എഡിറ്റര്‍
എഡിറ്റര്‍
മെര്‍സ് കൊറോണ വൈറസ്: അടിയന്തരയോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടന
എഡിറ്റര്‍
Saturday 10th May 2014 1:14pm

mers-virus

ജനീവ: സൗദി അറേബ്യ ഉള്‍പ്പെടെ  വിവിധ രാജ്യങ്ങളില്‍ മെര്‍സ് കൊറോണ വൈറസ് ബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തരയോഗം വിളിച്ച് ചര്‍ച്ച നടത്തുമെന്ന് ലോകാരോഗ്യ സംഘടന. 2012 മധ്യത്തോടെ വ്യാപിക്കാന്‍ തുടങ്ങിയ കൊറോണ വൈറസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന നേരത്തെ 4 തവണ യോഗം ചേര്‍ന്നിരുന്നു

ആശങ്കയുളവാക്കും വിധം മെര്‍സ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേരുന്നതെന്ന് ഡബ്‌ള്യൂ.എച്ച്.ഒ വക്താവ് താരീഖ് ജാസറെവിക്  അറിയിച്ചു. വ്യത്യസ്ത രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം പെരുകുന്നത് നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

മെര്‍സ് കൊറോണ വൈറസിനെതിരെ കുത്തിവെപ്പോ ചികിത്സയോ ഇതുവരെ ലഭ്യമായിട്ടില്ല. രോഗം ബാധിച്ചവരില്‍ 40 ശതമാനവും മരണപ്പെട്ടിട്ടുണ്ട്.  മെര്‍സിനെ കുറിച്ച് മനസ്സിലാക്കാന്‍ വിദഗ്ധര്‍ ശ്രമം തുടരുകയാണ്. രോഗം ബാധിച്ച് നൂറിലേറെ പേര്‍ മരണപ്പെട്ട സൗദിയില്‍ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

2003ല്‍ ഏഷ്യയിലുണ്ടായ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോമിന് (സാര്‍സ്) സമാനമായ രോഗമായാണ് മെര്‍സിനെ കണക്കാക്കുന്നത്. 8,273 പേര്‍ക്കാണ് സാര്‍സ് പിടിപെട്ടിരുന്നത്. ഇതില്‍ 800 പേരാണ് മരിച്ചത്.

സാര്‍സിനെ പോലെ തന്നെ ശ്വാസകോശ അണുബാധ, ഉയര്‍ന്ന ശരീരോഷ്മാവ്, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ തന്നെയാണ് മെര്‍സ് രോഗബാധിതരും പ്രകടമാകുന്നത്. എന്നാല്‍ രോഗം ബാധിച്ചയാളുടെ വൃക്ക അതിവേഗം പ്രവര്‍ത്തനരഹിതമാകുന്നുവെന്നതിനാലാണ് മെര്‍സ് കൂടുതല്‍ ഭീതി ഉണ്ടാക്കുന്നത്.

Advertisement