വിനീത് ശ്രീനിവാസന്‍ തനിക്ക് ചേട്ടന്‍ മാത്രമല്ല, അച്ഛന്റെ സ്ഥാനത്താണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛനായ ശ്രീനിവാസന്‍ ചെയ്യാത്തതൊക്കെ തനിക്ക് വേണ്ടി ചെയ്ത് തന്നത് വിനീതാണെന്നും ധ്യാന്‍ പറഞ്ഞു.

സിനിമയിലേക്ക് കൊണ്ടുവന്നത് അച്ഛനല്ല, ചേട്ടനാണെന്നും ശ്രീനിവാസന്റെ മകനായതുകൊണ്ട് അവസരങ്ങള്‍ക്ക് വേണ്ടി ഡയറക്ടറുടെ അടുത്തേക്ക് പോകാന്‍ തനിക്ക് മടിയുണ്ടെന്നും ധ്യാന്‍ പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ചേട്ടന്‍ ഭയങ്കര ഉപദേശിയാണ്. അദ്ദേഹത്തെ ഞാന്‍ കാണുന്നത് അച്ഛന്റെ സ്ഥാനത്താണ്. കാരണം ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ചേട്ടനാണ് എന്നെ പ്രൊട്ടക്ട് ചെയ്തത്.

കല്യാണത്തിന് മുന്നേ വരെ ഞാന്‍ ചേട്ടന്റെ അടുത്താണ് താമസിച്ചത്. അച്ഛന്‍ ചെയ്യാത്ത കാര്യങ്ങളൊക്കെ എനിക്ക് വേണ്ടി ചെയ്ത് തന്നത് ചേട്ടനാണ്.

അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അല്ലാതെ അച്ഛനല്ല. ഞാന്‍ സിനിമയില്‍ വരണമെന്ന് അച്ഛന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ശ്രീനിവാസന്‍ എന്ന ലേബല്‍ ജനിച്ചപ്പോള്‍ തൊട്ട് ഉള്ളതാണല്ലോ.

എനിക്ക് ഒരാളുടെ അടുത്ത് പോയിട്ട് അവസരം ചോദിക്കാന്‍ മടിയുണ്ട്. കാരണം ശ്രീനിവാസന്റെ മോനല്ലെ. ശ്രീനിവാസന്റെ മോനല്ലായിരുന്നെങ്കില്‍ ഞാന്‍ കുറച്ചുകൂടെ ആളുകളുടെ അടുത്ത് അവസരങ്ങള്‍ തേടി പോകുമായിരുന്നു. എനിക്ക് തോന്നിയ കാര്യങ്ങളാണ് പറയുന്നത്.

പക്ഷെ എന്തൊക്കെ പറഞ്ഞാലും ശ്രീനിവാസന്‍ എന്ന ലേബലാണ് നമ്മളെ ജനങ്ങള്‍ക്കിടയില്‍ നിലനിര്‍ത്തുന്നത്. പിന്നെ നമ്മള്‍ തെളിയിക്കുക എന്നതാണല്ലോ.

ഞാന്‍ സിനിമയില്‍ വന്നിട്ട് പത്തുവര്‍ഷമായി. പക്ഷെ ഞാന്‍ ഇപ്പോഴും വിചാരിക്കുന്നത്, പത്താം ക്ലാസില്‍ എത്തിയിട്ടെയുള്ളൂ എന്നാണ്. ഇനിയാണ് നമ്മള്‍ കരിയര്‍ ബില്‍ഡ് ചെയ്യേണ്ടത്.

ഇപ്പോള്‍ ഒരു ബേസുണ്ട്. ഞാന്‍ പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങി, ഡയറക്ട് ചെയ്തു, അഭിനയിച്ചു. ഇനി ഇവിടെ നിന്നും നമ്മള്‍ തുടങ്ങണം.എനിക്ക് വലിയ സിനിമകള്‍ ചെയ്യാനാണ് ഇഷ്ടം. അതിന് ഇനിയും രണ്ടു വര്‍ഷം ഞാന്‍ കാത്തിരിക്കണം,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: actor dhyan sreenivasan about sreenivasan and vineeth sreenivasan