സിറിയ: 2014 ല്‍ 3,500 കുട്ടികളടക്കം 76,000 പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന മനുഷ്യാവകാശ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
2011 മുതലാണ് സിറിയയില്‍ സംഘര്‍ഷം തുടങ്ങിയത്. അന്ന് മുതല്‍ ആഭ്യന്തരയുദ്ധത്തിലും മറ്റ് ഏറ്റുമുട്ടലുകളിലുമായി 206,603 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍.
2014ല്‍ കൊല്ലപ്പെട്ടവരില്‍ 32,747 പേര്‍ സര്‍ക്കാര്‍വിരുദ്ധ പോരാളികളും 22,627 പേര്‍ സൈനികരുമാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു. രാജ്യത്ത് അക്രമസംഭവങ്ങള്‍ ഇനിയും ദീര്‍ഘകാലം നിലനില്‍ക്കുമെന്നും സ്ഥിതിഗതികള്‍ അങ്ങേയറ്റം ദുഷ്‌കരമായിരിക്കുമെന്നും സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദ് കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു.
ഇസിസ് തീവ്രവാദവും സിറിയയില്‍ ശക്തമായ വര്‍ഷമായിരുന്നു 2014. അതേ സമയം സിറിയയില്‍ വിമതര്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.
