2027 ലോകകപ്പ് കളിക്കാന്‍ അവന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു: സഹീര്‍ ഖാന്‍
Cricket
2027 ലോകകപ്പ് കളിക്കാന്‍ അവന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു: സഹീര്‍ ഖാന്‍
സുദേവ് എ
Sunday, 9th August 2026, 12:22 pm

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. ഷമി തന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ ചെയ്യണമെനാണ് മുന്‍ ഇന്ത്യന്‍ പേസര്‍ പറഞ്ഞത്. മാനേജ്മന്റ് എങ്ങനെയാണ് തന്നെ കാണുന്നത് എന്നതിനെക്കുറിച്ച് ഷമി വിഷമിക്കേണ്ട കാര്യമില്ലെന്നും സഹീര്‍ ഖാന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഹീര്‍ ഖാന്‍.

‘അദ്ദേഹം ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടര്‍ന്നും ചെയ്യണം. ഇനി എങ്ങനെ മുന്നോട്ട് പോവണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അദ്ദേഹം കളിക്കുന്നുണ്ടെങ്കില്‍ 2027 ഏകദിന ലോകകപ്പിനും അദ്ദേഹം ലഭ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ മാനേജ്മന്റ് അദ്ദേഹത്തെ എങ്ങനെയാണ് നോക്കി കാണുന്നതെന്ന് എനിക്ക് ഉറപ്പില്ല.

തന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹം ചെയ്യേണ്ടത്. മാനേജ്മന്റ് എങ്ങനെയാണ് തന്നെ കാണുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹം വിഷമിക്കേണ്ട കാര്യമില്ല. കാരണം അത് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. ഇപ്പോള്‍ തന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹം മത്സരങ്ങള്‍ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്,’ സഹീര്‍ ഖാന്‍ പറഞ്ഞു.

സമീപകാലങ്ങളില്‍ മിന്നും പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി സെലക്ടര്‍മാരുടെ അവഗണനയാണ് നേരിടുന്നത്. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി മിന്നും പ്രകടനങ്ങള്‍ നടത്തിയ ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ഏഴ് മത്സരങ്ങളില്‍ നിന്നും 37 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമനായായിരുന്നു ഷമി ഫിനിഷ് ചെയ്തിരുന്നത്.

ഫെബ്രുവരിയില്‍ നടന്ന രഞ്ജി സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ നേടി ഷമി തിളങ്ങിയിരുന്നു. ഐ.പി.എല്ലില്‍ ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി 12 മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളും ഷമി നേടിയിട്ടുണ്ട്.

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ഷമി അവസാനമായി ഇന്ത്യക്കായി ഏകദിനത്തില്‍ പന്തെറിഞ്ഞത്. 2023ലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഷമിയുടെ അവസാന റെഡ് ബോള്‍ മത്സരം. 2025ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷമിയുടെ അവസാന ടി-20 മത്സരം.

 

 

Content Highlight: Zaheer Khan talks about Muhammed Shami

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.