മാടമ്പി ലൊക്കേഷനില്‍ ലാലേട്ടന്‍ പാര്‍ട്ടി തന്ന് ചതിച്ചു; രസകരമായ അനുഭവം പങ്കുവെച്ച് കിരണ്‍ രാജ്
Malayalam Cinema
മാടമ്പി ലൊക്കേഷനില്‍ ലാലേട്ടന്‍ പാര്‍ട്ടി തന്ന് ചതിച്ചു; രസകരമായ അനുഭവം പങ്കുവെച്ച് കിരണ്‍ രാജ്
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 16th May 2026, 10:45 pm

മോഡലിങ്ങിലൂടെ സിനിമയിലെത്തി മലയാളത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് കിരണ്‍ രാജ്. 2004ല്‍ ജോഷി സംവിധാനം ചെയ്ത റണ്‍വേ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഒട്ടനവധി വേഷങ്ങളാണ് മലയാള സിനിമയില്‍ അവതരിപ്പിച്ചിട്ടള്ളത്. ഇതില്‍ ഒന്നായിരുന്നു 2008ല്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലെ രഘു എന്ന കഥാപാത്രം.

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ ഒരു രസകരമായ അനുഭവത്തെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

മാടമ്പി. Photo: IMDB

മാടമ്പി ലൊക്കേഷനില്‍ വെച്ച് ലാലേട്ടന്റെ ബര്‍ത്ത്‌ഡേ ഉണ്ടായി. സെറ്റിലുള്ള എല്ലാവര്‍ക്കും അന്ന് ലാലേട്ടന്റെ വക പാര്‍ട്ടിയുണ്ടായിരുന്നു. രാത്രി ഞങ്ങള്‍ എല്ലാവരും ഒരു റൂമില്‍ കമ്പിനി എല്ലാം കൂടി ഇരിക്കുകയായിരുന്നു. ഒരു പന്ത്രണ്ട് മണിയെല്ലാം ആയപ്പോള്‍ സിദ്ദിഖേട്ടനും സംവിധായകനും മുങ്ങി. പിന്നെ ഞാനും ലാലേട്ടനും മറ്റൊരാളും മാത്രമായി. സംസാരിച്ചിരുന്ന് ഒരു മണിയായപ്പോള്‍ ഞാന്‍ പറഞ്ഞു ലാലേട്ടാ നമുക്ക് നിര്‍ത്താം അല്ലേ രാവിലെ ഷൂട്ടുള്ളതല്ലേ എന്ന്.

ഇരിക്ക് മോനെ സംസാരിക്കാം എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. അങ്ങനെ ഇരുന്ന് പോയി. രണ്ട് മണിയായി മൂന്ന് മണിയായി, ഞാന്‍ പറഞ്ഞു ലാലേട്ടാ മൂന്ന് മണിയായി ആറ് മണിക്ക് എഴുന്നേറ്റ് പോകേണ്ടതാ, ഇനി ഇവിടെ ഇരുന്നാല്‍ കുഴപ്പമാവും. ശരി മോനേ നമുക്ക് വൈന്‍ഡ് അപ്പ് ചെയ്യാം. അങ്ങനെ നിര്‍ത്തി റൂമില്‍ പോയി. രാവിലെ ആറ് ആറരയ്ക്ക് വണ്ടി വരും. ഞാന്‍ പോയി സുഖമായിട്ട് കിടന്നുറങ്ങി. കുറേ കഴിഞ്ഞപ്പോള്‍ ഡോറില്‍ ആരോ ഇടിക്കുന്നു.

മോഹന്‍ലാല്‍ . Photo: IMDB

ഡ്രൈവറായിരുന്ന,. എന്താണെന്ന് ചോദിച്ചപ്പോള്‍ വണ്ടി വന്നിട്ടുണ്ട് ലേറ്റായെന്ന് പറഞ്ഞു. ഫോണ്‍ ചെയ്താല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ ഒരുപാട് വിളിച്ചു കിട്ടാത്തതുകൊണ്ടാണ് മുട്ടിയതെന്ന് മറുപടി പറഞ്ഞു. ഞാന്‍ പെട്ടെന്ന് കുളിച്ച് റെഡിയായി ലൊക്കേഷനിലെത്തി. അവിടെ ചെന്നപ്പോള്‍ ഒരാള്‍ ഇരിക്കുന്നുണ്ട്, ലാലേട്ടന്‍. എന്താ മോനേ സമയത്ത് ലൊക്കേഷനില്‍ വരാന്‍ പാടില്ലേ. ഞാന്‍ പറഞ്ഞു അണ്ണാ ഇമ്മാതിരി ചതി വേണ്ടായിരുന്നു എന്ന്. കാരണം പുള്ളി കറക്ട് സമയത്ത് അവിടെയെത്തി,’ കിരണ്‍ രാജ് പറഞ്ഞു.

ബി.ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിനും കിരണ്‍ രാജിനും പുറമെ അജ്മല്‍ അമീര്‍, സിദ്ദിഖ്, സായി കുമാര്‍, ജഗതി ശ്രീകുമാര്‍, കാവ്യ മാധവന്‍ തുടങ്ങി വമ്പന്‍ താരനിരയും അണിനിരന്നിരുന്നു.

Content Highlight: Actor Kiran raj shares his experience with mohanlal in madampi location

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.