മലയാള സിനിമയിലെ ശ്രദ്ധേയരായ യുവ സംവിധായകരിൽ ഒരാളാണ് ഷഹദ് നിലമ്പൂർ. ദിലീഷ് പോത്തന്റെ സഹസംവിധായകനായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ സിനിമകൾ സംവിധാനം ചെയ്തു. ഈയിടെ പാർവതി തിരുവോത്ത്, മാത്യു തോമസ്, വിജയരാഘവൻ, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രം പ്രഥമദൃഷ്ട്യാ കുറ്റക്കാർ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ തുടരുകയാണ്.

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിൽ അലീന അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥയായി മികച്ച പ്രകടനമാണ് പാർവതി തിരുവോത്ത് കാഴ്ചവെച്ചത്. കഥാപാത്രത്തിന്റെ വൈകാരികമായ പല തലങ്ങളും കൃത്യമായി അവതരിപ്പിക്കാൻ പാർവതിക്ക് സാധിച്ചിട്ടുണ്ട്. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അലീനയെ പാർവതിയിലൂടെ അവതരിപ്പിക്കുന്നതിന് മുമ്പ് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് പറയുകയാണ് സംവിധായകൻ ഷഹദ് നിലമ്പൂർ.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ,Photo. IMDb

‘പാർവതിയുടെ അടുത്ത് ഞാൻ പറയാൻ തീരുമാനിച്ച സമയത്ത് ഒരുപാട് പേർ എന്നോട് പറഞ്ഞു, പാർവതി ഒരുപാട് സംശയങ്ങൾ ചോദിച്ച് നിന്നെ കൊല്ലും എന്ന്. പാർവതി ചേച്ചിയോട് ഞാൻ ആദ്യം കഥ പറയുന്നത് ഓൺലൈനിലൂടെയാണ്. ഞാനും സുബ്രഹ്മണ്യൻ സാറും കൂടെയായിരുന്നു സിനിമയുടെ കഥ പറഞ്ഞിരുന്നത്. അന്ന് അവർ ബോംബെയിലായിരുന്നു. ശേഷമാണ് നേരിട്ട് കണ്ട് കഥ ഫുൾ നരേറ്റ് ചെയ്ത് കൊടുക്കുന്നതും സ്ക്രിപ്റ്റ് കയ്യിൽ കൊടുക്കുന്നതും,’ ഷഹദ് പറയുന്നു.

എന്നാൽ സ്ക്രിപ്റ്റ് കൈമാറുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും വിശദമായ ബയോഗ്രഫി തയ്യാറാക്കിയിരുന്നുവെന്നും സംവിധായകൻ പറയുന്നു. കഥാപാത്രം ജനിച്ച ദിവസം മുതൽ അവരുടെ കുടുംബം, അച്ഛനും അമ്മയും, ഭക്ഷണശീലങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തി ഓരോ കഥാപാത്രത്തിന്റെയും ജീവിതപശ്ചാത്തലം തയ്യാറാക്കിയിരുന്നു. സിനിമയിൽ കാണിക്കാത്ത ഇത്തരം കാര്യങ്ങൾ പോലും അഭിനേതാക്കൾക്ക് കഥാപാത്രത്തെ കൂടുതൽ മനസിലാക്കുന്നതിനായി നൽകിയിരുന്നു എന്നും ഷഹദ് നിലമ്പൂർ പറഞ്ഞു.

‘പാർവതിക്ക് മാത്രമല്ല, ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും നമ്മൾ ബയോഗ്രഫി സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അവർ ജനിച്ച ദിവസം തൊട്ട് അവരുടെ കുടുംബം, അച്ഛൻ, അമ്മ, അവർ ഉപയോഗിച്ചിരുന്ന ഭക്ഷണങ്ങൾ, അവർ പഠിച്ചിരുന്നത് എന്താണ് തുടങ്ങിയ എല്ലാം നമ്മൾ അവർക്ക് കൊടുത്തിട്ടുണ്ടായിരുന്നു. ഇതിലെ പല കാര്യങ്ങളും നമ്മൾ സിനിമയിൽ കാണിച്ചിട്ടില്ല,’ ഷഹദ് വ്യക്തമാക്കി.

അലീനയെ സമീപിച്ചപ്പോൾ പാർവതിയെ മുന്നിൽ കണ്ടല്ല കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്നും സംവിധായകൻ വ്യക്തമാക്കുന്നു. ഒരു രംഗത്തിൽ കുറച്ച് സങ്കടമോ മറ്റൊരിടത്ത് കുറച്ച് കോമഡിയോ നൽകുക എന്നതിലുപരി, ആ കഥാപാത്രത്തിന്റെ മുഴുവൻ ജീവിതവും മനസിലാക്കാനായിരുന്നു ശ്രമം.

‘ഞാൻ ഒരു കഥാപാത്രത്തിന്റെ ജീവിതം മുഴുവൻ കൺസിഡർ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അപ്പോൾ ആ കഥാപാത്രമായ അലീനയെ ആണ് ഞാൻ നോക്കിയത്, അവരുടെ ജേർണിയാണ് നോക്കിയത്, അല്ലാതെ പാർവതിയെ അല്ല. പാർവതി എന്ന പൊലീസുകാരി എന്റെ സെക്കൻഡറിയായിരുന്നു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

അലീന എന്ന കുട്ടി, അലീന എബ്രഹാം ആയി ഒരു കോൺസ്റ്റബിൾ ആയി വരുന്നതുവരെയുള്ള അവളുടെ ബയോഗ്രഫിയാണ് വർക്ക് ചെയ്യുന്നത്. അതിൽ അവളുടെ ട്രോമാസ് ഉണ്ട്, പ്രശ്നങ്ങളുണ്ട്, സന്തോഷിച്ച ദിവസങ്ങളുണ്ട്, ഒരുപാട് ദിവസങ്ങൾ കരഞ്ഞ രാത്രികളുണ്ട്. ഇതൊക്കെ നമ്മുടെ അറിഞ്ഞോ അറിയാതെയോ ഈ കഥാപാത്രത്തിൽ ഫീഡ് ചെയ്യുന്നുണ്ട്,’ സംവിധായകൻ പറഞ്ഞു.

ഷൂട്ടിങ്ങിലും ഈ പശ്ചാത്തലം കൃത്യമായി ഉപയോഗിക്കാനാണ് ശ്രമിച്ചതെന്ന് ഷഹദ് പറയുന്നു.

‘ചിത്രം ഷൂട്ട് ചെയ്യുമ്പോൾ അതങ്ങനെ ലീനിയർ ആയിട്ടല്ല ഷൂട്ട് ചെയ്തിരുന്നത്. ഒരു സംവിധായകൻ എന്ന നിലയിൽ ഇമോഷണൽ സീനിന് മുന്നേയും പിന്നെയും എന്താണ് സംഭവിക്കുന്നത്, ഇപ്പോൾ ഉണ്ടാകുന്ന മാനസിക അവസ്ഥ എന്താണ് എന്നുള്ളത് കറക്റ്റായി ഫീഡ് ചെയ്യാൻ ശ്രമിക്കും.

ഇനി ഞാൻ പറയാൻ വിട്ടുപോയാൽ കൂടെ ഈ സിനിമയിലെ എല്ലാ ആർട്ടിസ്റ്റുകൾക്കും ചോദിക്കാനും മനസിലാക്കാനും അവരുടെ ഭാഗത്തുനിന്നും കുറെ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. കൊടുത്ത കാര്യങ്ങൾ എല്ലാവരും പഠിച്ച് മനസിലാക്കിയ ശേഷമാണ് വന്നിരുന്നത്,’ ഷഹദ് കൂട്ടിച്ചേർത്തു.

Content Highlight: Sahad Nilambur opens up about how ‘Pratham Drishtya Kuttakkar’ was shaped