എന്ത് വന്നാലും ഗെയ്ക്വാദിനെ പിന്തുണക്കണം, സഞ്ജുവിനെ കുറിച്ചുള്ള അത്തരം ചോദ്യങ്ങൾ മുഖവിലക്കെടുക്കരുത്: ഡി വില്ലിയേഴ്സ്
Cricket
എന്ത് വന്നാലും ഗെയ്ക്വാദിനെ പിന്തുണക്കണം, സഞ്ജുവിനെ കുറിച്ചുള്ള അത്തരം ചോദ്യങ്ങൾ മുഖവിലക്കെടുക്കരുത്: ഡി വില്ലിയേഴ്സ്
ഫസീഹ പി.സി.
Tuesday, 17th March 2026, 2:45 pm

സഞ്ജു സാംസണ്‍ ടീമിലെത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സ് (സി.എസ്.കെ) ഋതുരാജ് ഗെയ്ക്വാദിനെ തന്നെ ക്യാപ്റ്റനായി പിന്തുണക്കണമെന്ന് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡി വില്ലിയേഴ്സ്. സി.എസ്.കെ നിലവില്‍ മികച്ച ക്യാപ്റ്റന് കീഴിലാണെന്നും സഞ്ജുവിനെ ക്യാപ്റ്റനാക്കാന്‍ അവര്‍ ആലോചിക്കുന്നുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജുവിനെ ക്യാപ്റ്റനാക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ സി.എസ്. കെ മുഖവിലക്കെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ഡി വില്ലിയേഴ്സ്.

എ.ബി ഡി വില്ലിയേഴ്‌സ്. Photo: Indian Cricket Netwrk/x.com

‘സി.എസ്.കെ ഇപ്പോള്‍ ശരിയായ ക്യാപ്റ്റന് കീഴിയിലാണ്. സഞ്ജു സാംസണിനെ ക്യാപ്റ്റനാക്കാന്‍ അവര്‍ ആലോചിക്കുന്നുപോലുമുണ്ടാവില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവര്‍ ഋതുരാജ് ഗെയ്ക്വാദിനെ പിന്തുണച്ചിട്ടുണ്ട്. ഇനിയും അത് തുടരണം.

‘സഞ്ജുവിനെ ക്യാപ്റ്റനാക്കുമോ’ എന്ന് മാധ്യമങ്ങള്‍ ചോദിച്ചേക്കാം. അത്തരം ചോദ്യങ്ങള്‍ സി.എസ്.കെ മുഖവിലക്കെടുക്കരുത്. അത്തരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അവര്‍ കൃത്യമായും വ്യക്തമായും ഋതുരാജാണ് ഞങ്ങളുടെ ക്യാപ്റ്റനെന്ന് പറയണം. മറ്റാരാളെയും ക്യാപ്റ്റനാക്കുന്നതില്‍ ചര്‍ച്ചയില്ലെന്നും വ്യക്തമാക്കണം. സഞ്ജുവും ധോണിയും മറ്റ് സീനിയര്‍ താരങ്ങളും ഋതുരാജിന് പിന്തുണ നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രികേരിക്കേണ്ടത്,’ ഡി വില്ലിയേഴ്സ് പറഞ്ഞു.

2024ലാണ് ഋതുരാജ് ഗെയ്ക്വാദ് ചെന്നൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. സീസണിന് മുന്നോടിയായി എം.എസ് ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെയായിരുന്നു ഇത്. എന്നാല്‍, സഞ്ജു സാംസണ്‍ രാജസ്ഥാനില്‍ നിന്ന് ചെന്നൈക്കെത്തിയത് മുതല്‍ താരം ക്യാപ്റ്റനായേക്കുമെന്ന് ചര്‍ച്ചകള്‍ സജീവമായിരുന്നു.

ഋതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും. Photo: Cricket Fast Live Line

എം.എസ് ധോണിക്ക് ശേഷം വിക്കറ്റ് കീപ്പറായും ഒരു നായകനായും പരിഗണിച്ചാണ് സഞ്ജുവിനെ ചെന്നൈ ടീമിലെത്തിച്ചതെന്ന അഭ്യൂഹങ്ങള്‍ ഇപ്പോഴും ശക്തമാണ്. കൂടാതെ, മലയാളി താരത്തെ ക്യാപ്റ്റനാക്കണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി വില്ലിയേഴ്‌സിന്റെ പ്രതികരണം.

അതേസമയം, മാര്‍ച്ച് 28ന് ഐ.പി.എല്‍ 2026 സീസണിന് തുടക്കമാകും. മൂന്നാം ദിവസമായ മാര്‍ച്ച് 30നാണ് ചെന്നൈയുടെ ആദ്യ മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് ഈ സീസണിലെ ആദ്യ എതിരാളി.

Content Highlight: AB De Villiers says CSK should not entertain the question handing captaincy to Sanju Samson and back should Ruturaj Gaikwad

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി