ദല്‍ഹിയെ പൊളിച്ചടുക്കിയപ്പോള്‍ കരയേണ്ടി വന്നത് സാക്ഷാല്‍ ഗെയ്‌ലിന്‌; അഭിഷേകേ... ഒരു മയവുമില്ലാത്ത അടിയായിപ്പോയി!
Cricket
ദല്‍ഹിയെ പൊളിച്ചടുക്കിയപ്പോള്‍ കരയേണ്ടി വന്നത് സാക്ഷാല്‍ ഗെയ്‌ലിന്‌; അഭിഷേകേ... ഒരു മയവുമില്ലാത്ത അടിയായിപ്പോയി!
ശ്രീരാഗ് പാറക്കല്‍
Wednesday, 22nd April 2026, 9:15 am

ഐ.പി.എല്‍ ചരിത്രത്തില്‍ ദല്‍ഹി ക്യാപ്റ്റല്‍സിനെതിരെ ഒരു ഇന്നിങ്സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമായി സണ്‍ റൈസേഴ്സ് ഹൈദരാബാദ് സൂപ്പര്‍ താരം അഭിഷേക് ശര്‍മ. കഴിഞ്ഞ ദിവസം ദല്‍ഹിക്കെതിരെ നടന്ന വെടിക്കെട്ട് സെഞ്ച്വറി പ്രകടനത്തിന്റെ മികവിലാണ് താരം റെക്കോഡ് സ്വന്തമാക്കിയത്.

നേരിട്ട 47ാം പന്തില്‍ സെഞ്ച്വറിയടിച്ചാണ് താരം മിന്നിത്തിളങ്ങിയത്. 68 പന്തില്‍ 10 ഫോറും 10 സിക്സും ഉള്‍പ്പെടെ 135* റണ്‍സ് നേടി പുറത്താകാതെയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിത്. 198.53 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് ചെയ്തത്.

ഐ.പി.എല്ലില്‍ അഭിഷേകിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ക്രിസ് ഗെയ്ല്‍ നേടിയ 128* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മറികടന്നാണ് അഭിഷേക് ദല്‍ഹിക്കെതിരെ 135* റണ്‍സിന്റെ ഉയര്‍ന്ന സ്‌കേര്‍ രേഖപ്പെടുത്തിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒരു ഇന്നിങ്സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്നവര്‍ (താരം, റണ്‍സ്, ടീം,വര്‍ഷം എന്ന ക്രമത്തില്‍)

അഭിഷേക് ശര്‍മ – 135* – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2026

ക്രിസ് ഗെയ്ല്‍ – 128* – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2012

മുരളി വിജയ് – 113 – ചെന്നൈ സൂപ്പര്‍ കിങ്സ് – 2012

അജിന്‍ക്യ രഹാനെ – 105* – രാജസ്ഥാന്‍ റോയല്‍സ് – 2019

അതേസമയം ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഉദയസൂര്യന്മാരുടെ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കാന്‍ ഹൈദരാബാദിന് സാധിച്ചു.

ഏപ്രില്‍ 25ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരില്‍ നടക്കുന്ന മത്സരം പൊടിപാറുംമെന്നാണ് ആകാധകര്‍ വിലയിരുത്തുന്നത്. നിലവില്‍ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. രാജസ്ഥാന്‍ എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റിന്റെ അഭാവത്തിലാണ് രാജസ്ഥാന്‍ നാലാം സ്ഥാനത്തെത്തിയത്.

Content Abhishek Sharma Surpass Chris Gayle In Great Record Against Delhi Capitals

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ