malayalam movie
അച്ഛനെയും അമ്മയെയും മുറിയിൽ പൂട്ടിയിട്ട് എന്നെ കരയിപ്പിച്ചു, മമ്മൂട്ടി ക്ലൈമാക്സ് രംഗത്തിൽ ഇമോഷണലായി: യാഷ് മാളവ്യ
ബാഷു, ദി ലിറ്റിൽ സ്ട്രേഞ്ചർ എന്ന ഇറാനിയൻ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2004-ൽ സംവിധായകൻ ബ്ലെസ്സി ഒരുക്കിയ ചിത്രമാണ് കാഴ്ച. ഗുജറാത്തിലെ ഭൂകമ്പത്തിൽ അനാഥനായി കേരളത്തിലെത്തുന്ന കുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരമായ യാഷ് മാളവ്യ ആയിരുന്നു. ആ പേരിനേക്കാൾ കൊച്ചുണ്ടാപ്രി എന്ന് പറഞ്ഞാലാണ് മലയാളി പ്രേക്ഷകർക്ക് ആളെ മനസിലാവുക.
ഇപ്പോഴിതാ സെല്ലുലോയ്ഡ് മാഗസിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, കാഴ്ച സിനിമയുടെ ഓർമകൾ പങ്കുവെക്കുകയാണ് യാഷ് മാളവ്യ. ചിത്രത്തിൽ അഭിനയിപ്പിക്കാനായി തന്നെ കണ്ടെത്തിയതും, മാതാപിതാക്കളെ മുറിയിൽ പൂട്ടിയിട്ട് കരയിപ്പിച്ച രംഗത്തെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം സംസാരിച്ചത്.

യാഷ് മാളവ്യ. Photo. Screen grab/ Youtube
കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള ഗുജറാത്തി കമ്മ്യൂണിറ്റിയിൽ നിന്നാണ് ബ്ലെസ്സി തന്നെ സിനിമയിലെ കഥാപാത്രത്തിനായി തെരഞ്ഞെടുത്തതെന്ന് യാഷ് പറയുന്നു.
‘എന്റെ നാട് ശരിക്കും ഗുജറാത്തിലാണ്, പക്ഷെ വളർന്നതെല്ലാം കൊച്ചിയിലാണ്. എനിക്ക് ആറു വയസ്സുള്ളപ്പോഴാണ് ഞാൻ ‘കാഴ്ച’ സിനിമയിൽ അഭിനയിക്കുന്നത്. മട്ടാഞ്ചേരിയിൽ ഒരു ഗുജറാത്തി കമ്മ്യൂണിറ്റിയുണ്ട്. അവിടെ നിന്നാണ് എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്യുന്നത്,’ യാഷ് പറഞ്ഞു.
നടൻ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും, അതുകൊണ്ടുതന്നെ യാതൊരു പേടിയോ ടെൻഷനോ ഉണ്ടായിരുന്നില്ലെന്നും യാഷ് പറയുന്നു. തന്നോട് ഹിന്ദിയിലാണ് മമ്മൂട്ടി സംസാരിച്ചിരുന്നതെന്നും അദ്ദേഹം വളരെ സൗഹൃദപരമായാണ് പെരുമാറിയിരുന്നതെന്നും യാഷ് കൂട്ടിച്ചേർത്തു.
‘അങ്ങനെ ഷൂട്ട് ഒക്കെ തുടങ്ങി. എന്റെ ഫസ്റ്റ് സീൻ ഫുൾ ഡ്രെസ്സും മേക്കപ്പും ഒക്കെ ചെയ്ത് മമ്മൂട്ടി സാറിന്റെ കൂടെ ബോട്ടിലായിരുന്നു. ആ സമയത്തൊന്നും മമ്മൂക്ക ആരാണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ഭയങ്കര ചില്ലായിരുന്നു. പുള്ളിക്ക് ഷേക്ക് ഹാൻഡ് ഒക്കെ കൊടുക്കും. അദ്ദേഹം എന്നെ മടിയിൽ കയറ്റിയിരുത്തി കളിപ്പിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ആ സമയത്ത് എനിക്ക് മലയാളം അങ്ങനെ അറിയില്ലായിരുന്നു. മമ്മൂട്ടി സാർ എന്നോട് ഹിന്ദിയിലായിരുന്നു സംസാരിച്ചിരുന്നത്,’ യാഷ് പറഞ്ഞു.
മലയാളം അറിയാതിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണത്തിനായി തനിക്ക് വിവർത്തകന്റെ സഹായമുണ്ടായിരുന്നെന്നും, ബ്ലെസ്സിക്ക് സ്വാഭാവിക അഭിനയം ആവശ്യമായിരുന്നതിനാൽ ഗ്ലിസറിനുപോലും ഉപയോഗിക്കാതെയാണ് തന്റെ കരച്ചിൽ രംഗങ്ങൾ ചിത്രീകരിച്ചതെന്നും യാഷ് പറയുന്നു.
‘മലയാളം അറിയില്ലെങ്കിലും എനിക്ക് ട്രാൻസ്ലേറ്റർ ഒക്കെ ഉണ്ടായിരുന്നു. കാരണം ബ്ലെസ്സി സാറിന് നാച്ചുറൽ ആക്ടിങ് വേണമായിരുന്നു. ഗ്ലിസറിനൊന്നും ഉപയോഗിക്കാതെ കരച്ചിലും നാച്ചുറൽ ആയിരുന്നു. അന്ന് എന്നെ കരയിപ്പിച്ചത് എന്റെ അച്ഛനെയും അമ്മയെയും ഒരു റൂമിൽ ലോക്ക് ചെയ്തിട്ട് ഇനി അവർ വരില്ല എന്ന് എന്നോട് പറഞ്ഞിട്ടായിരുന്നു,’ യാഷ് പറഞ്ഞു.
ക്ലൈമാക്സ് രംഗങ്ങൾ ഗുജറാത്തിൽ വെച്ചാണ് ചിത്രീകരിച്ചതെന്നും, ക്ലൈമാക്സ് സീനിൽ നടൻ മമ്മൂട്ടി വരെ വളരെ വൈകാരികം ആയിരുന്നു എന്നും യാഷ് ഓർത്തെടുത്തു.
‘ക്ലൈമാക്സിൽ മമ്മൂട്ടി സർ എന്നെ അവിടെ വിട്ടുപോകുന്ന ആ സീൻ എടുക്കാൻ കുറെ സമയമെടുത്തിരുന്നു. ആ സീനിൽ മമ്മൂട്ടി സർ ശരിക്കും ഇമോഷണലായിപ്പോയിരുന്നു. അത് കണ്ട് സെറ്റിലുണ്ടായിരുന്ന എല്ലാവർക്കും ഭയങ്കര ഫീൽ ആയി,’യാഷ് മാളവ്യ പറഞ്ഞു.

കാഴ്ച. Photo. Empire Videos
Content Highlight: Yash Malvya recalls emotional moments from the sets of Kaazcha
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം