ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി അറസ്റ്റിലായ സി.ജെ.പി നേതാക്കളെ ജാമ്യത്തില്‍ വിട്ടത് ഒരു വര്‍ഷത്തേയ്ക്ക് നല്ല പെരുമാറ്റം ഉറപ്പാക്കുന്ന ബോണ്ട് ഒപ്പിട്ടിട്ടാണെന്ന് ദല്‍ഹി പൊലീസ്.

എന്നാല്‍ താന്‍ സമരം നടത്തില്ല എന്ന് പറയുന്ന ഒരു ബോണ്ടിലും ഒപ്പിട്ടിട്ടില്ലെന്നും നാളെ മുതല്‍ തെരുവിലിറങ്ങുമെന്നും സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ അറിയിച്ചു.

‘ബി.എന്‍.എസ്.എസ് 126/170 വകുപ്പുകള്‍ പ്രകാരം അഭിജീത് ദീപ്‌കെ, അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ 10.10.2026 ന് കരുതല്‍ തടങ്കലിലെടുത്തു. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് 11.10.2026ന് ഇവരെ ദല്‍ഹി കാന്റ് എസ്.ഇ.എം കോടതിയില്‍ ഹാജരാക്കി.

സമാധാനം നിലനിര്‍ത്തുന്നതിനും നല്ല പെരുമാറ്റം ഉറപ്പാക്കുന്നതിനുമായി ഒരു വര്‍ഷത്തേക്ക് 50,000 രൂപയുടെ ജാമ്യബോണ്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് എസ്.ഇ.എം കോടതി ഇവരെ വിട്ടയച്ചു’, ദല്‍ഹി പൊലീസ് എക്‌സില്‍ കുറിച്ചു.

ഇതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് സമരങ്ങളിലൊന്നും പങ്കെടുക്കില്ലെന്ന് ഒപ്പിട്ട് കൊടുത്താണ് സി.ജെ.പി നേതാക്കള്‍ പുറത്തിറങ്ങിയതെന്നും അവര്‍ ഇനി പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്നും വാര്‍ത്തകള്‍ വന്നത്.

ഇതിന് മറുപടിയുമായി അഭിജീത് ദീപ്‌കെയും സൗരവ് ദാസും രംഗത്ത് വന്നു. സമരത്തിനിറങ്ങില്ലെന്ന് ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നും നാളെ വീണ്ടും ഇറങ്ങുന്നുവെന്ന് ദീപ്‌കെ എക്‌സിലൂടെ പറഞ്ഞു. താനും അങ്ങനെ തന്നെ എന്ന് സൗരവ് ദാസ് എക്‌സില്‍ കുറിച്ചു.

ഇതിന് പിന്നാലെ സി.ജെ.പിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ ദീപ്‌കെ ഒപ്പ് വെച്ച ബോണ്ട് എന്ന പേരില്‍ എ.ഐ വെച്ച് നിര്‍മിച്ച രേഖ പങ്കുവെച്ചിരുന്നു.

തങ്ങളെ തടഞ്ഞ് വെച്ച സമയത്ത് ഫോണുകള്‍ പിടിച്ചെടുത്തെങ്കിലും അത് സംബന്ധിച്ച രേഖകളോ ഹാഷ് നമ്പരുകളോ നല്‍കിയില്ലെന്നും ഫോണുകള്‍ ഹാക്ക് ചെയ്യുകയോ, അല്ലെങ്കില്‍ കുറഞ്ഞ പക്ഷം നിയമവിരുദ്ധമായി ക്ലോണ്‍ ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്ന് ന്യായമായ സംശയമുണ്ടെന്നും സൗരവ് ദാസ് പറഞ്ഞിരുന്നു.

പ്രസ്ഥാനത്തിനെതിരെ ഗൂഢാലോചന നടത്തുന്നതിനാവശ്യമായ വ്യാജ തെളിവുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തുകയാകാം ഇതിന്റെ ലക്ഷ്യമെന്നും സൗരവ് ദാസ് പറഞ്ഞു.

Content Highlight: Abhijeet Dipke denies the news that  he signed  a  bond that says  he wont  protest.