[] തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ കെ.ജി.എസ് കമ്പനി അപ്പീല്‍ നല്‍കുന്നതിനെ എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അനുകൂല വിധി സമ്പാദിക്കേണ്ടത് കെ.ജി.എസിന്റെ ചുമതലയാണ്. കോടതിയില്‍ നിന്നും അനുകൂല വിധി നേടിയാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല. പാരിസ്ഥിതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിയാല്‍ വികസനത്തിന് സര്‍ക്കാര്‍ എതിരല്ല- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബുധനാഴ്ചയാണ് ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയിരുന്ന പാരിസ്ഥിതിക അനുമതി ചെന്നൈ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആറന്മുളയ്ക്ക് ലഭിച്ച പാരിസ്ഥിതിക അനുമതിയാണ് കോടതി റദ്ദാക്കിയത്. പാരിസ്ഥിതിക അനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കോടതി നിരീക്ഷിച്ചു.
പാരിസ്ഥിതിക ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ ഇന്ത്യാ ലിമിറ്റഡിന് അതിനുള്ള യോഗ്യതയില്ലെന്നും ആറന്മുളയിലെ പ്രദേശവാസികള്‍ക്കിടയില്‍ പദ്ധതി സംബന്ധിച്ച് കൃത്യമായ ആശയവിനിമയം നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
