ഫരീദാബാദ്: ഹരിയാനയിലെ ഫരീദബാദില്‍ നാല് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കൊന്ന് കണ്ടയ്‌നറില്‍ തള്ളി. പെണ്‍ കുട്ടിയുടെ അച്ഛന്റെ കടയില്‍ ജോലി ചെയ്യുന്ന ആളാണ് കൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
ഫരീദാബാദിലെ അസോതി ഗ്രാമത്തിലാണ് സംഭവം നടന്നത്. തലസ്ഥാന നഗരിയായ ന്യൂദല്‍ഹിയില്‍ നിന്നും വെറും 80 കിലോമീറ്റര്‍ അകലെയാണിത്. വൈദ്യപരിശോധനയില്‍ കൊലയ്ക്ക് മുമ്പ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
ആരോപണ വിധേയനും, പെണ്‍കുട്ടിയുടെ അച്ഛന്റെ കടയിലെ ജോലിക്കാരനുമായ വീരേന്ദര്‍ സംഭവ ദിവസം ഉച്ചക്ക് പെണ്‍കുട്ടിയെ വീട്ടില്‍ വിടാനായി കടയില്‍ നിന്നിറങ്ങിയതായി പോലീസ് പറഞ്ഞു. എന്നാല്‍ വൈകുന്നേരം വരെ ഇരുവരും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ ഇയാളുടെ വീട്ടില്‍ എത്തിയപ്പോഴാണ് ഇയാളുടെ വീട്ടിലുണ്ടായിരുന്ന ഒരു കണ്ടയ്‌നറില്‍ പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്.
ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ വിവാഹം കഴിഞ്ഞെങ്കിലും രണ്ട് വര്‍ഷമായി ഭാര്യ ഇയാളില്‍ നിന്നും അകന്ന് താമസിക്കുകയാണ്.
