' നെതന്യാഹുവിനെ നരകത്തിലേക്ക് അയക്കും'; ഉപരോധം തുടര്‍ന്നാല്‍ അമേരിക്കയുമായും ഏറ്റുമുട്ടും: മുന്നറിയിപ്പുമായി ഇറാന്‍
ടെഹ്‌റാന്‍: ഇറാനെതിരായ അമേരിക്കയുടെ ഉപരോധവും സാമ്പത്തിക സമ്മര്‍ദവും തുടരുകയാണെങ്കില്‍ അമേരിക്കയുമായി കടുത്ത ഏറ്റുമുട്ടലുണ്ടാകുമെന്ന് ഇറാന്റെ സുരക്ഷാ മേധാവി മൊഹ്‌സെന്‍ റെസായി. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയും റെസായി രൂക്ഷവിമര്‍ശനം നടത്തിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷം രൂക്ഷമായാല്‍ നെതന്യാഹുവിനെ നരകത്തിലേക്ക് അയക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇറാനെതിരായുള്ള ഇസ്രഈലിന്റെ പുതിയ നടപടികള്‍ മേഖലയില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും റെസായി മുന്നറിയിപ്പ് നല്‍കി.
‘ സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഞങ്ങള്‍ നരകത്തിലേക്ക് അയയ്ക്കും. ട്രംപിനെ വധിക്കാനുള്ള ഇറാനിയന്‍ ഗൂഢാലോചനയെന്ന തെറ്റായ വാര്‍ത്തകള്‍ നല്‍കി നെതന്യാഹു ട്രംപിനെ പരിഭ്രാന്തിയിലാഴ്ത്തി. ഈ വാര്‍ത്ത ഭയന്ന് ഒരു ഫുഡ് ട്രക്ക് തൊഴിലാളിയെപ്പോലെ ട്രംപ് ചുറ്റി നടന്നു,’ റെസായി ഇറാനിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അമേരിക്ക ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം തുടരുകയാണെങ്കില്‍ തിരിച്ചടി ശക്തമാക്കുമെന്നും റെസായി കൂട്ടിച്ചേര്‍ത്തു. ‘ ഉപരോധം തുടര്‍ന്നാല്‍ അമേരിക്കന്‍ സാമ്പത്തിക താത്പര്യങ്ങളെ ലക്ഷ്യമിട്ട് ശക്തമായ നടപടി ഉണ്ടാകും,’ റെസായി പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു.
മേഖലയിലെ സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ പറഞ്ഞിരുന്നത്.
സംഘര്‍ഷം കുറയ്ക്കാന്‍ ഖത്തറിന്റെ നേതൃത്വത്തില്‍ നയന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് റെസായിയുടെ പുതിയ മുന്നറിയിപ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: ‘Will send Netanyahu to hell’; Iran warns of confrontation with the US if sanctions continue.