അയര്‍ലാന്‍ഡിനെതിരെയുള്ള രണ്ട് ടി – 20 മത്സരങ്ങളിലും പരാജയപ്പെട്ട് ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. അവസാന മത്സരത്തില്‍ ഒരു റണ്ണിന് തോല്‍വി വഴങ്ങിയതോടെയാണ് ഐറിഷ് പടയോട് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സംഘം പരമ്പര നഷ്ടപ്പെടുത്തിയത്. ജയ് മൂന്ദ്രയുടെ മികവിലാണ് അയര്‍ലന്‍ഡിന് നേട്ടം.
മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ നാലാം പന്തിലായിരുന്നു താരത്തിന്റെ മടക്കം. ജയ് മൂന്ദ്രയ്ക്കാണ് വിക്കറ്റ്.
ഒരിക്കല്‍ കൂടി പൂജ്യത്തിന് പുറത്തായതോടെ അഭിഷേക് ഒരു അനാവശ്യ നേട്ടത്തിലും ഒന്നാമതായി. ടി – 20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാനും പാക് താരം ശദാബ് ഖാനുമൊപ്പമാണ് ഇന്ത്യന്‍ ഓപ്പണര്‍ തന്റെ പേര് ചേര്‍ത്തുവെച്ചത്.
മൂവരും ഒരു കലണ്ടര്‍ ഇയറില്‍ ഒമ്പത് തവണയാണ് ഡക്കായത്. റാഷിദ് ഖാന്‍ 2019ലും ശദാബ് ഖാന്‍ 2024ലായിരുന്നു ഇത്ര തവണ പൂജ്യത്തിന് പുറത്തായത്. ഇപ്പോള്‍ ഈ വര്‍ഷം പകുതിയായപ്പോഴേക്കും അഭിഷേകും ഈ മോശം നേട്ടത്തില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.
ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടിയ താരങ്ങള്‍
(താരം – ടീം – വര്‍ഷം – ഡക്കുകള്‍ എന്നീ ക്രമത്തില്‍)
റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – 2019 – 9
ശദാബ് ഖാന്‍ – പാകിസ്ഥാന്‍ – 2024 – 9
അഭിഷേക് ശര്‍മ – ഇന്ത്യ – 2026- 9*
ഹെര്‍ഷല്‍ ഗിബ്‌സ് – സൗത്ത് ആഫ്രിക്ക – 2009 – 8
സുനില്‍ നരെയ്ന്‍ – വെസ്റ്റ് ഇന്‍ഡീസ് – 2017 – 8
റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – 2021 – 8
അലക്‌സ് ഹെയ്ല്‍സ് – ഇംഗ്ലണ്ട് – 2023 – 8
റിച്ചാര്‍ഡ് എന്‍ഗരവ – സിംബാബ്വെ – 2024 – 8
ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 2025 – 8
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പരയില്‍ തന്നെ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒറ്റ സീരിസും തോല്‍വിയറിയാതെ മുന്നേറിയതിന് ശേഷമാണിത്. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയാണ്. ജൂലൈ ഒന്നിനാണ് പരമ്പര ആരംഭിക്കുന്നത്.
Content Highlight: Abhishek Sharma equals with Rashid Khan and Shadab Khan in most ducks in T20s in a calendar year