കണ്ണൂര്‍: കണ്ണൂര്‍ മല്ലിയോട്ട് കാവ് ഉത്സവത്തിനിടെ പെണ്‍കുട്ടികളുടെ സ്റ്റാള്‍ തകര്‍ത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വിശദീകരണവുമായി പെണ്‍കുട്ടികള്‍.
പെണ്‍കുട്ടികള്‍ ക്ഷേത്ര കമ്മിറ്റിക്കാരോട് തര്‍ക്കിക്കുന്ന വീഡിയോയായിരുന്നു വലിയ രീതിയില്‍ പ്രചരിച്ചത്.
‘വിഷുവിന്റെ ഭാഗമായി മല്ലിയോട്ട് പാലോട്ട് കാവിനടുത്ത് ഒരു സ്റ്റാള്‍ ഇട്ടിട്ടുണ്ടായിരുന്നു. എല്ലാ അനുമതികളും വാങ്ങിയിട്ട് തന്നെയാണ് സ്റ്റാള്‍ ഇട്ടത്. സ്വന്തം വീട്ടില്‍ സ്റ്റാള്‍ ഇടുമ്പോള്‍ അമ്പലം കമ്മിറ്റിക്കാരുടെ അനുമതി വേണമെന്ന കാര്യം അറിയില്ലായിരുന്നു.
അറിഞ്ഞിരുന്നെങ്കില്‍ അതെടുക്കാനും അവര്‍ക്ക് വേണ്ട പണം കൊടുക്കാനും തയ്യാറായിരുന്നു,’ കസിന്‍സ് ക്രൂ എന്ന അക്കൗണ്ടില്‍ നിന്നും പുറത്തുവിട്ട വീഡിയോയില്‍ പെണ്‍കുട്ടികള്‍ പറയുന്നു.
രാത്രിയില്‍ കമ്മിറ്റിക്കാര്‍ വന്ന് പരുഷമായി പെരുമാറുകയായിരുന്നുവെന്നും സ്റ്റാള്‍ തട്ടി താഴെയിടുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
‘ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ സ്റ്റാള്‍ ഇട്ടത്. അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകളും ചിലവും ഉണ്ട്. അത് പെട്ടെന്നൊരുത്തന്‍ വന്ന് താഴെ ഇട്ടപ്പോള്‍ ദേഷ്യം വന്നു. നമ്മളും തര്‍ക്കിച്ചു. ആ വീഡിയോയാണ് വൈറലായത്,’ പെണ്‍കുട്ടികള്‍ വ്യക്തമാക്കി.
എന്നാല്‍ തങ്ങള്‍ ഒരിക്കലും വിചാരിക്കാത്ത രീതിയിലാണ് വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നതെന്നും തട്ടിയിട്ടിട്ടും അയാളുടെ അടുത്ത് നിന്ന് ഒരു സോറി പോലും ഉണ്ടായില്ലെന്നും വീഡിയോയില്‍ പറയുന്നു.
