എന്ത് തെറ്റ് സംഭവിച്ചാലും ആദ്യ വിമര്‍ശനം സഞ്ജുവിനായിരിക്കും: മുന്‍ ഇന്ത്യന്‍ താരം
Cricket
എന്ത് തെറ്റ് സംഭവിച്ചാലും ആദ്യ വിമര്‍ശനം സഞ്ജുവിനായിരിക്കും: മുന്‍ ഇന്ത്യന്‍ താരം
സുദേവ് എ
Monday, 29th June 2026, 11:08 am

അയര്‍ലാന്‍ഡിനെതിരായ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ പൂജ്യത്തിനുമാണ് മടങ്ങിയത്.

ഇപ്പോള്‍ സഞ്ജുവിന്റെ ഈ മോശം പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സഞ്ജുവിന്റെ ഫോമിനെക്കുറിച്ച് അല്പം ആശങ്കയുണ്ടെന്നാണ് ചോപ്ര പറഞ്ഞത്. രണ്ടാം മത്സരത്തില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ചോപ്ര വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘സഞ്ജു ആദ്യ പന്തില്‍ തന്നെ പുറത്തായി. ഇതില്‍ എനിക്ക് അല്പം ആശങ്കയുണ്ട്. കാരണം എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ആദ്യം വിമര്‍ശനം കേള്‍ക്കുക സഞ്ജുവാണ്. ആദ്യ മത്സരത്തില്‍ പുറത്തായാലും സഞ്ജു രണ്ടാം മത്സരത്തില്‍ മികച്ച ഇന്നിങ്സ് കളിച്ചുകൊണ്ട് റണ്‍സ് നേടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.

രണ്ടാം ടി-20യില്‍ പൂജ്യത്തിന് മടങ്ങിയതോടെ ഒരു മോശം റെക്കോഡും സഞ്ജു സ്വന്തമാക്കി. ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായാണ് സഞ്ജു മാറിയത്.

എട്ട് തവണയാണ് സഞ്ജു ഇതുവരെ ഇന്ത്യന്‍ കുപ്പായത്തില്‍ ഡക്കായത്. ഏഴ് തവണ പൂജ്യത്തിന് മടങ്ങിയ അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി എന്നിവരെയാണ് സഞ്ജു ഈ മോശം റെക്കോഡില്‍ മറികടന്നത്.

അതേസമയം അവസാന ടി-20യില്‍ ഒരു റണ്ണിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ പരാജയപ്പെടുന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

 

Content Highlight: Aakash Chopra talks about Sanju Samson performance against Ireland

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.