മാപ്പ്, മാപ്പ്, തലൈവരുടെ ഒരു എളിമ; അനുഭവം പങ്കുവെച്ച് യുവസംവിധായകന്‍ അശ്വന്ത് മാരിമുത്തു
Indian Cinema
മാപ്പ്, മാപ്പ്, തലൈവരുടെ ഒരു എളിമ; അനുഭവം പങ്കുവെച്ച് യുവസംവിധായകന്‍ അശ്വന്ത് മാരിമുത്തു
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 25th March 2026, 2:00 pm

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ഏത് ഭാഷയിലെ സിനിമാ പ്രേക്ഷകരും പറയുന്ന പേരാണ് രജിനികാന്ത്. തലൈവര്‍ എന്ന് ആരാധകര്‍ ബഹുമാനത്തോടെ വിളിക്കുന്ന താരം സ്‌ക്രീനിലെ തന്റെ സ്വാഗിനും സിനിമക്ക് പുറത്ത് തന്റെ നിലപാടുകള്‍ക്കും മറ്റുള്ളവരോടുള്ള തന്റെ പെരുമാറ്റത്തിനും ഒരുപാട് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രായം എഴുപത്തിയഞ്ച് പിന്നിട്ടെങ്കിലും തമിഴനാട് ബോക്‌സ് ഓഫീസില്‍ ശക്തമായ പ്രകടനമാണ് താരം തന്റെ ചിത്രങ്ങളിലൂടെ കാഴ്ച്ചവെക്കുന്നത്.

രജിനിയും സിബി ചക്രവര്‍ത്തിയും. Photo: Movie Tamil/ X.com

കൂലി എന്ന ചിത്രത്തിനുശേഷം താരത്തിന്റെയടുത്ത് കഥ പറയാനായി പോയപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറയുന്ന യുവസംവിധായകന്‍ അശ്വന്ത് മാരിമുത്തുവിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്റെ കൈയില്‍ ഒരു കഥയുണ്ടെന്ന് അറിഞ്ഞ് രജിനി തന്നെ മുന്‍കൈയെടുത്ത് ഒരു മീറ്റിങ് സെറ്റ് ചെയ്‌തെന്നും സംവിധായകന്‍ പറയുന്നു.

വലിയ താരമായതിനാല്‍ കഥ പറയാനായി പറഞ്ഞതിലും പതിനഞ്ച് മിനുട്ട് മുമ്പ് തന്നെ താന്‍ സ്ഥലത്തെത്തിയെങ്കിലും അദ്ദേഹം തനിക്ക് വേണ്ടി അവിടെ കാത്തിരിക്കുകയായിരുന്നുവെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അശ്വന്ത് പറയുന്നു. വളരെ ചെറിയ സംവിധായകരോട് വരെ അദ്ദേഹം പെരുമാറുന്ന രീതി കണ്ട് അമ്പരന്നുപോയെന്നും തമിഴ്‌നാട്ടിലെ വലിയൊരു രാഷ്ട്രീയ നേതാവ് കാണാനായി വന്നപ്പോള്‍ പോകാനായി തന്നോട് അനുവാദവും ക്ഷമയും ചോദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ പത്ത് മിനുട്ടിന് ശേഷം അദ്ദേഹത്തിന്റെ മനേജര്‍ വീണ്ടും വന്ന് എന്നോട് ക്ഷമ ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി മൂന്ന് ദിവസം വരെ കാത്ത് നില്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. കഥ പറഞ്ഞ് കൊടുക്കുമ്പോള്‍ അദ്ദേഹം വീണ്ടും എന്നോട് ക്ഷമ ചോദിച്ചു. എന്റെ നരേഷന്‍ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു. തിരിച്ച് പോകാനിറങ്ങിയപ്പോള്‍ എനിക്കൊപ്പം വന്ന് വീണ്ടും എന്നോട് അദ്ദേഹം ക്ഷമ ചോദിച്ചു. ഇതുകൊണ്ടാണ് അദ്ദേഹം സൂപ്പര്‍സ്റ്റാറായി തുടരുന്നത്,’ സംവിധായകന്‍ പറഞ്ഞു.

ജയിലര്‍. Photo: Laxmikanth/ X.com

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ജയിലറിന്റെ രണ്ടാം ഭാഗമാണ് രജിനിയുടെ അടുത്തതായി വരാനിരിക്കുന്ന ചിത്രം. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമല്‍ ഹാസന്റെ പ്രൊഡക്ഷനില്‍ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രവും വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍-രജിനി കോംബോ ഒന്നിക്കുന്ന ചിത്രവും താരത്തിന്റെ ലൈനപ്പിലുണ്ട്.

Content Highlight: Young director talks about his experience with actor Rajinikanth

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.