ഒളിമ്പിക്‌സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്. പാരിസ് ഒളിമ്പിക്‌സില്‍ ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെ ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിന്റെ ഭാരം 100 ഗ്രാം കൂടിയെന്ന കാരണം പറഞ്ഞാണ് ഒളിമ്പിക്സ് കമ്മിറ്റി താരത്തെ അയോഗ്യയാക്കിയത്.
അതില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിന്റെ ഇടയില്‍ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ സെലിബ്രറ്റികള്‍. അഭിനേതാക്കളായ ആലിയ ഭട്ട്, സമാന്ത രുത്ത് പ്രഭു, പാര്‍വതി തിരുവോത്ത്, ഫര്‍ഹാന്‍ അക്തര്‍, കരീന കപൂര്‍, തപ്സി പന്നു, ഫാത്തിമ സന ഷെയ്ഖ്, രാകുല്‍പ്രീത് സിങ് തുടങ്ങിയ നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്.
ആലിയ ഭട്ട്
‘വിനേഷ് ഫോഗട്ട്, നിങ്ങള്‍ രാജ്യത്തിനാകെ ഒരു പ്രചോദനമാണ്. ഒന്നിനും നിങ്ങളുടെ സഹിഷ്ണുത ഇല്ലാതാക്കാന്‍ കഴിയില്ല, ഒന്നിനും നിങ്ങളുടെ ധൈര്യം കവര്‍ന്നെടുക്കാന്‍ സാധിക്കില്ല, ചരിത്രം സൃഷ്ടിക്കാന്‍ നിങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ ഒന്നിനും കഴിയില്ല.
ഇന്ന് നിങ്ങള്‍ ഹൃദയം തകര്‍ന്നിരിക്കുകയാകും, ഞങ്ങളും നിങ്ങളോടൊപ്പം ഹൃദയം തകര്‍ന്നിരിക്കുകയാണ്. നിങ്ങള്‍ സ്വര്‍ണമാണ് – നിങ്ങള്‍ ഇരുമ്പും ഉരുക്കുമാണ്. നിങ്ങളില്‍ നിന്ന് അത് എടുത്തുകളയാന്‍ യാതൊന്നിനും കഴിയില്ല. നിങ്ങളെപ്പോലെ മറ്റാരുമില്ല’ ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പാര്‍വതി തിരുവോത്ത്
വിനേഷ് നിങ്ങളാണ് ഞങ്ങളുടെ ഗോള്‍ഡ് മെഡല്‍. നിങ്ങള്‍ വിജയിയാണ്. ഞാന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു, ഒപ്പം നില്‍ക്കുന്നു’ പാര്‍വതി തിരുവോത്ത് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.
