിരുന്നു.
