ന്യൂദല്‍ഹി: മുന്‍ നരേന്ദ്രമോദി സര്‍ക്കാരിലെ യൂണിയന്‍ മിനിസ്റ്ററായിരുന്ന എം.ജെ അക്ബറില്‍ നിന്നും നേരിട്ട ലൈംഗിക ചൂഷണങ്ങള്‍ കോടതിയില്‍ വിശദീകരിച്ച് മാധ്യമപ്രവര്‍ത്തക പ്രിയാ രമണി. ശനിയാഴ്ചയാണ് ദല്‍ഹി കോടതിയില്‍ അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

1993ല്‍ പ്രിയാ രമണി ഒരു ജോലിയുടെ ആവശ്യത്തിനായി അക്ബറിനെ സമീപിച്ചപ്പോള്‍ ലൈംഗിക ചുവ കലര്‍ന്ന രീതിയില്‍ പെരുമാറിയെന്ന് പ്രിയാ രമണി വ്യക്തമാക്കി. ‘ ഒരു വേട്ടക്കാരന്‍ അയാളുടെ ഇരയേക്കാള്‍ ശക്തനായിരിക്കും’. പ്രിയാ രമണി പറഞ്ഞു.

ഒരു പത്രത്തിന്റെ എഡിറ്ററും നിരവധി പുസ്തകങ്ങളുടെ കര്‍ത്താവുമായിരുന്ന എം.ജെ അക്ബര്‍ കടുത്ത മോദി വിമര്‍ശകനായിരുന്നു. എന്നാല്‍ പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു എം.ജെ അക്ബര്‍.

എം.ജെ അക്ബര്‍ എഡിറ്ററായ ‘ഏഷ്യന്‍ ഏജി’ല്‍ ജോലിക്കായി പ്രിയ രമണി അപേക്ഷിച്ചിരുന്നു. ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാനായി ഒബ്രോയി ഹോട്ടലിലെത്തിയ ഇവരോട് മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതൊന്നും ചോദിക്കാതെ കുടുംബത്തെപ്പറ്റിയും കാമുകനുണ്ടോ എന്നുമൊക്കെയാണ ചോദിച്ചതെന്നും പ്രിയാ രമണി വ്യക്തമാക്കി.

‘എം.ജെ അക്ബര്‍ എന്റെ മുമ്പില്‍ ഇരുന്ന് മദ്യപിക്കുകയും ഹിന്ദി പാട്ടുകള്‍ പാടാന്‍ തുടങ്ങുകയും ചെയ്തു. കിടക്ക ഉറങ്ങാന്‍ പാകത്തിന് തയ്യാറാക്കിവെച്ചിരുന്നു. താന്‍ ആദ്യം കരുതിയത് കോഫീ ഷോപ്പിലോ സന്ദര്‍ശകമുറിയിലോ ആയിരിക്കുമെന്നാണ്. എന്നാല്‍ അക്ബറിനെ എതിര്‍ക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല’ എന്നും പ്രിയ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എം.ജെ അക്ബറിന്റെ പേരു വെയ്ക്കാതെയും ഭാഗികമായി സൂചിപ്പിച്ചും പ്രിയാ രമണി ഇതിനു മുമ്പും തനിക്ക് നേരിട്ട അതിക്രമം എഴുതിയിരുന്നു.

2018ല്‍ മീറ്റൂ കാംപയിനുകള്‍ വന്നു തുടങ്ങിയ സമയത്തുതന്നെ ട്വിറ്ററില്‍ പ്രിയാ രമണി എം.ജെ അക്ബറിന്റെ പേരു വെളിപ്പെടുത്തുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകയായ പ്രിയാരമണി ബിസിനസ്സ് ന്യൂസ് പേപ്പറായ ‘മിന്റി’ന്റെ സ്ഥാപകയാണ്. 1990 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായുള്ള ഇവര്‍ നിരവധി ആനുകാലികങ്ങളില്‍ എഴുതി വന്നിരുന്നു.

DoolNews Video