ന്യൂദൽഹി: പ്രമുഖ രാഷ്ട്രീയ കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ഇന്ത്യയിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.
സെപ്റ്റംബർ 28 തിങ്കളാഴ്ച മുതലാണ് അക്കൗണ്ട് രാജ്യത്ത് ലഭ്യമല്ലാതായത്. 2023-ൽ പ്രസിദ്ധീകരിച്ചതടക്കമുള്ള അദ്ദേഹത്തിന്റെ മുൻകാല കാർട്ടൂണുകൾക്കും ഇൻസ്റ്റാഗ്രാം ഇപ്പോൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഐ.ടി ചട്ടങ്ങൾ അനുസരിച്ചുള്ള നിയമപരമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് അക്കൗണ്ട് താത്ക്കാലികമായി നിയന്ത്രിച്ചിരിക്കുന്നതെന്നാണ് പേജിൽ കാണിക്കുന്ന സന്ദേശം.
തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട വിവരങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സൗത്ത് ഫസ്റ്റ് മാധ്യമത്തിനായി സതീഷ് ആചാര്യ വരച്ച കാർട്ടൂണും ബ്ലോക്ക് ചെയ്തവയിൽ ഉൾപ്പെടുന്നു. സൗത്ത് ഫസ്റ്റിന്റെ ഇൻസ്റ്റാഗ്രാം പേജിലും ഈ കാർട്ടൂൺ നിലവിൽ ലഭ്യമല്ല.
ഐ.ടി ആക്ട് സെക്ഷൻ 79(3)(b) പ്രകാരം സർക്കാരിൽ നിന്നോ നിയമപാലകരിൽ നിന്നോ ലഭിച്ച നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ഇൻസ്റ്റാഗ്രാം നൽകിയ നോട്ടീസിൽ പറയുന്നു. പഴയ കാർട്ടൂണുകൾ പോലും ബ്ലോക്ക് ചെയ്യപ്പെടുന്നതിനെതിരെ ‘ഭയത്തിനപ്പുറം വിജയമില്ല സാഹിബ്! 2023-ലെ കാർട്ടൂണുകൾ പോലും ഇപ്പോൾ വിലക്കപ്പെടുന്നു’ എന്ന് സതീഷ് ആചാര്യ എക്സിൽ കുറിച്ചു.
സർക്കാർ നടപടിക്കെതിരെ പ്രധാനമന്ത്രിയുടെ പഴയൊരു പ്രസ്താവന ഓർമ്മിപ്പിച്ചുകൊണ്ടും ആചാര്യ പരിഹാസമുന്നയിച്ചു. 2018 ഡിസംബറിൽ പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ.കെ. ലക്ഷ്മണിന്റെ കാർട്ടൂണുകൾ ഡിജിറ്റൈസ് ചെയ്ത ചടങ്ങിൽ, ‘കാർട്ടൂണുകൾക്ക് രോഗശാന്തി നൽകാനുള്ള കഴിവുണ്ട്, കാർട്ടൂണിസ്റ്റുകൾ ദൈവത്തോട് കൂടുതൽ അടുത്തവരാണ്’ എന്ന് മോദി പറഞ്ഞിരുന്നു. ഈ വാക്കുകൾ ഓർമ്മിപ്പിച്ച് ‘വാഹ് മോദിജി വാഹ്! #BlockSarkar’ എന്നാണ് അദ്ദേഹം കുറിച്ചത്.
സതീഷ് ആചാര്യയുടെ സൃഷ്ടികൾക്ക് നിയന്ത്രണം നേരിടേണ്ടി വരുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാർച്ചിലും സൗത്ത് ഫസ്റ്റിനായി വരച്ചതടക്കം രണ്ട് കാർട്ടൂണുകൾ നീക്കം ചെയ്യാൻ ഐ.ടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എക്സ് വഴി അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിരുന്നു. ഇന്ത്യയിൽ ഈ ഉള്ളടക്കങ്ങൾ തടഞ്ഞുവെങ്കിലും വിദേശ രാജ്യങ്ങളിൽ ഇവ തുടർന്നും ലഭ്യമാണ്.
Content Highlight:Action After Criticizing Modi: Cartoonist Satish Acharya’s Instagram Page Blocked in India.
