കോഴിക്കോട്: മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ആദി ഇന്ന് റിലീസ് ചെയ്തു. ഏറെ നാളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആദി. അതിനാല്‍ തന്നെ മിക്ക തിയ്യറ്ററുകളും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇതിനിടെ കോഴിക്കോട് ആര്‍.പി മാളിലെ പി.വി.ആര്‍ മൂവിസില്‍ ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയത് സംഘര്‍ഷത്തിന് ഇടയാക്കി. ചിത്രത്തിന്റെ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കെ വൈദ്യതി ബന്ധം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് പ്രേക്ഷകര്‍ ബഹളം വ്ച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. പൊലീസ് എത്തിയതിന് ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. സിനിമ കാണാനെത്തിയവര്‍ക്ക് ടിക്കറ്റിന്റെ പണം തിരിച്ചു നല്‍കുകയും ചെയ്തു.

ഇന്റര്‍വെല്ലിന് ശേഷമായിരുന്നു പ്രദര്‍ശനം മുടങ്ങിയത്. അതേസമയം, ആദി ആദ്യം ദിനം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. എല്ലായിടത്തു നിന്നും മികച്ച പ്രകടനമാണ് ഇതുവരെയും ലഭിച്ചു വരുന്നത്.

നേരത്തെ ആദിയിലൂടെ അരങ്ങേറുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ പ്രണവിന് ആശംസ നേര്‍ന്നിരുന്നു.