പേര്‌കേട്ട ബൗളര്‍മാരെയെല്ലാം അവന്‍ അടിച്ചുകൊണ്ടിരിക്കുകയാണ്; പ്രശംസയുമായി ആകാശ് ചോപ്ര
Cricket
പേര്‌കേട്ട ബൗളര്‍മാരെയെല്ലാം അവന്‍ അടിച്ചുകൊണ്ടിരിക്കുകയാണ്; പ്രശംസയുമായി ആകാശ് ചോപ്ര
ശ്രീരാഗ് പാറക്കല്‍
Sunday, 26th April 2026, 11:52 am

രാജസ്ഥാന്‍ യുവ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഹൈദരാബാദിനെതിരായ സെഞ്ച്വറിയില്‍ വൈഭവ് നേടിയ റെക്കോഡുകളെല്ലാം എണ്ണിപ്പറഞ്ഞാണ് ചോപ്ര താരത്തെ പുകഴ്ത്തിയത്. മാത്രമല്ല പേര് കേട്ട ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ജോഷ് ഹേസല്‍വുഡ്, ട്രെന്റ് ബോള്‍ട്ട്, പാറ്റ് കമ്മിന്‍സ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ സിക്‌സര്‍ പറത്തുന്ന വൈഭവിന്റെ കഴിവിനെയും അദ്ദേഹം വാഴ്ത്തി പറഞ്ഞു.

‘ഒരു ഐ.പി.എല്‍ ഇന്നിങ്സിലെ ആദ്യ ഓവറില്‍ നാല് സിക്‌സറുകള്‍ നേടുന്ന ആദ്യ ബാറ്ററായി അവന്‍ മാറി. 15 പന്തില്‍ താഴെ മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ ഏക കളിക്കാരനാണ് അവന്‍. ടി-20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമാണ്, ഐ.പി.എല്‍ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 സിക്‌സറുകള്‍ നേടുന്ന താരമാണ്. വെറും 15 ഇന്നിങ്സുകളില്‍ നിന്നാണ് അവന്‍ ഇത് നേടിയത്. ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ (12) ഇന്ത്യന്‍ ബാറ്ററാണ് വൈഭവ് സൂര്യവംശി.

അവന്‍ പാറ്റ് കമ്മിന്‍സിനെയും സിക്‌സര്‍ പറത്തി. ആദ്യ പന്തില്‍ തന്നെ ഫോറോ സിക്‌സറോ അടിക്കാന്‍ സാധ്യതയുള്ള നല്ല കളിക്കാരുടെ ഒരു പട്ടിക അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്, ജസ്പ്രീത് ബുംറ, ജോഷ് ഹേസല്‍വുഡ്, ട്രെന്റ് ബോള്‍ട്ട്, പാറ്റ് കമ്മിന്‍സ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കെതിരെ അവന്‍ ബാറ്റ് ചെയ്ത രീതി അതാണ്. അവന്‍ അത് തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നു,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഉദയസൂര്യന്‍മാരുടെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു പടുത്തുയര്‍ത്തിയത്. മറുപടിക്കിറങ്ങിയ ഹൈദരാബാദ് ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

ഹൈദരാബാദിനെതിരെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് 15 വയസുകാരനായ വൈഭവ് സൂര്യവംശിയായിരുന്നു. രണ്ടാം സെഞ്ച്വറി അടിച്ചെടുത്താണ് വൈഭവ് താണ്ഡവമാടിയത്. 37 പന്തില്‍ എണ്ണം പറഞ്ഞ 12 കൂറ്റന്‍ സിക്സറും അഞ്ച് ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 278.38 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

Content Highlight: Aakash Chopra Talking About Vaibhav Suryavanshi

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ