പാകിസ്ഥാനെ തൂക്കി ലോക റെക്കോഡ്; പുതിയ ചരിത്രമെഴുതി വിന്‍ഡീസ് താരം
Cricket
പാകിസ്ഥാനെ തൂക്കി ലോക റെക്കോഡ്; പുതിയ ചരിത്രമെഴുതി വിന്‍ഡീസ് താരം
സുദേവ് എ
Tuesday, 28th July 2026, 8:36 am

ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് താരം ജസ്റ്റിന്‍ ഗ്രീവ്‌സ്. പാകിസ്ഥാനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഗ്രീവ്‌സ് ചരിത്രത്തില്‍ തന്റെ പേര് രേഖപ്പെടുത്തിയത്.

ഗ്രീവ്‌സ് ഈ അഞ്ച് വിക്കറ്റും നേടിയ ഓവറുകളിലൊന്നും ഒരു റണ്‍സ് പോലും വിട്ടു നല്‍കിയിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു താരം അഞ്ച് മെയ്ഡന്‍ ഓവറുകളില്‍ ഓരോ വിക്കറ്റ് നേടുന്നത്.

പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സില്‍ 64, 66, 68, 70, 72 എന്നീ ഓവറുകളിലാണ് ഗ്രീവ്സിന്റെ അഞ്ച് വിക്കറ്റ് നേട്ടം. 64ാം ഓവറില്‍ സെഞ്ച്വറി (109) നേടിയ ഷാന്‍ മസൂദിനെയാണ് ഗ്രീവ്‌സ് ആദ്യം പുറത്താക്കിയത്.

പിന്നീട് ആമര്‍ ജമാല്‍(3), അലി ഉസ്മാന്‍(0) എന്നിവരെയും മടക്കി അയച്ചു. മുഹമ്മദ് റിസ്വാന്‍(12), മുഹമ്മദ് അബ്ബാസ്(0) എന്നിവരെ പുറത്താക്കി താരം ഫൈഫര്‍ വിക്കറ്റ് നേട്ടത്തിലെത്തി.

ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 282 റണ്‍സിനാണ് ഓള്‍ ഔട്ടായത്. ഗ്രീവ്സിന്റെ ഫൈഫര്‍ നേട്ടത്തിന് പുറമെ കാമര്‍ റോഷ്, ഷമര്‍ ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും ജെയ്‌നന്‍ സീല്‍സ് ഒരു വിക്കറ്റും സ്വന്തമാക്കി. പാകിസ്ഥാനായി 109 റണ്‍സ് നേടി ഷാന്‍ മസൂദ് ടോപ് സ്‌കോറര്‍ ആയപ്പോള്‍ ഇമാം ഉള്‍ ഹഖ് 63 റണ്‍സും സ്വന്തമാക്കി.

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ കരീബിയന്‍ പട 311 റണ്‍സാണ് നേടിയത്. വിക്കറ്റ് കീപ്പര്‍ സഹായ ഹോപ് 92 റണ്‍സ് നേടിയപ്പോള്‍ കെവാം ഹോഡ്ജെ 83 റണ്‍സും നേടി കരുത്തുകാട്ടി.

പാക് ബൗളിങ്ങില്‍ മുഹമ്മദ് അലി നാല് വിക്കറ്റും മുഹമ്മദ് അബ്ബാസ് മൂന്ന് വിക്കറ്റും വീഴ്ത്തി തിളങ്ങി. ഖുറം ഷെഹ്സാദ് രണ്ട് വിക്കറ്റും ആമിര്‍ ജമാല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് എന്ന നിലയിലാണ്. മുഹമ്മദ് അബ്ബാസ് മൂന്ന് വിക്കറ്റും ഖുറം ഷെഹ്സാദ് രണ്ട് വിക്കറ്റും മുഹമ്മദ് അലി, ആമിര്‍ ജമാല്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റും നേടി തിളങ്ങി. വിന്‍ഡീസിന് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 155 റണ്‍സ് ലീഡുണ്ട്.

 

Content Highlight: West Indies player Justin Greaves creates new history in Test cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.