വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024ല്‍ ഇന്ത്യ ചാമ്പ്യന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഡക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം. ഡി.എല്‍.എസിലൂടെ 27 റണ്‍സിനാണ് ഇന്ത്യ എതിരാളികളായ വിന്‍ഡീസിനെ തകര്‍ത്തുവിട്ടത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ മറികടന്ന് ഒന്നം സ്ഥാനത്തെത്താനും ഇന്ത്യക്കായി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നമന്‍ ഓജ സില്‍വര്‍ ഡക്കായി മടങ്ങി. സാമുവല്‍ ബദ്രീയുടെ പന്തില്‍ ജോനാഥന്‍ കാര്‍ട്ടറിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

പിന്നാലെയെത്തിയ സുരേഷ് റെയ്‌നയെ ഒപ്പം കൂട്ടി റോബിന്‍ ഉത്തപ്പ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയാണ് ഇരുവരും ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടത്. രണ്ടാം വിക്കറ്റില്‍ 27 പന്തില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.