അവനെ ഇന്ത്യന്‍ ടീമില്‍ എടുത്തപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു: ഡിവില്ലിയേഴ്സ്
Cricket
അവനെ ഇന്ത്യന്‍ ടീമില്‍ എടുത്തപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു: ഡിവില്ലിയേഴ്സ്
സുദേവ് എ
Thursday, 30th July 2026, 1:48 pm

ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്സ്.

പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ആശ്ചര്യമായി തോന്നിയെന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്. എങ്കിലും പന്ത് മികച്ച ആത്മവിശ്വാസത്തോടെ കളിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റിഷബ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എനിക്ക് കുറച്ച് ആശ്ചര്യമായി. ഐ.പി.എല്ലില്‍ അദ്ദേഹത്തിന് പഴയ ആത്മവിശ്വാസവും ഊര്‍ജവും ഇല്ലാത്തത് പോലെ തോന്നിയിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് എങ്ങനെയാണെന്ന് കാണണം. ഇപ്പോള്‍ അദ്ദേഹം ഇന്ത്യക്കായി വീണ്ടും കളിക്കുകയാണ്. ഇത് അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടനം നടത്താന്‍ സഹായകമാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ പന്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹം പഴയ തീവ്രതയോടെ, ആത്മവിശ്വാസത്തോടെ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു,’ എ.ബി ഡിവില്ലിയേഴ്സ് പറഞ്ഞു.

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനൊപ്പം നിരാശപ്പെടുത്തിയ പ്രകടനം നടത്തിയ റിഷബ് പന്തിന്റെ തിരിച്ചുവരവാണ് ഈ പരമ്പരയില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2026 ലെ ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 28.36 ശരാശരിയില്‍ 312 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. സീസണിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പന്ത് എല്‍.എസ്.ജി ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തു.

ഐ.പി.എല്ലിന് ശേഷം ഇന്ത്യന്‍ ടീമിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പന്തിനെ നീക്കം ചെയ്തിരുന്നു. പന്തിന് പകരം കെ.എല്‍ രാഹുലിനെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചത്.

അതേസമയം അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിലെ വിജയത്തിന് ശേഷമാണ് ഇന്ത്യ ലങ്കന്‍ പര്യടനത്തിന് തയ്യാറെടുക്കുന്നത്.

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍*, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുംറ*, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍.

 

Content Highlight: A.B De Villiers talks about Rishab Pant

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.