ഒരിടത്തൊരിടത്ത് ഒരു മനുഷ്യൻ ജീവിച്ചിരുന്നു. നമുക്കയാളെ സുമേഷ് എന്ന് വിളിക്കാം. സുമേഷ് ഒരു കോർപ്പറേറ്റ് കമ്പനിയിൽ സർവീസ് സെക്റ്ററിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. എല്ലാ ദിവസവും രാവിലെ ആൽത്തറയിൽ കൂട്ടുകാരുമൊത്തു കൂടി നമസ്തേ സദാ വത്സലേ മാതൃഭൂമി ഒക്കെചൊല്ലി ദിവസം തുടങ്ങുന്ന ഒരു ‘സാത്വികൻ’.

ചില ദിവസങ്ങളിൽ ടാർഗറ്റ് അച്ചീവ് ചെയ്യാത്തതിന് സുമേഷിനെ ബോസ് ചീത്ത വിളിക്കാറുണ്ട്. തിരിച്ചൊന്നും പറയാൻ കഴിയാത്ത അവസ്ഥ. സുമേഷ് അവിടെ ഹയറാർക്കിയിൽ ഏറ്റവും താഴെയുള്ളവരിൽ നിന്നും അല്പം ഉയർന്ന ശ്രേണിയിലാണ് ഉള്ളത്. സുമേഷ് ആ ദേഷ്യം തനിക്ക് താഴെയുള്ള രമേശിനോട് തീർക്കും.

ഒരുപാട് മുകളിലേക്ക് നീളുന്ന ആ ശ്രേണിയിൽ താരതമ്യേന, താഴെത്തട്ടിലെ ജീവനക്കാരനാണ് രമേഷ്. ആ ദിവസം രമേഷ് ആ ദേഷ്യം വീട്ടിൽ വന്നു ഭാര്യയോടും കുട്ടിയോടും തീർക്കും. (ഒരു പാട്രിയാർക്കൽ വ്യവസ്ഥയിൽ) അപ്പോളായിരിക്കും അവരുടെ ചെറിയ കുട്ടി എന്തെങ്കിലും ചോദിച്ചു വരുന്നത്. ഭാര്യ ആ ദേഷ്യത്തിന് കുട്ടിയെ വഴക്ക് പറയും.

കുട്ടിക്ക് മറ്റൊരാളോടും ആ ദേഷ്യം തീർക്കാൻ സാധിക്കുന്നില്ല, അവൾ/അവൻ കൈയ്യിലെ കളിപ്പാട്ടം തല്ലിപ്പൊട്ടിക്കുന്നു. ശ്രദ്ധിക്കുക, ഇതവസാനിക്കുന്നത് ഒരു നശീകരണത്തിലാണ്. ഇത് തുടങ്ങിയത് സുമേഷിന്റെ ബോസിന്റെയും തലപ്പത്തുള്ള ആരോ ഒരാളിൽ നിന്നുമാണ്.

ഈ കഥയിലെ സുമേഷിന്റെ സ്ഥാനത്താണ് കന്റോൺമെന്റ് എസ്.എച്.ഒ നിൽക്കുന്നത്. രമേശിന്റെ സ്ഥാനത്ത് എസ്.ഐയും, ഭാര്യയുടെയും കുട്ടിയുടെയും സ്ഥാനത്ത് സാധാരണ ജനങ്ങളും വിദ്യാർത്ഥികളും. സൈക്കോളജിയിൽ ഇതിന് പറയുന്ന പേരാണ് ഡിസ്പ്ലേസ്മെന്റ്.

ഇത് മനുഷ്യന്റെയൊരു ഡിഫെൻസ് മെക്കാനിസമാണ്. ഒരാളോടോ സാഹചര്യത്തോടോ ഉണ്ടാകുന്ന കോപം, ഫ്രസ്ട്രേഷൻ , ഭയം തുടങ്ങിയ വികാരങ്ങൾ യഥാർത്ഥ ഉറവിടത്തോട് പ്രകടിപ്പിക്കാൻ കഴിയാതെ, താരതമ്യേന സുരക്ഷിതമായ മറ്റൊരു ലക്ഷ്യത്തിലേക്ക് മാറ്റിവിടുന്നതിനെയാണ് ഡിസ്പ്ലേസ്മെന്റ് എന്ന് പറയുന്നത്. നാടൻ ഭാഷയിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയും. നമുക്ക് ചുറ്റുമൊന്നു കണ്ണോടിച്ചാൽ ഡിസ്പ്ലേസ്മെന്റിന്റെ പല രൂപങ്ങളും നമുക്ക് കാണാനാവും.

തിരുവനന്തപുരത്ത് നടന്ന പൊലീസ്-എസ്.എഫ്.ഐ സംഘർഷം

ഡബ്ള്യു.എച്ച്.ഒയുടെ 2026-ലെ മെന്റൽ ഡിസോർഡേഴ്‌സ് ഫാക്ട് ഷീറ്റ് അനുസരിച്ചു 2023-ൽ ലോകത്ത് ഏകദേശം 1.2 ബില്യൺ ആളുകൾ, എന്ന് വച്ചാൽ ഏകദേശം 7 പേരിൽ ഒരാൾ മാനസികപ്രശ്നങ്ങൾ നേരിടുന്നു.

ഇങ്ങനെയൊരു അവസ്ഥ നിലനിൽക്കുമ്പോൾ, ഒരാളെ പോലീസിൽ എടുക്കുന്നതിന് മുൻപ്, അയാൾ മാനസികമായി ഫിറ്റ് ആണോ എന്ന് ഉറപ്പാക്കാൻ എന്തെങ്കിലും പ്രയോഗികമായ നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്നതാണ്. (വെറുമൊരു സർട്ടിഫിക്കറ്റിന്റെ കാര്യമല്ല പറയുന്നത്) മുകളിൽ പറഞ്ഞ എഴിൽ ഒരാൾ എന്നതിൽ നിന്നും എത്ര പേർ പോലീസ് സേനയിൽ എത്തുന്നുണ്ടാകും? ഇവരിൽ തീർച്ചയായും ആന്റി സോഷ്യൽ പേഴ്സനാലിറ്റി ഡിസോർഡർ (ASPD), ഉള്ളവരും സാഡിസ്റ്റുകളും ഉണ്ടെന്നുള്ളതിന് തെളിവാണ് പോലീസ് മർദ്ദനങ്ങളും, കസ്റ്റഡി മരണങ്ങളും. ഇക്കഴിഞ്ഞ ദിവസം കൂടി ചിറയൻ കീഴിൽ പോലീസ് മർദ്ദനത്തിൽ യുവാവ് മരിച്ചിരുന്നു.

2012ൽ ഒരു ആർ.ടി.ഐ രേഖയനുസരിച്ചു 533 കേരള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നു. കേസുകളിൽ മർഡർ, റേപ്പ് തുടങ്ങിയ ഗുരുതര കുറ്റങ്ങളും ഉൾപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ചു, 2019–2021 കാലയളവിൽ മാത്രം കേരളത്തിൽ പോലീസുകാർക്കെതിരെ 271 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

2021 നവംബറിൽ, കേരളത്തിൽ 744 പോലീസ് ഉദ്യോഗസ്ഥർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നുവെന്ന് നിയമസഭയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇവരിൽ 691 പേർ വകുപ്പുതല നടപടികൾ നേരിടുകയും 18 പേരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

2022 ഡിസംബറിൽ നിയമസഭയിൽ നൽകിയ മറുപടി അനുസരിച്ചു 2016 ജൂൺ 1 മുതൽ 828 കേരള പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികളായിയിരുന്നു. 744 നിന്നും 828 ആയി പോലീസിലെ ക്രിമിനൽ കേസ് പ്രതികളുടെ എണ്ണം വർധിക്കുകയാണ് ഉണ്ടായത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ വന്ന ജില്ലകൾ ആലപ്പുഴ (99), എറണാകുളം (97), തിരുവനന്തപുരം (90) എന്നിങ്ങനെയായിരുന്നു.

 

1980 ജനുവരി മുതൽ 2019 ഒക്ടോബർ വരെ പ്രസിദ്ധീകരിച്ച 11506 പഠനങ്ങൾ പരിശോധിക്കുകയും, പോലീസ് പ്രൊഫഷണലുകളെ ഉൾപ്പെടുത്തുകയും ചെയ്തു.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് (യു.എസ് ഏജന്‍സി) ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പോലീസുകാർക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ്.

ആകെ, 24 രാജ്യങ്ങളിൽ നിന്നുള്ള 272463 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പഠനത്തിൽ പോലീസുകാരിൽ വിവിധ പ്രശ്നങ്ങൾക്കുള്ള സാധ്യത, മാനസിക പ്രശ്നങ്ങൾ അടക്കം, താഴെ പറയും വിധമാണ് വിഷാദത്തിന് 14.6% പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിന് 14.2% (PTSD) ജനറൽ ആങ്സൈറ്റി 9.6% ആത്മഹത്യാ ചിന്തയ്ക്ക് 8.5% മദ്യപാനത്തിന് 5.0% അപകടകരമായ മദ്യപാനത്തിന് 25.7%വിഷാദത്തിനും ആത്മഹത്യാ ചിന്തകൾക്കുമുള്ള ഏറ്റവും ശക്തമായ അപകട ഘടകം ഉയർന്ന തൊഴിൽ സമ്മർദ്ദമായിരുന്നു.

കേരളത്തിൽ, 2019 മുതൽ 2024 വരെയുള്ള കാലയളവിലെ അഞ്ച് വർഷത്തിനിടെ 81 പോലീസുകാർ ആത്മഹത്യ ചെയ്തു. ഇത് കൂടാതെ 15 ആത്മഹത്യാ ശ്രമങ്ങളും നടന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തു നടക്കുന്ന ആത്മഹത്യകളിൽ 90 ശതമാനവും ആളുകളും ഏതെങ്കിലും മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവരായിരുന്നു.

ഏറ്റവും പുതിയ കണക്കുകളനുസരിച്ചു 2016 മുതൽ 2025 വരെ കേരള പോലീസിൽ 137 പേർ ആത്മഹത്യ ചെയ്തു. അപ്പോൾ വേണ്ട സമയത്ത് മനശാസ്ത്ര ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഇവരിൽ നല്ലൊരു ശതമാനം ആളുകളെ രക്ഷിക്കാമായിരുന്നു എന്ന് സാരം.

2026 ൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്റർ കേരളത്തിലെ എറണാകുളം, മലപ്പുറം ജില്ലകളിലെ 15 പോലീസ് സ്റ്റേഷനുകളിൽ നിന്നായി 400 പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ 9.39% ആളുകളിൽ ആത്മഹത്യാ ചിന്തകളും, 4.11% ആളുകളിൽ ആത്മഹത്യാ പ്രവണതയും, 1.47% ആത്മഹത്യയും കണ്ടെത്തി.

ദിവസത്തിൽ 12 മണിക്കൂറിലധികം ജോലി ചെയ്യുന്നവരിലും, ജോലിസ്ഥലത്തെ ഹരാസ്മെന്റ് അനുഭവിച്ചവർ, മുൻപ് സൈക്കിയാട്രിക് ഇൽനെസ്സ് ഉണ്ടായിരുന്നവർ, സിവിൽ പോലീസ് ഓഫീസർസ് എന്നിവരിലാണ് ആത്മഹത്യാ ചിന്തകൾ കൂടുതലായി കണ്ടത്.

കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി ഡിപ്പാർട്മെന്റ് നടത്തിയ പഠനത്തിൽ 436 പോലീസ് ഉദ്യോഗസ്ഥരെ (371 പുരുഷൻമാർ, 65 സ്ത്രീകൾ) പരിശോധിച്ചപ്പോൾ 24% പേർ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നവരായിരുന്നു; 4% പേർ മെന്റൽ -ഹെൽത്ത് മെഡിസിൻസ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ പ്രധാന പ്രശ്നങ്ങളിൽ അമിതമായ ജോലിഭാരം, ശരിയായ ഡ്യൂട്ടി ഷെഡ്യൂൾ ഇല്ലായ്മ, അധിക ജോലിക്ക് മതിയായ പ്രതിഫലം ഇല്ലായ്മ, ഫാമിലി ടൈം കുറവ് എന്നിവയായിരുന്നു.

 

സ്റ്റേറ്റ് പോലീസ് കംപ്ലൈന്റ്സ് അതോറിറ്റി (SPCA) 2012-ൽ രൂപീകരിച്ചതിന് ശേഷം 2025 സെപ്റ്റംബർ വരെ 5,218 പരാതികൾ ലഭിച്ചു; അതിൽ 5,152 എണ്ണം തീർപ്പാക്കി, 66 എണ്ണം പെന്റിങ് ആയിരുന്നു. കസ്റ്റഡി മരണം, ശാരീരിക മർദ്ദനം തുടങ്ങിയ ഗുരുതര പരാതികളും സംസ്ഥാന അതോറിറ്റി പരിഗണിക്കുന്നു. SPCA അധ്യക്ഷൻ ജസ്റ്റിസ് V.K. മോഹനൻ 2025-ൽ വ്യക്തമാക്കിയതനുസരിച്ച്, SPCA-യ്ക്ക് പ്രധാനമായും റെക്കമെൻറ്റേഷൻ നൽകാനുള്ള അധികാരമാണ് മാത്രമാണ് ഉള്ളത്; ഡിസ്‌സിപ്ലിനറി ആക്ഷൻ നേരിട്ട് എൻഫോഴ്‌സ് ചെയ്യാനുള്ള അധികാരമില്ല എന്നത് പോരായ്മയാണ് .

ഇങ്ങനെ മാനസികമായി ഒട്ടും ഫിറ്റ് അല്ലാത്ത ഒരു വിഭാഗം ആളുകൾ കൂടി അടങ്ങുന്ന സേനയെ എങ്ങനെയാണ് നാട്ടിലെ ക്രമസമാധാന ചുമതല ഏല്പിക്കുക എന്നതാണ് ചോദ്യം. ഇപ്രകാരം അധികാരമുള്ളവരുടെ മുന്നിലേക്കാണ് അധികാരമില്ലാത്ത, സാധാരണക്കാരുടെ, വിദ്യാർഥികളുടെ ജീവിതം എത്തിപ്പെടുന്നത്.

രാഷ്ട്രീയ വൈരം തീർക്കാൻ അധികാരികൾ പോലീസുകാരെ ഉപയോഗിക്കുക കൂടി ചെയ്യുമ്പോൾ അതവർക്ക് നഗ്നമായ അധികാരം പ്രയോഗിക്കാനുള്ള അനുമതിയായി മാറുന്നു. നമ്മൾ തുടക്കത്തിൽ പറഞ്ഞ ഡിസ്പ്ലേസ്മെന്റ് എന്ന ഡിഫെൻസ് മെക്കാനിസം ഇവിടെയാണ് പ്രവർത്തിക്കുക.

അവരുടെ ഫ്രസ്ട്രേഷൻ സാധാരണക്കാരുടെ അടുത്ത് പ്രകടിപ്പിക്കുമ്പോളാണ് പോലീസുകാർ ഗുണ്ടകളായി മാറുന്നത്. സ്റ്റേറ്റ് പോലീസ് കംപ്ലൈന്റ്സ് അതോറിറ്റിയുടെ മുന്നിൽ ചെന്നിരിക്കുന്ന അയ്യായിരത്തിലധികം പരാതികൾ ചെല്ലുന്നതിനു പ്രധാന കാരണമായി മാറുന്നതും ഈ പെരുമാറ്റമാണ്. എല്ലാ പോലീസുകാരും ഇങ്ങനെയാണെന്നല്ല, പക്ഷെ ഒരു ചെറിയ ശതമാനം ചെയ്തു വയ്ക്കുന്ന കുഴപ്പങ്ങൾക്ക് ചീത്തപ്പേര് കേൾക്കേണ്ടി വരുന്നത് മുഴുവൻ ഡിപ്പാർട്മെന്റുമാണ്.

ഇങ്ങനെ അമിതാധികാരം ലഭിക്കുന്ന പോലീസിലെ ഒരാൾക്ക് ഗ്രാൻഡിയോസിറ്റി എന്ന അവസ്ഥയുണ്ടാകാൻ സാധ്യത കൂടുതലാണ്. ഗ്രാൻഡിയോസിറ്റി എന്നത് ഒരാൾക്ക് തന്റെ പ്രാധാന്യം, അധികാരം, കഴിവ്, സ്ഥാനം എന്നിവയെ യാഥാർത്ഥ്യത്തേക്കാൾ വളരെ ഉയർന്നതായി കാണുന്ന മാനസിക പ്രവണതയാണ്.

ഇവിടെ ഈ വ്യക്തി ഗ്രാൻഡിയോസ് സെൽഫ് ഇമേജിലാണ് ജീവിക്കുക. ഞാൻ മറ്റുള്ളവരേക്കാൾ അധികാരമുള്ള/പ്രധാനപ്പെട്ട വ്യക്തിയാണ് എന്ന ബോധ്യമാണ് അയാളെ നയിക്കുക. ഇതിനു നല്ല ഉദാഹരണമാണ് സുരേഷ് ഗോപിയുടെ പല പോലീസ് കഥാപാത്രങ്ങളും.

ജനപ്രതിനിധികളെ അഴിമതിക്കാരാക്കി ചിത്രീകരിക്കുന്ന കഥയിൽ രക്ഷകനായി അവതരിക്കുന്ന സൂപ്പർ ഹീറോ ആയി പോലീസുകാരൻ വരുന്നു. ജനാധിപത്യത്തെ ഇളക്കി അവിടെ പോലീസ് സ്റ്റേറ്റ്നെ, പ്രതിഷ്ഠിക്കുന്ന പ്രതിലോമകരമായ പണിയാണ് ഈ സിനിമകൾ ചെയ്യുന്നത്. നാർസിസിസ്റ്റിക് ട്രെയിട്സ് ഉള്ള ചിലർ ഈ സിനിമകൾ കണ്ട് ഭരത്ചന്ദ്രൻമാർ ആകാൻ ശ്രമിക്കുമ്പോളാണ് നമ്മുടെ ജനാധിപത്യവ്യവസ്ഥക്ക് ഒട്ടും ചേരാത്ത കന്റോൺമെന്റ് എസ്.എച്.ഒയെയും എസ്.ഐയും പോലെയുള്ള പോലീസുകാർ ഉണ്ടാകുന്നത്. ചിലർ ‘വളർന്നു’ ജയറാം പടിക്കൽ വരെ ആകുന്നു.

മേൽപ്പറഞ്ഞ പഠനങ്ങൾ സൂചിപ്പിക്കുന്നത്ത് കേരള പോലീസിൽ ഏകദേശം പതിനാല് ശതമാനത്തോളം ആളുകൾ ആത്മഹത്യാ ചിന്തകളും, ആത്മഹത്യാ പ്രവണതകളുമായി നിലവിലുണ്ട് എന്നാണ്. അവരുടെ ജീവൻ രക്ഷിക്കാനായി അടിയന്തിരമായി സർക്കാർ ഇടപെടേണ്ട കാര്യമാണിത്.

അത് കൂടാതെ തന്നെ സർക്കാർ സംവിധാനം, മറ്റു മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന പോലീസുകാർക്ക് കൃത്യമായ മനഃശാസ്ത്രജ്ഞരുടെയും മനോരോഗവിദഗ്ധരുടെയും സേവനം ഉറപ്പാക്കുകയും ഇവരെ യാഥാർഥ്യബോധത്തിലേക്ക് എത്തിക്കുകയും ചെയ്യേണ്ടതുണ്ട്.

നാർസിസിസ്റ്റിക്ക് പേഴ്സണാലിറ്റി ഡിസോർഡർ പോലെയുള്ള പ്രശ്നങ്ങൾ നേരിടുന്നവരെ, പ്രത്യേകിച്ച് ഗ്രാൻഡിയോസ് നാർസിസിസം ഉള്ള ഒരു വ്യക്തി പോലീസിൽ ക്രമസമാധാനപാലനത്തിന്റെ ഉന്നത സ്ഥാനത്ത് എത്തിയാൽ അത് സമൂഹത്തിനും കൂടി അപകടകരമായിത്തീരും. അങ്ങനെയുള്ളവരെ ക്രമസമാധാന ചുമതലയിൽ നിന്നും പൂർണമായും മാറ്റി നിറുത്തേണ്ടതുണ്ട്.

2021 ൽ യു എസിലെ ജേഴ്സി സിറ്റി പോലീസ് ഡിപ്പാർട്മെന്റ് ലെ മുൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ജെ.ആറിന്റെ കേസ് (യഥാർത്ഥ പേര് കോടതി വെളിപ്പെടുത്തിയിട്ടില്ല) ഇപ്പോളത്തെ കേരളത്തിലെ സംഭവങ്ങളുമായി ചേർത്ത് വായിക്കാവുന്നവയാണ്.

2015-ൽ ഒരു സ്ത്രീ ജെ.ആർ-ന്റെ സോഷ്യൽ മീഡിയ ആക്ടിവിറ്റി സംബന്ധിച്ച് പരാതി നൽകി. അന്വേഷണത്തിനിടെ സെർജന്റ് മാർക് ഗിഗാന്റെ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 52 പോളിസി വയലേഷൻസ് കണ്ടെത്തി. അവയിൽ ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിച്ചുള്ള ചിത്രങ്ങൾ, പോലീസ് വാഹനങ്ങൾ, ആയുധങ്ങൾ, യൂണിഫോം ധരിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ ഉൾപ്പെട്ടിരുന്നു.

ഒരു പോസ്റ്റിൽ ജെ.ആർ യൂണിഫോം ധരിച്ച് മിഡിൽ ഫിംഗർ കാണിക്കുകയും വംശീയ /അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. മറ്റു പോസ്റ്റുകളിൽ അദ്ദേഹം സ്വയം: “ഡെയ്ഞ്ചറസ് ബീസ്റ്റ്” ചെന്നായ/സിംഹം പോലെയുള്ള ഇരപിടിയൻ എന്ന രീതിയിൽ അവതരിപ്പിക്കുകയും സാധാരണ പൗരന്മാരെ ആടുകൾ ആയി ചിത്രീകരിക്കുകയും അവരെ സ്റ്റാൾക്/പ്രെ ചെയ്യുന്നതുപോലുള്ള ആശയം പ്രകടിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി.

കോടതി നിർദേശപ്രകാരം 2015 ഏപ്രിൽ 24-ന് ഡോ. ലെവിസ് സെഡ്. സ്ക്ലോസ്സെർ, വിശദമായ ഫിറ്റ്നസ് ഫോർ ഡ്യൂട്ടി പരിശോധന നടത്തുകയും അദ്ദേഹത്തിൽ ഹിസ്ട്രിയോണിക്ക് പേഴ്സണാലിറ്റി ഡിസോർഡർ ട്രെയിട്സ് ഉം നാർസിസ്സിസ്റ്റിക് പേഴ്സണാലിറ്റി ട്രെയിട്സ്ഉം
ഉണ്ടെന്ന് കണ്ടെത്തി. ഇദ്ദേഹത്തിൽ എംപതി ഇല്ലായ്മ, ഇമ്പൾസീവ് സ്വഭാവം, ടീം വർക്കിലെ പോരായ്മ എന്നിവയും കണ്ടെത്തി.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിൽ കയറി പൊലീസ് അതിക്രമം

 

2016 ൽ കോടതി ഡോ. ബെറ്റി മക്ലെൻഡൻ എന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ഉപയോഗിച്ച് വീണ്ടും ജെ.ആർ ന്റെ ഫിറ്റ്നസ് ഇവാലുവേഷൻ നടത്തി. 2016 മേയ് 24 ലെ റിപ്പോർട്ടിൽ അവർ ജെ.ആർ ന് നാർസിസ്സിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടെന്ന് ഡയഗ്നോസ് ചെയ്തു. ഡോ. മക്ലെൻഡൻ ജെ.ആർ ന്റെ സോഷ്യൽ മീഡിയ ബിഹേവിയർ പരിശോധിച്ച ശേഷം “ഗ്രാൻഡിയോസ്‌ ഐഡിയൽസ് ” ഉണ്ടെന്ന് വിലയിരുത്തി.

അവരുടെ വിലയിരുത്തൽ പ്രകാരം ഈ ഗ്രാൻഡിയോസ്‌ ഐഡിയ ചിലപ്പോൾ അഗ്ഗ്രസിവ് ആയിരുന്നു യഥാർഥ്യത്തിൽ നിന്ന് അകന്നതും ആയിരുന്നു. അവർ ജെ .ആർ നെ നോട്ട് ഫിറ്റ് ഫോർ ഡ്യൂട്ടി എന്ന് കണ്ടെത്തി.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ സൈക്കോളജിക്കൽ കണ്ടിഷൻ പോലീസ് ഓഫീസർ എന്ന നിലയിൽ സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ടായിരുന്നു. അദ്ദേഹം ജെ .ആർനെ: “നോട്ട് ഫിറ്റ് ഫോർ ഡ്യൂട്ടി വിത്ത് ലിറ്റിൽ ചാൻസ് ഓഫ് റിക്കവറി ” എന്ന നിലയിൽ വിലയിരുത്തി. ഒടുവിൽ ജെ സി പി ഡി അദ്ദേഹത്തെ പോലീസ് ഡ്യൂട്ടിയ്ക്ക് സൈക്കോളജിക്കലി അൺഫിറ്റ് എന്ന് കണക്കാക്കി 2016-ൽ സർവീസ്ൽ നിന്ന് പുറത്താക്കി.

ഇനി കേരളത്തിൽ കന്റോൺമെന്റ് എസ്.എച്.ഒ ഫേസ്ബുക്കിൽ പ്രകോപനപരമായി ഇടുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത പോസ്റ്റ് ഓർമിക്കുക. അതായത് ക്രമസമാധാനപാലനം ജോലി ആയിട്ടുള്ള വ്യക്തി തന്നെ സോഷ്യൽ മീഡിയ വഴി പ്രകോപനപരവും, മേൽപ്പറഞ്ഞ സംഭവത്തിലേതു പോലെ താൻ വലിയ സംഭവമാണ് തീയിൽ കുരുത്തതാണ് എന്നൊക്കെ പറഞ്ഞു പോസ്റ്റ്‌ ഇടുന്നത് ഗ്രാൻഡിയോസ്‌ ഐഡിയ തന്നെയാണ് കാണിക്കുന്നത്.

സംസ്ഥാന തലസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ്, സെക്രട്ടേറിയറ്റ് എന്നിങ്ങനെ അതീവ സുരക്ഷ ആവശ്യമുള്ള സ്ഥലത്തിന്റെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള സ്ഥാനത്തിരിക്കാൻ ഇദ്ദേഹം മാനസികമായി ഫിറ്റ് ആണോ എന്നതടക്കം സർക്കാർ പരിശോധിക്കേണ്ടതുണ്ട്.

ഇനി ഒരു വിദ്യാർത്ഥിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്ന, അയാളുടെ അമ്മ മാത്രം വീട്ടിലുള്ളപ്പോൾ 2വണ്ടി പോലീസുമായി വീട്ടിലേക്ക് ഇരച്ചു കയറുന്ന പോലീസ് സബ് ഇൻസ്‌പെക്ടറും കന്റോൺമെന്റ് എസ്.എച്.ഒയും ആരുടെ സ്വത്തിനും ജീവനുമാണ് സംരക്ഷണം നൽകുക? ഇതിനെയാണ് എംപതി ഇല്ലായ്മ എന്നും ഇമ്പൾസീവ് സ്വഭാവം എന്നും പറയുക. എസ് .ഐയുടെ ഭീഷണിക്കിരയായ എസ്.എഫ്.ഐ ജില്ലാസെക്രട്ടറി നന്ദൻ 2026 ഒക്ടോബർ 5ന് കേരള ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. ജെ.ആർ ന്റെ കേസിലും സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ പരാതിയാണ് മേൽപ്പറഞ്ഞ കോടതി നടപടിക്കൾക്കെല്ലാം തുടക്കം കുറിച്ചത്.

ഇത് കേവലം ഒരാളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല എന്നതാണ് പോലീസിനെതിരായ പരാതികളുടെ ബാഹുല്യം സൂചിപ്പിക്കുന്നത്. ആത്മഹത്യ ചെയ്യാൻ തയ്യാറായി നിന്നവരെ അനുനയിപ്പിച്ചു അതിൽ നിന്നും പിന്തിരിപ്പിക്കുന്ന പോലീസുകാർ കൂടിയുള്ള നാടാണിത്. അത് കൊണ്ട് തന്നെ പുഴുക്കുത്തുക്കളെ പുറത്ത് കളയേണ്ടതും, മാനസിക പ്രശ്നങ്ങൾ ഉള്ളവരെ ശരിയായ ചികിത്സയ്ക്ക് വിധേയരാക്കേണ്ടതും സംസ്ഥാനത്തിന്റെ ശരിയായ ക്രമസമാധാനപാലനത്തിന് അത്യാവശ്യമാണ്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് യു.എസ് കോടതി നൽകിയ ഉത്തരം മുന്നിലുണ്ട്. കോടതി മാത്രമല്ല സർക്കാരും കൂടി ഇടപെട്ടാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.

Content Highlight:When the police themselves become criminals… how do ‘Bharathchandrans’ emerge within the force?