ആദ്യ സിനിമയിൽ വന്ന് പഞ്ച് ഡയലോഗ് പറഞ്ഞാൽ പ്രേക്ഷകർക്കു ദഹിക്കില്ല: ആര്യ
ബോസ് എങ്കിറ ഭാസ്കരൻ, മദ്രസാപട്ടിണം, നാൻ കടവുൾ, സർപട്ട പരമ്പരൈ തുടങ്ങി നിരവധി ഹിറ്റ് തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ഇടം നേടിയ നടനാണ് ആര്യ. ഉറുമി, ഡബിൾ ബാരൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ് താരം. എന്നാൽ മലയാളത്തിൽ ആദ്യമായി ഒരു മുഴുനീള നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനന്തൻ കാടിലൂടെയാണ്. മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ജൂൺ 26-ന് തിയേറ്ററുകളിലെത്തും.

ആര്യ.Photo.Screen grab/India Today
മലയാള സിനിമയിൽ ഒരു മുഴുനീള നായക കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നും അതിനായി നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ആര്യ പറഞ്ഞു. എഫ്.ടി.ക്യു രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മലയാളത്തിൽ ഞാൻ നിർമിച്ച ഡബിൾ ബാരൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. അത്തരം കഥാപാത്രങ്ങൾ വരുമ്പോൾ എന്റെ ഷെഡ്യൂളിന് അനുസരിച്ച് പത്ത് ദിവസത്തിനുള്ളിൽ ഷൂട്ട് പൂർത്തിയാക്കാൻ സാധിക്കുമായിരുന്നു. പക്ഷേ അപ്പോഴും മലയാളത്തിൽ ഒരു മുഴുനീള നായക കഥാപാത്രം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.
അതിന് നല്ലൊരു സ്ക്രിപ്റ്റ് , പ്രൊഡക്ഷൻ ഹൗസ് എന്നീ ക്രൈറ്റീരിയാസ് ഉണ്ടായിരുന്നു . മലയാളത്തിൽ ഒരു സിനിമ ചെയ്യുമ്പോൾ തുടർച്ചയായി മൂന്നോ നാലോ മാസം വരെ സമയം മാറ്റിവെക്കേണ്ടി വരും. അതുകൊണ്ട് ഒരു നല്ല അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് അനന്തൻ കാടിന്റെ തിരക്കഥ ഞാൻ കേൾക്കുന്നത്.
ഈ സിനിമയിൽ ഞാൻ അവതരിപ്പിക്കുന്നത് ഒരു തമിഴ് കഥാപാത്രത്തെയാണ്. മലയാളത്തിൽ ഒരു മുഴുനീള കഥാപാത്രം ചെയ്യുമ്പോഴും പ്രേക്ഷകർ എന്നെ ഒരു തമിഴ് നടനായിട്ടായിരിക്കും കാണുക. അതുകൊണ്ട് തന്നെ ആദ്യ സിനിമയിൽ വന്ന് മലയാളത്തിൽ പഞ്ച് ഡയലോഗുകൾ പറയുന്നതിനേക്കാൾ ഒരു തമിഴ് സംസാരിക്കുന്ന കഥാപാത്രം ചെയ്യുന്നതാണ് കൂടുതൽ സ്വാഭാവികമെന്ന് തോന്നി. പ്രേക്ഷകർക്കും അത് എളുപ്പത്തിൽ സ്വീകരിക്കാൻ സാധിക്കും.
അതോടൊപ്പം തന്നെ ആ കഥാപാത്രത്തോട് തോന്നിയ ഇമോഷണൽ കണക്ഷൻ, സിനിമയുടെ സ്കെയിൽ, മുരളി ഗോപിയുടെ തിരക്കഥ, ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ ആർക്ക് എന്നിവയും അനന്തൻ കാടിലേക്ക് എന്നെ ആകർഷിച്ച പ്രധാന ഘടകങ്ങളായിരുന്നു,’ ആര്യ പറഞ്ഞു

അനന്തൻ കാട് .photo.IMDb
Content Highlight: Actor arya talks about his hero character in malayalam movie