2024 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം നോര്‍താംപ്ടണ്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെ 86 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചെത്തി പാകിസ്ഥാനാണ് എതിരാളികള്‍.
ഇന്ത്യ ഉയര്‍ത്തിയ 255 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് മാത്രമാണ് നേടിയത്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ നായകന്‍ ബ്രെറ്റ് ലീ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ലീയുടെ തീരുമാനം തെറ്റുന്ന കാഴ്ചയാണ് ശേഷം നോര്‍താംപ്ടണില്‍ കണ്ടത്.
